വിദ്യാര്‍ത്ഥി ജീവിതത്തിന്റെ ദാരുണവും ഭയാനകവും ഹൃദയഭേദകവുമായ ദൃശ്യങ്ങളാണ് പലപ്പോഴായി പുറത്തുവരുന്നത്. പകര്‍ച്ചവ്യാധിപോലെ നിര്‍വികാര മായ ഒരു ജനസമൂഹത്തെയാണ് കേരളത്തില്‍ കാണുന്നത്. വിദ്യാഭ്യാസ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന ഈ മൂഢത്വത്തെ ആരും ഗൗരവമായി കാണുന്നില്ലെന്ന് മാത്രമല്ല യാഥാര്‍ഥ്യങ്ങളെ ഒളിപ്പിച്ചുവെക്കുകയും കുറ്റവാളികള്‍ക്ക് വേണ്ടുന്ന എല്ലാം ഒത്താ ശയും ചെയ്തുകൊടുക്കുന്നു. അച്ചടക്കവും അനുസരണയും വിദ്യാപീഠങ്ങളില്‍ നിന്ന് മാത്രമല്ല സ്വന്തം വീടുകളില്‍നിന്നുമുണ്ടാകണം. അതിന് മാതാപിതാക്കളും കുട്ടികളും തമ്മില്‍ ഊഷ്മളമായ സ്നേഹബന്ധമുണ്ടാകണം. അറിവിന്റെ വിശാലലോകത്തേക്ക് സഞ്ചരിക്കേണ്ട കുട്ടികള്‍ മയക്കുമരുന്നിന് അടിമകള്‍ മാത്രമല്ല, അമേരിക്കയില്‍ കുട്ടികള്‍ തോക്കുമായി സ്കൂളില്‍ പോകുന്നതുപോലെ മാരകായുധങ്ങളുമായി സ്കൂളില്‍ പോകുന്നത് പണക്കൊഴുപ്പാണോ അതോ അധികാര ഇടനാഴികളിലെ സ്വാധീനമാണോ?
ചെറുപ്പത്തില്‍ എന്നെപ്പോലുള്ളവര്‍ സ്കൂള്‍ മത പഠനങ്ങള്‍ നടത്തിയത് നല്ലവരായി, നല്ല മനുഷ്യരായി ജീവിക്കാനാണ്. ഒരു കുട്ടി കുറ്റവാളിയായി മുദ്രകുത്തിയാലും-മത-രാഷ്ട്രീയ-അധ്യാപക-രക്ഷിതാക്കള്‍ ഉത്തരവാദിത്വത്തില്‍ ഒളിച്ചോടുന്നത് കാണാം. അധ്യാപകര്‍ നിസ്സംഗത തുടരുന്നു. കൊല്ലപ്പെട്ടുകഴിയുമ്പോള്‍ വാഴ്ത്തിപ്പാടാനും ചരമഗീതങ്ങള്‍ പാടാനും റീത്തുവെക്കാനും ഈ കൂട്ടര് ഒഴുകിയെത്തുന്നു. ഒരാള്‍ എരിഞ്ഞമരുമ്പോള്‍ വീണ്ടും വരുന്നു കൊലപാതകം. ദൈവത്തിന്റെ നാട് പിശാചിന്റെ നാടായി മാറിയോ?
നമ്മുടെ കലാലയങ്ങളില്‍ എന്താണ് സംഭവിക്കുന്നത്? സര്‍ക്കാര്‍ രാഷ്ട്രീയത്തിന തീതമായി ഇടപെ ടണം. സ്വന്തം മകനോ മകള്‍ക്കോ ഈ ദുരവസ്ഥ വന്നാല്‍ എന്തുചെയ്യും?
ജുവനൈല്‍ നിയമങ്ങള്‍ക്ക് മുഖമില്ല. നിയമങ്ങള്‍ സമൂഹത്തിന് വെളിച്ചം നല്കുന്നതാകണം. കോടതിക്ക് തെളിവുകളല്ലേ ആവശ്യം? പ്രായമെന്ന പരിഗണനയില്‍ പരിരക്ഷ കൊടുക്കരുത്. അത് കുറ്റം ചെയ്യാതിരിക്കാന്‍ കുട്ടികുറ്റവാളികള്‍ക്ക് നല്കുന്ന വലിയ സന്ദേശമാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടില്ലെങ്കില്‍ കുറ്റം പെരുകക തന്നെ ചെയ്യും. പൊലീസ് അകമ്പടിയില്‍ സ്വന്തം സഹപാഠിയെ നഞ്ചക്കിനടിച്ചു കൊലപ്പെടുത്തിയിട്ടും പരീക്ഷ എഴുതാന്‍ അവസരം ലഭിക്കുന്നു. കൊടുംകുറ്റവാളികള്‍ക്ക് കുടപിടിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ദിശാബോധം, സാമൂഹിക നീതി അറിവോ അറിവില്ലായ്മയോ എന്നത് സമൂഹത്തിലുയരുന്ന ചോദ്യമാണ്. ഷഹബാസിന്റെ കൊലയാളികളില്‍ ഒരാള്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകനെന്നുള്ളതും എത്ര ഭയാനകമാണ്. സഹപാഠികളെ തല്ലുക, കൊല്ലുക, പെണ്‍കുട്ടികളെ അപമാനിക്കുക തുടങ്ങിയവയൊക്കെ ചെയ്യുന്ന കാട്ടാള സ്വഭാവമുള്ള ക്രിമിനലുകളെ പരീക്ഷയെഴുതിയും പാലൂട്ടിവളര്‍ത്തികൊണ്ട് വരുന്നത് രാജ്യസേവനത്തിനാണോ? അതോ സമൂഹത്തില്‍ ഇതുപോലുള്ള ശവസംസ്കാരം നടത്താനോ?
കുട്ടികള്‍ എന്തുകുറ്റം ചെയ്താലും അതിനെ ശിശുമനസ്സായി കാണുന്നതുകൊണ്ടാണ് കുറ്റവാസന കൂടുന്നത്. നിയമ മനഃസാക്ഷിയും നിയമങ്ങളുമാണ് ഉണരേണ്ടത്. അതിന് ആദ്യം വേണ്ടത് ജുവനൈല്‍ നിയമങ്ങള്‍ പൊളിച്ചെഴുതണം. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി കൊലപാതകം ചെയ്താല്‍ എഫ് ഐആര്‍ ഇടാന്‍ നിയമമില്ലാതെ എസ്ബിആര്‍ (സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് റിപ്പോര്‍ട്ട്) മൂലം കുറ്റവാളികള്‍ രക്ഷപ്പെടുന്നു. ചെറിയവരോ വലിയവരോ എന്നതിനേക്കാള്‍ കുറ്റത്തിന് ശിക്ഷ കിട്ടണം. ഇല്ലെങ്കില്‍ കത്തിയമരുന്ന ചിതകള്‍ ഇനിയും കാണേണ്ടി വരും. മൊബൈല്‍ ഡിജിറ്റല്‍ യുഗം വന്നതോടെ കുറെ കുട്ടികള്‍ പാഠപുസ്തകങ്ങളില്‍ നിന്നകന്ന് മനോവൈകല്യമുള്ളവരായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ബോധവല്‍ക്കരണ ക്ലാസുകള്‍ അനിവാര്യമാണ്. പല സ്വദേശ വിദേശ കച്ചവട ആധുനിക സിനിമകളും സീരിയലുകളും കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. ഒരു കുട്ടിയെ നൊന്തു പ്രസവിച്ച ഒരമ്മയുടെ കുഞ്ഞ് കൊല്ലപ്പെടുമ്പോള്‍ ആ ഹൃദയത്തിലുള്ള മുറിവ് ആര്‍ക്കെങ്കിലുമുണക്കാന്‍ സാധിക്കുമോ?
കേരളത്തിലെ കലാലയങ്ങളില്‍ പലപ്പോഴും കാണുന്നത് കുറെ കുട്ടി നേതാക്കളുടെ വിഹാരരംഗമാണ്. ഇവര്‍ വിദ്യാലയങ്ങളില്‍ വരുന്നത് പഠിക്കാനാണോ അതോ രാഷ്ട്രീയ ഗുണ്ടായിസം നടത്താനോ? കുട്ടികളുടെ ഭാവി തകര്‍ക്കുന്നതില്‍ അധ്യാപക സംഘടനകള്‍ക്കും, വിദ്യാഭ്യാസ വകുപ്പിനും വലിയൊരു പങ്കുണ്ട്. കുട്ടികള്‍ ചെയ്യുന്ന കുറ്റത്തിന് സാക്ഷ്യം വഹിക്കുന്ന ഈ കൂട്ടര് പൊതുജനത്തിന്റെ നികുതിപ്പണം ശമ്പളമായി വാങ്ങി പഠനമാണോ പ്രോല് സാഹിപ്പിക്കുന്നത് അതോ രാഷ്ട്രീയ അജണ്ടകളോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: