ദുബായ്: ആഗോള മാധ്യമമായ ദി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഉപദേശക വിഭാഗം ‘വാഷിംഗ്ടണ്‍ പോസ്റ്റ് ഇന്റലിജന്‍സി’ന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & ടെക്‌നോളജി കൗണ്‍സിലിലേക്ക് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ്എംഡി അദീബ് അഹമ്മദിനെ തിരഞ്ഞെടുത്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയിലൂടെ ആഗോള നയരൂപീകരണത്തിനും വ്യവസായ നവീകരണത്തിനുമായി അന്താരാഷ്‌ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരുടെ കൂട്ടായ്‌മയാണിത്. ലോകമെമ്പാടുമുള്ള പ്രമുഖ ബിസിനസ് മേധാവികളും സാങ്കേതിക വിദഗ്ധരുമാണ് ഈ കൗണ്‍സിലില്‍ ഉള്ളത്.
ഗള്‍ഫ് മേഖലയില്‍ നിന്ന് ഈ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ബിസിനസ്, നേതാക്കളില്‍ ഒരാളാണ് അദീബ് അഹമ്മദ്. അദീബ് അഹമ്മദിന്റെ നേതൃത്വത്തില്‍ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ജിസിസി ഇന്ത്യന്‍ ഉപഭൂഖണ്ഡം, ഏഷ്യാ പസഫിക് മേഖലകളില്‍ അതിവേഗം വളരുന്ന സാമ്പത്തിക സേവന ഗ്രൂപ്പുകളിലൊന്നാണ്. ആഗോള ബിസിനസിന്റെയും സാമ്പത്തിക രംഗത്തിന്റെയും അനുഭവങ്ങള്‍ ഈ കൗണ്‍സിലില്‍ പങ്കുവെക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നിയമനത്തെ കുറിച്ച് അദീബ് അഹമ്മദ് പ്രതികരിച്ചു.











