ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ നൂറാം വര്‍ഷമാകുമ്പോള്‍ ആ സംഘടനയെക്കുറിച്ച് ഏറെ പഠിക്കുന്നത് എതിരാളികളാണെന്നതിലാണ് ഏറ്റവും സന്തോഷം. അവര്‍ പഠിക്കുന്നത് അറിയാനും അറിയിക്കാനുമല്ല, കൂടുതല്‍ തെറ്റിദ്ധരിപ്പിക്കാനാണെന്നത് വേറേ കാര്യം. എങ്കിലും വിരോധഭക്തിയെന്നൊന്നുണ്ടല്ലോ. അതുണ്ടാക്കുന്ന ഗുണം ചെറുതല്ല. എവിടെ നിന്റെ നാരായണന് എന്ന് ചോദിച്ച് വിഷ്ണുവിനെ അപഹസിച്ച് ഭക്തപ്രഹഌദന്റെ അച്ഛനായ അസുരന് ഹിരണ്യകശിപുവിന് മുന്നില്‍ നരസിംഹമായി പ്രത്യക്ഷപ്പെട്ട് മാറുപിളര്‍ത്തി മോക്ഷം കൊടുത്തത് ഹിരണ്യ കശിപുവിന്റെ വിരോധഭക്തിയിലൂടെയായിരുന്നല്ലോ, വിഷ്ണുപ്രസാദ ദര്‍ശന സാഫല്യം പ്രഹ്ലാദനെപ്പോലുള്ള അസുരകുലത്തിലെ നല്ലവര്‍ക്ക് കിട്ടുകയും ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘത്തിനെ പഠിക്കാന്‍ അടുത്തവരും എതിര്‍ക്കാന്‍ പഠിച്ചവരും ആ പ്രസ്ഥാനത്തിന്റെ ഭാഗമായതാണ് അനുഭവ ചരിത്രം. അതിനാല്‍ മുമ്പുപറഞ്ഞ സന്തോഷം വര്‍ദ്ധിക്കുന്നു.
എതിര്‍ക്കാന്‍ പഠിക്കുന്നവര്‍ കണ്ടുപിടിച്ചിട്ടുള്ള ഒരു വ്യാഖ്യാനം ഇതാണ്, അത് അവിടവിടെ ശബ്ദം കേള്‍പ്പിച്ചും തുടങ്ങി. ഉത്തര്‍ പ്രദേശിലേതിനേക്കാള് കൂടുതല്‍ ആര്‍എസ്എസ് ശാഖകളും പ്രവര്‍ത്തനവും ഉള്ള സ്ഥലമാണ് കേരളം. പക്ഷേ കേരളത്തില്‍ ആര്‍എസ്എസ്സിന് സ്വീകാര്യത കൊടുക്കാന്‍ സമൂഹം തയാറായിട്ടില്ല, ആര്‍എസ്എസ്സിനെ കേരളം തിരസ്കരിച്ചു, കേരളത്തില്‍ ആര്‍എസ്എസ്സിന് ഒരു എംഎല്‍എയെപ്പോലും സൃഷ്ടിക്കാനായില്ല, രാഷ്ട്രീയമായി സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ആര്‍എസ്എസ് എതിര്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റ് മതേതര സങ്കല്‍പ്പങ്ങളും സംവിധാനങ്ങളും ഉള്ളതിനാലാണ്… എന്നിങ്ങനെയാണ് ‘കണ്ടെത്ത’ലുകള്‍. വാസ്തവത്തില്‍ ഇതൊക്കെ നൂററിയാതെ നാവിട്ടടിക്കുമ്പോഴുണ്ടാകുന്ന അബദ്ധങ്ങളാണ്…
ആര്‍എസ്എസ് വിരുദ്ധ പ്രചാരണത്തിന് അവതരിപ്പിച്ച മറ്റ് എല്ലാ നാടകങ്ങളും പൊളിഞ്ഞപ്പോഴാണ് ഈ പുതിയ ‘കഥാരചന.’ ആര്‍എസ്എസ്സിന് കേരളത്തില്‍ സ്വീകാര്യത കുറവല്ല, കേരളീയ സമൂഹം ആ സംഘടനയെ തള്ളിയിട്ടില്ല. ആര്‍എസ്എസ്സിന്റെ ലക്ഷ്യം എംഎല്‍എയെ ഉണ്ടാക്കുകയല്ല. ഇപ്പറഞ്ഞ വിഷയങ്ങളില്‍ നടത്തുന്ന അടിസ്ഥാന രഹിതമായ പ്രചാരണമാണിതെന്ന് ആര്‍ക്കും ബോധ്യമാകുന്നതാണ്.
പക്ഷേ, കേരളത്തിലെ ആര്‍എസ്എസ്സിന്റെ ‘പരിമിതി’യെ അളക്കാനും മറ്റു ചില പ്രസ്ഥാനങ്ങളെ പരമാവധി പെരുക്കാനും ഉത്തര്‍പ്രദേശുപോലുള്ള സംസ്ഥാനത്തെ കേരളവുമായി താരതമ്യം ചെയ്യാന്‍ മുതിരുന്ന ആ മനസ്സുണ്ടല്ലോ അതിനെ അഭിനന്ദിക്കണം. കേരളത്തിനെ ഒരു കാര്യത്തിലും മറ്റു സംസ്ഥാനങ്ങളോട്, പ്രത്യേകിച്ച് ഗുജറാത്ത്, യുപി തുടങ്ങി ബിജെപി ഭരിക്കുന്ന സംഘ പരിവാര്‍ സ്വാധീനമുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് ശാഠ്യം പിടിക്കുന്നവര്തന്നെയാണ് യുപിയിലേക്ക് നോക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. യുപി എവിടെ, കേരളം എവിടെ എന്ന ഒരു താരതമ്യത്തിന് അവസരം കൂടിയാണിത്. ഏറ്റവും വലിയ സംസ്ഥാനം ഭൂവിസ്തൃതിയില്‍ രാജസ്ഥാനാണ്: 3,42,239 ചതുരശ്ര കിലോ മീറ്റര്‍. യുപിയുടേത് 2,43,286 ച.കി.മീറ്റര്‍. കേരളത്തിന്റേത് 38,863 ച.കി.മീ മാത്രം. യുപിയില്‍ ജനസംഖ്യ 19,98,12,341 ആണ്, 2023 ലെ കണക്ക് പ്രകാരം. കേരളത്തില്‍ 3,34,06,061 ആണ് ജനസംഖ്യ. യുപിയില്‍ നിന്ന് 80 ലോക്സഭാംഗങ്ങളുണ്ട്, കേരളത്തില്‍നിന്ന് 20. ചുരുക്കിപ്പറഞ്ഞാല്‍ അഞ്ച് കേരളമാണ് ഒരു യുപി. താരതമ്യം ചെയ്ത രണ്ടു സംസ്ഥാനങ്ങളുടെ ചില അടിസ്ഥാന വിവരങ്ങള്‍ പറഞ്ഞുവെന്നേയുള്ളു. ചിലരുടെ കാര്യം അങ്ങനെയാണ്. അവരുടെ പ്രചാരണം അന്ധമാകുമ്പോള്‍ അതിന്റെ അടിസ്ഥാന ലക്ഷ്യം ഏതു മാര്ഗ്ഗത്തിലായാലും വിജയം മാത്രമാകുമ്പോള്‍ യുക്തി ഇല്ലാതാകുന്നത് സ്വാഭാവികമാണ്. മഹാകവി കാളിദാസന്, അഭിജ്ഞാന ശാകുന്തളത്തില്‍ കാമികളെ, പ്രണയികളെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്: ‘സ്വതയിലേ കണ്ണുള്ളു കാമിക്കുതാന്’ എന്ന് ആറ്റൂര്‍ അതിനെ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. കാമികള്‍ (പ്രണയികള്‍) എന്തും അവര്‍ക്ക് അനുകൂലമായി വ്യാഖ്യാനിച്ച് സമാധാനിക്കും എന്നാണ് അര്‍ത്ഥം. ‘കാമി’കള്‍ എന്നത് ‘കമ്മി’കള്‍ എന്ന് വ്യാഖ്യാനിച്ചാലും തെറ്റില്ല എന്നതാണ് കാളിദാസ കവിത്വത്തിന്റെ കാലാതിവര്‍ത്തിത്വം എന്ന് കാളിദാസ കവിയെ അനുകൂലിക്കേണ്ടിവരുന്ന ഘട്ടത്തില്‍ അക്കൂട്ടര്‍ വേണ്ടിവന്നാല്‍ വാദിച്ചുകളയും. പക്ഷേ, കാളിദാസനെ കാലത്തിന്റെ ദാസനായി കമ്മ്യൂണിസ്റ്റായിരുന്ന സാഹിത്യ നിരൂപകന് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി പണ്ടേ ചാപ്പകുത്തിയതാണ്. സഖാവ് ഇഎംഎസ് അതിനെ മാര്‍ക്സിയന്‍ സൗന്ദര്യ ശാസ്ത്രപ്രകാരം ശരിവെക്കുകയും ചെയ്തുകഴിഞ്ഞതാണ്.
പറയാന്‍ ഉദ്ദേശിക്കുന്നത് ആര്‍എസ്എസ്സിനെ പഠിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മറുചോദ്യം വന്നാല്‍ തയാറായിരിക്കേണ്ട ചില കാര്യങ്ങളാണ്.
ഒരു സംഘടനയെ തിരിച്ചറിയുന്നത് നിയമനിര്‍മാണ സഭകളില്‍ അതിന് എത്ര ജനപ്രതിനിധികള്‍ ഉണ്ട് എന്ന് കണക്കാക്കിയാവരുത്. ആ സംഘടനയ്ക്ക് എവിടെയൊക്കെ ഭരണാധികാരം ഉണ്ടെന്ന് നോക്കിയാവരുത്. ആവണം, കക്ഷിരാഷ്ട്രീയ പാര്‍ട്ടികളുടെ താരതമ്യത്തിന്റെ വേളയില്‍ അതാകാം, അതാണ് ജനാധിപത്യ സംവിധാനത്തില്‍ മാനദണ്ഡവും. ആത്യന്തികമായി സംഘത്തിന്റെ പ്രവര്‍ത്തനവും കാര്യപരിപാടിയും അതല്ല. 1949 ആഗസ്ത് 24 ന് ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുമ്പോള്‍ രണ്ടാമത്തെ സര് സംഘചാലക് ഗുരുജി എന്ന മാധവ് സദാശിവ് ഗോള്‍വള്‍ക്കര്‍ നടത്തിയ വിശദീകരണങ്ങളിലെ ചില കാര്യങ്ങള്‍ ഇവിടെ രേഖയിലാക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു:
1. നമുക്ക് പൊതുവായ പാരമ്പര്യമുണ്ട്. അതിന്റെ ബാഹ്യമായ വൈവിധ്യങ്ങളിലും ആന്തരിക ഏകത്വമുണ്ട്. ഈ സത്യാനുഭൂതി ഓരോ വ്യക്തിയിലും ജനിപ്പിച്ച്, സമാജത്തിലെ വിഘടനപ്രവൃത്തികള് ഇല്ലാതാക്കി, പരസ്പരവിശ്വാസവും സ്നേഹവും ബഹുമാനവും മാതൃഭൂമിയായ ഭാരതത്തോട് അനന്യമായ പ്രേമവും ജനഹൃദയങ്ങളില്‍ ഉണ്ടാക്കാനാണ് സംഘം പ്രയത്നിക്കുന്നത്.
2. ഇതിനായി സംഘം ഒരു ദൈനംദിന പരിപാടി നിശ്ചയിച്ചിട്ടുണ്ട്. അതുവഴി സ്വാര്‍ത്ഥരഹിതമായ പരസ്പര സമ്പര്‍ക്കത്തിലൂടെ സമാജത്തില്‍ സാഹോദര്യവും ഐക്യബോധത്തിന്റെ ഉണര്‍വും കൂട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കുമായി സ്വന്തം സുഖം ത്യജിക്കാനുള്ള ഭാവവും രൂപപ്പെടും. അങ്ങനെ ജനങ്ങളുടെ കാഴ്ചപ്പാട് വിശാലമാകും. സമഷ്ടിയുക്തമായ, അച്ചടക്കമുള്ള പൗരജീവിതം സൃഷ്ടിക്കുന്നതും ഈ പരിപാടിയുടെ ലക്ഷ്യമാണ്.
3. ജനങ്ങളില്‍ നിസ്വാര്‍ത്ഥ സേവനത്തിനുള്ള ഭാവവും ഭാരത സംസ്കാരത്തോടുള്ള അനന്യമായ ശ്രദ്ധാഭാവവും സ്വഭാവ ശുദ്ധിയും സൃഷ്ടിക്കാന്‍ ആഗ്രഹിച്ച് പ്രവര്‍ത്തിക്കുന്നു. ഇതൊന്നും ഒരു പ്രത്യേക കാലത്തേക്കോ താല്കാലികമായ കാര്യസാദ്ധ്യത്തിനോ നയനടത്തിപ്പിനോ വേണ്ടി രൂപപ്പെടുത്തിയതല്ല. ഗുരുജി ഗോള്‍വള്‍ക്കറിന്റെ ഈ വിശദീകരണമാണ് ആര്‍എസ്എസ്. അതല്ലാതെ അടവുനയവും അധികാരത്തിനുവേണ്ടിയുള്ള അദ്ധ്വാനമോ അല്ല, ആര്‍എസ്എസ് ആദര്‍ശവും പദ്ധതിയും പരിപാടിയും. അത് മനസ്സിലാകാത്തവര്‍ക്കാണ് കേരളത്തില്‍ ആര്‍എസ്എസ് തിരസ്കരിക്കപ്പെട്ടുവെന്ന് വ്യാഖ്യാനം ചമയ്ക്കാന്‍ തോന്നുന്നത്.
മറ്റൊരു മറു ചോദ്യം ഇതാണ്. ആര്‍എസ്എസ്സിന് കേരളത്തില്‍ അവര്‍ എതിര്‍ക്കുന്ന കമ്യൂണിസ്റ്റ് ഉള്ളതിനാലാണ് വളരാനാവാത്തതെന്നാണല്ലോ പറയുന്ന യുക്തി. അങ്ങനെയാണെങ്കില്‍ പലതായി പിളരുന്നതിന് മുമ്പ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1925 ഡിസംബര്‍ 26 ന് രൂപംകൊണ്ടത് കാണ്പൂരിലാണല്ലോ? കാണ്‍പൂര്‍ യുപിയിലാണല്ലോ? ആ ഉത്തര്‍ പ്രദേശില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്നില്ലല്ലോ? അതെന്താവും. അവിടെ ആര്‍എസ്എസ്സിനെ ചെറുക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ്. കേരളത്തില്‍, ഇത്രകാലമായിട്ട് എന്തുകൊണ്ട് കമ്മ്യൂണിസത്തിനോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ സര്‍വാധിപത്യം പുലര്‍ത്താനും നിലനിര്ത്താനുമായിട്ടില്ല. രാഷ്ട്രീയ- ഭരണാധികാര മേല്‍ക്കോയ്മ പോലും അടവുനയങ്ങളിലൂടെ താത്കാലികമായി കൂട്ടുകക്ഷി രാഷ്ട്രീയത്തിലൂടെ നേടുന്നതല്ലേ? ഇനി, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും 100 വര്ഷമാകുകയാണല്ലോ. പക്ഷേ എന്തുകൊണ്ടാണ് ആ സംഘടനയ്ക്ക് ആര്‍എസ്എസ്സിന് കിട്ടുന്ന ജനപിന്തുണ ഭാരതത്തിലെമ്പാടും കിട്ടാത്തത്. ഒട്ടും യുക്തിഭദ്രമല്ല വാദങ്ങള്‍.
എന്നാല്‍, ആര്‍എസ്എസ്സിനെ ഭാരതവും ലോകവും പോലെ കേരളവും സ്വീകരിച്ചിട്ടുണ്ട്. അത് എംഎല്‍എ വലുപ്പത്തിലല്ല. ഇന്ന് കേരള സമൂഹത്തില്‍ കാണുന്ന സാംസ്കാരിക- സാമൂഹ്യ- രാഷ്ട്രീയ മൂല്യങ്ങളില്‍ പലതും സംരക്ഷിക്കപ്പെടുന്നത് ആര്‍എസ്എസ് പ്രഭാവത്താലും പ്രവര്‍ത്തനത്താലുമാണ്. അത് ഒരുപക്ഷേ പെരുമ്പറകൊട്ടി അറിയിക്കാത്തതിനാലും നിരത്തില്‍ മുദ്രാവാക്യം വിളിച്ച് അവകാശപ്പെടാത്തതിനാലും അന്തര്‍വാഹിനിയാണ്. അതിന്റെ നീരോട്ടവും വേരോട്ടവും പ്രത്യക്ഷത്തിലില്ലായിരിക്കാം. പക്ഷേ വ്യക്തികളില്‍ അത് സുവ്യക്തമാണ്. അടുത്തറിഞ്ഞവര്‍ ആകൃഷ്ടരാകുക മാത്രമല്ല, ആരാധകരും അനുയാത്രക്കാരുമാകുകയാണ്.
ആര്‍എസ്എസ്സിന്റെ ആദര്ശലക്ഷ്യത്തിലൂന്നിയ പ്രവര്‍ത്തനങ്ങളുടെ മുദ്രകള്‍ കലാ സാംസ്കാരിക രംഗത്ത് ഇന്ന് പ്രകടമാണ്. ആദ്ധ്യാത്മിക മേഖലയില്‍ പ്രത്യക്ഷമാണ്. മതേതരത്വവും ജാതിരാഹിത്യവുമൊക്കെ പ്രഭാഷണത്തിലും സംഗത്തിലും പുസ്തകത്താളിലും മാത്രമായിരുന്നു. മഹാന്മാരുടെ വചനങ്ങളിലും അവരുടെ പേരിലുള്ള ആശ്രമങ്ങളിലും ആസ്ഥാനങ്ങളിലുമായിരുന്നു. പക്ഷേ, പ്രായോഗിക തലത്തില്‍ അതെത്തിച്ചത് ആര്‍എസ്എസ്സായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആ വിവേചനങ്ങള്‍ ഇല്ലാതാക്കാനല്ല, ഉണ്ടായിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ച് തമ്മിലുള്ള വിടവ് കൂട്ടാനായിരുന്നു ശ്രമിച്ചത്. ആര്‍എസ്എസ്സിന്റെ പ്രചാരകനായിരിക്കെയാണ് ”കര്‍മ്മംകൊണ്ട് ആര്‍ക്കും ബാഹ്മണ്യം നേടാ”മെന്ന ഉജ്ജ്വലമായ സാമൂഹ്യ- ആദ്ധ്യാത്മിക വിളംബരം നടത്താന്‍ പി. മാധവന് എന്ന മാധവ്ജി നേതൃത്വം നല്‍കിയത്. ആരാധനാലയങ്ങള്‍ പിടിച്ചെടുത്ത് സര്‍ക്കാര്‍ നിയന്ത്രിത ബോര്‍ഡിന് കീഴിലാക്കുന്നതാണ് സാമൂഹ്യ വിപ്ലവം എന്ന തെറ്റിദ്ധാരണയാണ് കമ്മ്യൂണിസ്റ്റ് സിദ്ധാന്തക്കാര്‍ക്ക് എന്നാണ് വ്യത്യാസം. വിമര്‍ശിക്കാനാണെങ്കിലും പഠിക്കാന്‍ ഏറെയുണ്ടെന്ന് സാരം.
പിന്കുറിപ്പ്:
ആശാ വര്‍ക്കര്‍മാരുടെ വിഷയത്തില്‍ ആ സംവിധാനമുണ്ടാക്കിയ കേന്ദ്ര സര്‍ക്കാരാണ് സമാധാനമുണ്ടാക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍. അപ്പോള്‍ ആശാ വര്‍ക്കര്‍മാര്‍ കേരളത്തിന്റെ ലോകത്തിനുള്ള മാതൃകയാണെന്നൊക്കെ പറഞ്ഞത് മറന്നോ? ഇങ്ങനെ ഇനി എത്രയെത്ര വാസ്തവങ്ങള്‍ വിളിച്ചുപറയാന്‍ കിടക്കുന്നു? കടിച്ചവന്തന്നെ വിഷമിറക്കുന്ന കാലം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: