കൊച്ചി: ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ച് ജസ്റ്റിസ് കൃഷ്ണയ്യര്‍ നടത്തിയ ഇടപെടലുകള്‍ ഭാരത നീതിന്യായ സംവിധാനത്തിന് മാതൃകയായി മാറിയെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ബി.ആര്‍. ഗവായ്. ശാരദ കൃഷ്ണ സദ്ഗമയ ഫൗണ്ടേഷന്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് സംഘടിപ്പിച്ച 11-ാമത് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ സ്മാരക നിയമപ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൗലികാവകാശങ്ങളുടെയും നിര്‍ദേശക തത്വങ്ങളുടെയും സന്തുലനത്തില്‍ വി.ആര്‍. കൃഷ്ണയ്യരുടെ പങ്ക് എന്നതായിരുന്നു പ്രഭാഷണ വിഷയം.
സാമൂഹിക നീതി ഉറപ്പാക്കാന്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയ ജസ്റ്റിസ് കൃഷ്ണയ്യരുടെ ഉത്തരവുകള്‍ തന്നെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനായി ഭാരത നീതിന്യായ സംവിധാനത്തെ അദ്ദേഹം നവീകരിച്ചു.
പരിസ്ഥിതി സാമൂഹിക വിഷയങ്ങളില്‍ സുപ്രധാനമായ വിധിന്യായങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. മനുഷ്യാവകാശ സംരക്ഷണത്തിന്റെ ചാമ്പ്യനായിരുന്നു അദ്ദേഹം. സാമൂഹികശ്രേണിയിലെ ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യരോട് അനുകമ്പയോടെയുള്ള ഇടപെടലാണ് എന്നും ഉണ്ടായതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട മനുഷ്യരുടെ ആശ്രയ കേന്ദ്രമായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യരെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ പറഞ്ഞു. വഹിച്ച ഓരോ റോളിലും പുരോഗമനപരമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അഭിഭാഷകന്‍, ന്യായാധിപന്‍, നിയമസഭാംഗം, മന്ത്രി തുടങ്ങിയ പദവികളില്‍ സമൂഹത്തോടുള്ള പ്രതിബദ്ധതയോടെ സേവനം ചെയ്തു. ഒരോ വിഷയത്തിലും അനുകമ്പയോടെ ഇടപെട്ട അദ്ദേഹം തന്നെ തേടിയെത്തിയവരുടെ ഹൃദയത്തിലാണ് ഇടം നേടിയതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. എസ്‌കെഎസ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍, സെക്രട്ടറി അഡ്വ. സനന്ദ് രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ചുമതല ഏറ്റെടുത്തശേഷം ആദ്യമായാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ് കേരളത്തിലെത്തുന്നത്.











