കൊച്ചി: ആഴക്കടല്‍ മണല്‍ ഖനനത്തിനെതിരായ കേരള നിയമസഭയിലെ സംയുക്ത പ്രമേയം ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന സമിതി അംഗം ഷോണ്‍ ജോര്‍ജ്. എറണാകുളം പ്രസ്ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീരദേശ ജനതയെ ഇടതുവലത് മുന്നണികള്‍ വഞ്ചിക്കുകയാണ്. ഖനനത്തെ എതിര്‍ക്കുന്നത് കേരള തീരത്തെ കരിമണല്‍ ഖനനം മറച്ചുവയ്ക്കാനാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ കേരള തീരത്ത് വര്‍ഷങ്ങളായി കരിമണല്‍ ഖനനം നടക്കുന്നുണ്ട്. കരിമണല്‍ ഖനനത്തെ തുടര്‍ന്ന് തീരദേശത്തുണ്ടായ നഷ്ടങ്ങള്‍ വ്യക്തമാക്കുന്നില്ല. മാസപ്പടി തുടരാനാണ് പ്രമേയം അവതരിപ്പിച്ച് സര്‍ക്കാര്‍ എതിര്‍പ്പറിയിക്കുന്നതെന്നും ഷോണ്‍ ജോര്‍ജ് കുറ്റപ്പെടുത്തി.
മാസപ്പടി കൈപ്പറ്റിയവരില്‍ വലതു മുന്നണിയുടെ നേതാക്കളുമുണ്ട്. ഇതാണ് സംയുക്ത പ്രമേയത്തിന് കാരണമായത്. അഞ്ച് വര്‍ഷത്തിനിടെ 50,000 കോടിയുടെ കരിമണല്‍ തോട്ടപ്പള്ളിയില്‍ നിന്ന് മാത്രം കടത്തി. പരിസ്ഥിതി ആഘാതത്തെക്കുറിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസും മുഖ്യമന്ത്രിയും മണല്‍ക്കൊള്ളക്കാരില്‍ നിന്ന് പണം കൈപ്പറ്റിയെന്നത് ഇതിലൂടെ തന്നെ വ്യക്തമാണ്. കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി വിഷയം വഴിതിരിച്ച് വിടാനാണ് ഹര്‍ത്താലടക്കം നടത്തി ഇവിടെ ശ്രമിക്കുന്നത്. മത്സ്യസമ്പത്തിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി തീരത്തെ പ്രകൃതിനാശത്തെക്കുറിച്ച് മിണ്ടുന്നില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ നടക്കുന്ന കരിമണല്‍ ഖനനം നിന്നുപോകുമെന്ന ഭയമാണ് ആഴക്കടല്‍ മണല്‍ ഖനനത്തിനെതിരായ നിലപാടിന് കാരണം. ഖനനത്തെ ഒരു പാരിസ്ഥിതിക പഠനം പോലും നടത്താതെയാണ് സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നത്. നാടിന് ദോഷം ചെയ്യുന്ന ഒരു പദ്ധതിക്കും ബിജെപി കൂട്ടുനില്‍ക്കില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: