ന്യൂദൽഹി: ബിഹാറിലെ എക്സൈസ് മന്ത്രി രത്നേഷ് സദയെയും സഹോദരനെയും അംഗരക്ഷകനെയും അമിത വേഗതയിലെത്തിയ ടെമ്പോ ഇടിച്ചു തെറിപ്പിച്ചു. ഇരു കൈകൾക്കും കാലുകൾക്കുമാണ് മന്ത്രിക്ക് പരിക്ക്. മൂവരെയും ബാലിയയിലെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ എത്തുമ്പോൾ മന്ത്രിക്ക് ഉയർന്ന രക്തസമ്മർദവും പ്രമേഹവുമുണ്ടായിരുന്നു. സ്കാനിംഗ്, എക്സ്റേ തുടങ്ങിയ പരിശോധനകൾ നടത്തിയ ശേഷം മുറിവുകൾക്ക് തുന്നലിട്ടതായും ആരോഗ്യ നില സാധാരണ നിലയിലായതിനെ തുടർന്ന് മന്ത്രിയെയും സഹായികളെയും ഡിസ്ചാർജ് ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.
അമിത വേഗതയിലെത്തിയ ടെമ്പോ മന്ത്രിയെയും ഒപ്പുള്ളവരെയും ഇടിക്കുന്നതിന് മുമ്പ് രണ്ട് പേരെ കൂടി ഇടിച്ചിട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ടെമ്പോ ഡ്രൈവർ ഒളിവിലാണ്. പുതുവത്സര ദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാനായാണ് മന്ത്രി സ്വന്തം ഗ്രാമത്തിലെത്തിയത്. അപ്പോഴായിരുന്നു അപകടം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: