ന്യൂദൽഹി: ദൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ രാവിലെ മുതൽ മികച്ച പോളിങ് രേഖപ്പെടുത്തി. സാധാരണക്കാർക്കൊപ്പം രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും വോട്ട് ചെയ്യാൻ എത്തിയിരുന്നു.
രാവിലെ വോട്ട് രേഖപ്പെടുത്തിയവരിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു, കേന്ദ്രമന്ത്രിമാരായ എസ് ജയ്ശങ്കർ, ഹർദീപ് സിംഗ് പുരി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരും ഉൾപ്പെടുന്നു. ആം ആദ്മി നേതാവും മുൻ ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോഡിയ, ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ, ദൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ, ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർ ആർ ആലീസ് വാസ് എന്നിവരും നേരത്തെ വോട്ട് ചെയ്ത പ്രമുഖരിൽ ഉൾപ്പെടുന്നു.
ആം ആദ്മിയുടെ ഗ്രേറ്റർ കൈലാഷ് സ്ഥാനാർത്ഥി സൗരഭ് ഭരദ്വാജ്, ബിജെപിയുടെ കരാവൽ നഗർ സ്ഥാനാർത്ഥി കപിൽ മിശ്ര, കോൺഗ്രസിന്റെ ന്യൂദൽഹി സ്ഥാനാർത്ഥി സന്ദീപ് ദീക്ഷിത്, കൽക്കാജി സ്ഥാനാർത്ഥി അൽക ലാംബ എന്നിവരും രാവിലെ 7 മണിക്ക് തന്നെ വോട്ട് ചെയ്തു.
ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന തലസ്ഥാനത്ത് ഏകദേശം 1.56 കോടി വോട്ടർമാരുണ്ട്. ദൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലായി 13,766 പോളിങ് സ്റ്റേഷനുകളിൽ 699 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കുന്നതിനായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 8 ന് ഫലം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: