തിരുവനന്തപുരം: കാര്‍ഷിക മേഖലയില്‍ ആധുനിക സംവിധാനങ്ങല്‍ പ്രയോജനപ്പെടുത്തി കൃഷി കൂടുതല്‍ ലാഭകരവും പ്രയോജനകരവുമാക്കണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍.
കര്‍ഷകന്റെ മാന്യമായ അവകാശങ്ങള്‍ക്കു വേണ്ടി രൂപീകൃതമായ സംഘടനയാണ് ഫാം പ്രൊഡ്യൂസേഴ്‌സ് കമ്പനികളെന്നും കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയില്‍ നില്‍ക്കുന്നവര്‍ കര്‍ഷകരെ ചൂഷണം ചെയ്യാതിരിക്കാനും അവര്‍ക്ക് തങ്ങളുടെ ഉത്പന്നത്തിന്റെ യഥാര്‍ത്ഥവില ലഭ്യമാക്കാനുമുള്ള സംവിധാനം എന്ന നിലയിലാണ് എഫ്പിഒ രൂപംകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ഉല്‍പാദക സംഘടനകളെയും സംരംഭകരെയും ഉപഭോക്താക്കളെയും ഒന്നിപ്പിക്കുന്നതിനായി സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്റെ (സിസ) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാര്‍ഷികമേള ‘കൃഷി വൈഭവ് 2026’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ ഫാം പ്രൊഡ്യുസേഴ്‌സ് കമ്പനികളെ പ്രയോജനപ്പെടുത്തുകയും ഈ രംഗത്തേക്ക് കൂടുതല്‍ വരികയും ആധുനിക സംവിധാനങ്ങള്‍ കാര്‍ഷിക രംഗത്ത് ഉപയോഗിക്കുകയും വേണം. കൃഷിയെ ആധുനിക വത്കരിക്കാന്‍ നിരവധി പദ്ധതികളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കേന്ദ്രപദ്ധതികള്‍ വഴി കാര്‍ഷിക ആയുധങ്ങള്‍ 40 ശതമാനംവരെ സബ്‌സിഡിയോടുകൂടി കൊടുക്കുന്നുണ്ട്. കേരളത്തില്‍ വളരെ കുറച്ചു കര്‍ഷകര്‍ മാത്രമേ അത് പ്രയോജനപ്പെടുത്തുന്നുള്ളു. അനേകം കേന്ദ്ര ഏജന്‍സികള്‍ കര്‍ഷകരെ സഹായിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. കര്‍ഷകര്‍ ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട കര്‍ഷകരുടെയും, ഇടത്തരം കര്‍ഷകരുടെയും ജീവിതനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫാം പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ നിലകൊള്ളുന്നതെന്ന് വി. മുരളീധരന്‍ എംഎല്‍എ പറഞ്ഞു. കൃഷിവൈഭവിനോടനുബന്ധിച്ച് പുത്തരിക്കണ്ടത്തു നടക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മേയര്‍ അഡ്വ. വി.വി. രാജേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍ഡിഡിബി ചെയര്‍മാന്‍ ഡോ. മീനേഷ് ഷാ ഓണ്‍ലൈനില്‍ ആശംസകള്‍ നേര്‍ന്നു, എംഎസ്എംഇ ഡിഎഫ്ഒ ജി.എസ്. പ്രകാശ്, എന്‍ഡിഡിബി എക്‌സി. ഡയറക്ടര്‍ എസ്. രാജീവ്, എന്‍സിഡിസി റീജനല്‍ ഡയറക്ടര്‍ കെ.എന്‍. ശ്രീധരന്‍, നബാര്‍ഡ് ഡെ. ജനറല്‍ മാനേജര്‍ ഡിനി പണിക്കര്‍, സിസ ജനറല്‍ സെക്രട്ടറി ഡോ. സുരേഷ്‌കുമാര്‍ സി. എന്നിവര്‍ സംസാരിച്ചു.
കേന്ദ്ര എംഎസ്എംഇ മന്ത്രാലയം, നാഷനല്‍ കോഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, നാഷനല്‍ ഡെയറി ഡെവലപ്‌മെന്റ് ബോര്‍ഡ് എന്നിവയുടെ പിന്തുണയോടെയാണ് അഞ്ച് ദിവസത്തെ മേള സംഘടിപ്പിച്ചിരിക്കുന്നത്. പുത്തരിക്കണ്ടം മൈതാനത്തെ ഇ.കെ. നായനാര്‍ പാര്‍ക്കിലാണ് പ്രത്യേകം തയ്യാറാക്കിയ എയര്‍കണ്ടീഷന്‍ഡ് പവലിയനില്‍ പ്രദര്‍ശനം നടക്കുന്നത്. പ്രവേശനം സൗജന്യം. കാര്‍ഷിക പ്രദര്‍ശനത്തോടനുബന്ധിച്ച് മാമ്പഴ മേളയും സംഘടിപ്പിച്ചിട്ടുണ്ട്.
















