ഗുരു മുനി നാരായണപ്രസാദിനെക്കുറിച്ച് എഴുതാനിരുന്നപ്പോള്‍ മനസ്സില്‍ വന്നത് ‘ആത്മായനം’ എന്ന ഗുരുവിന്റെ ആത്മകഥയാണ്. അതില്‍ രേഖപ്പെടുത്തിയിട്ടുള്ള മിക്ക കാര്യങ്ങളും എനിക്ക് നേരിട്ട് അറിവുള്ളതാണ്. മുനിഗുരുവിനെ പരിചരിച്ച് ഗുരുകുലത്തിലും ആശുപത്രിയിലും കഴിഞ്ഞ ചില രാത്രികളില്‍ ഗുരു തന്റെ നാള്‍വഴികള്‍ പറയുമായിരുന്നു. കടന്നുപോന്ന വൈതരണികളെക്കുറിച്ച് ഗുരു ചിരിച്ചുകൊണ്ടാണ് പറഞ്ഞിരുന്നത്.
നടരാജ ഗുരു അധിപനായിരിക്കേ മംഗലാനന്ദ സ്വാമിയാണ് മുട്ടുകൂടാതെ ഗുരുകുലത്തെ മുന്നോട്ട് നയിച്ചത്. ഗുരു നിത്യചൈതന്യ യതി അധിപനായിരിക്കേ ആ ദൗത്യം നിര്‍വ്വഹിച്ചത് മുനിഗുരു ആയിരുന്നു. ഒരിക്കല്‍ ഗുരു നിത്യചൈതന്യ പറഞ്ഞു: ”ഞാന്‍ ഗുരുവും പ്രസാദ് ഗുരുകുലവുമാണ’്’ എന്ന്. നിത്യചൈതന്യ ഗുരുവിന്റെ മഹാസാമാധിക്ക് ശേഷം ഗുരുകുലത്തെ ഗുരു ശിഷ്യ പാരസ്പര്യത്തിന്റെ മഹിമയില്‍ നിലനി
ര്‍ത്തുവാന്‍ മുനിഗുരുവിന് കഴിഞ്ഞത് തികഞ്ഞ സത്യാവബോധവും തപോബലവും കൊണ്ടാണ്. ഇപ്പൊള്‍ ആ വിടവ് നികത്താന്‍ കഴിയാതെയായിരിക്കുന്നു എന്ന് പറയാതെ വയ്യ.
ജ്ഞാനാഗ്‌നിയാകുന്ന നടരാജഗുരുവിന്റെ പാദാന്തികത്തില്‍ ആഹുതി ചെയ്ത ജീവിതമായിരുന്നു മുനി നാരായണ പ്രസാദിന്റേത്. 1938-ല്‍ (1114 വൃശ്ചികം 24) തിരുവന്തപുരം ജില്ലയിലെ നഗരൂരില്‍ ജനിച്ചു. അച്ഛന്‍ മാധവന്‍ പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, അമ്മ നാരായണി.
1960-ല്‍ വര്‍ക്കല നാരായണ ഗുരുകുലത്തില്‍ അന്തേവാസിയായി. 1967-ല്‍ നടരാജഗുരുവില്‍ നിന്ന് ബ്രഹ്മചാരി ദീക്ഷ സ്വീകരിച്ചു. 1968-ല്‍ ഉദ്യോഗം രാജിവച്ച് കൂടുതല്‍ പഠനത്തിലും തപശ്ചചര്യയിലും വ്യാപൃതനായി. 1985-ല്‍ നിത്യചൈതന്യ യതിയില്‍ നിന്ന് സംന്യാസ ദീക്ഷയും സ്വീകരിച്ചു. ഇതെല്ലാം നാരായണ ഗുരുകുലത്തിന്റെ ജ്ഞാനപരത മുനിനാരായണ പ്രസാദിലൂടെ അനുസ്യൂതം ഒഴുകുവാന്‍ കാരണമായി. 1973- 1989 കാലഘട്ടത്തില്‍ ഗുരുകുലം മാസികയുടെ പത്രാധിപരായിരുന്നു. 1987-ലെ മോസ്‌കോ ലോകമത വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു.
ഗ്രീക്ക് ചിന്തകര്‍, പൂര്‍ണ്ണ ജനനം, ന്യായദര്‍ശനം വേദാന്തം നാരായണ ഗുരു വരെ, ഹിന്ദുമതത്തിലെ ശാസ്ത്ര വീക്ഷണം എന്നിവ മലയാളത്തിലും, ദ് ഫിലോസഫി ഓഫ് നാരായണ ഗുരു, ഫങ്ഷണല്‍ ഡെമോക്രസി എ ഫെയ്‌ല്യുര്‍ ഇന്‍ ഇന്ത്യ, കര്‍മ ആന്‍ഡ് റീഇന്‍കാര്‍നേഷന്‍ എന്നിവ ഇംഗ്ലീഷിലും മുനിഗുരുവിന്റെ സ്വതന്ത്ര കൃതികളില്‍ പ്രധാനപ്പെട്ടവയാണ്. നാരായണ ഗുരുവിന്റെ എല്ലാ കൃതികള്‍ക്കും പുറമേ ഭഗവദ് ഗീത, ഉപനിഷത്തുകള്‍ എന്നിവയ്‌ക്കും ഭാഷ്യങ്ങളെഴുതി നാരായണ ഗുരുകുലത്തിന്റെ ഉദാത്ത ദാര്‍ശനിക തലത്തെ മുനി വ്യക്തമാക്കി. 1999 മുതല്‍ നാരായണ ഗുരുകുലത്തിന്റെ അദ്ധ്യക്ഷനും ഗുരുവുമായി.
വിദ്യാര്‍ത്ഥിയായിരിക്കേ രണ്ടാം പാഠം നഷ്ടപ്പെട്ടപ്പോള്‍, അച്ഛന്‍ വായിക്കാന്‍ കൊടുത്തത് ‘ദൈവമേ കാത്തുകൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളെ’ എന്ന പ്രാര്‍ഥനയായിരുന്നു. ആ അധ്യയന വര്‍ഷം മുഴുവന്‍ അതു പാരായണം ചെയ്‌തെങ്കിലും അതെഴുതിയത് നാരായണ ഗുരു ആയിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് നാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനവും തന്റെ ജീവിതമാക്കി, സത്യജിജ്ഞാസുക്കള്‍ക്ക് എത്തപ്പെടാവുന്ന അറിവിന്റെ കേന്ദ്രസ്ഥാനമായി മുനിഗുരു മാറി.
ശ്രീനാരായണ ഗുരുദേവനില്‍ നിന്ന് കല്‍ക്കണ്ടവും മുന്തിരിങ്ങയും പ്രസാദമായി ലഭിച്ച കഥ അച്ഛനില്‍ നിന്ന് കേള്‍ക്കാനിടയായത് അദ്ദേഹത്തില്‍ നാരായണ ഗുരുവിനോടുള്ള ഭക്തി വളര്‍ത്തി. 1948-ല്‍ കിളിമാനൂര്‍ ആര്‍. ആര്‍.വി ഹൈസ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്റെ കൂടെ ശിവഗിരി തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത്.
മൂന്ന് ദിവസം നീണ്ട രജത ജൂബിലി ആഘോഷത്തിന്റെ അദ്ധ്യക്ഷനായത് ഡോ. പി. നടരാജന്‍ ആയിരുന്നു. അച്ഛന്‍ അദ്ദേഹത്തെപ്പറ്റി മകനോട് പറഞ്ഞത് ഇങ്ങനെ:
”നാരായണ ഗുരുവിന്റെ ഏറ്റവും പണ്ഡിതനും മഹാനുമായ ശിഷ്യന്‍. അദ്ദേഹം അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയതേയുള്ളൂ.” ഇത് കേട്ടപ്പോള്‍ത്തന്നെ ആ കുഞ്ഞു മനസ്സില്‍ ഒരു മോഹമ്മുദിച്ചു. ”എന്നെങ്കിലും ഈ മഹാന്റെ ശിഷ്യനാവണം!” അത് സത്യമായി തീര്‍ന്നു. ഇതുപോലൊരു കഥ നാരായണ ഗുരുവിന്റെ ബാല്യത്തിലും കാണാം.
ഗുരുകുലത്തിന്റെ ഒഴിഞ്ഞു കിടന്നിരുന്ന ഒരു ഷെഡില്‍ അദ്ധ്യാപകനായ കുഞ്ഞികൃഷ്ണന്‍ ‘നടരാജഗുരു പോളിടെക്നിക്’ തുടങ്ങിയപ്പോള്‍ അതിന്റെ അദ്ധ്യാപകനായി പ്രസാദിനെ (മുനിയെ) നിയമിച്ചു. അതോടെ അദ്ദേഹത്തിന്റെ ജീവിതം അറിഞ്ഞോ അറിയാതെയോ പൂര്‍ണമായും ഗുരുകുലത്തില്‍ തന്നെയായി. അവിടെ നടരാജ ഗുരുവില്‍നിന്നും മംഗലാനന്ദ സ്വാമിയില്‍ നിന്നും കിട്ടിയ അറിവാല്‍ ”ഞാന്‍ ഗുരുകുലത്തിന്റേതാണ്” എന്ന തോന്നലുണ്ടായി. ഈശാവാസ്യത്തിന് വ്യാഖ്യാനം എഴുതിയപ്പോള്‍ നാരായണ ഗുരുവിന്റെയും നടരാജഗുരുവിന്റെയും പാതയാണ് മുനിഗുരു പിന്തുടര്‍ന്നത്.
നടരാജ ഗുരു ഇടക്കിടെ പഠിപ്പിക്കാറുള്ള ഒരു പാഠമാണ് ‘ജൃല ൈിീ യൗേേീി’ എന്നത്. അതായത് ഇന്നത് ജീവിതത്തില്‍ സംഭവിക്കണം എന്ന കണക്കുകൂട്ടലോടെ ഒന്നും ചെയ്യാതിരിക്കുക.
നാം വച്ചുപുലര്‍ത്തുന്ന അഭിലാഷങ്ങളോടും പ്രതീക്ഷകളോടും ജീവിതത്തിന്റെ അനിശ്ചിതഗതി ഇണങ്ങാതാകുമ്പോഴാണ് ജീവിതം പ്രശ്നസങ്കുലമാകുന്നത്.
1963 ജനുവരി ഒന്നിനാണ് ഗുരുനാരായണഗിരിയില്‍ ബ്രഹ്മവിദ്യാമന്ദിരത്തിന് തറക്കല്ലിട്ടത്. നിത്യചൈതന്യ ഗുരുവിന്റെ സുഹൃത്തായ ഹര്‍കിഷന്‍ദാസ് അഗര്‍വാള്‍ ആണ് ശിലയിട്ടത്. പരിമിതമായ സൗകര്യങ്ങളോടെ അവിടെ ഒരു ചെറിയ മുറി പണിതു. വൈദ്യുതി, ടോയ്ലറ്റ്, വെള്ളം ഇവയൊന്നും ഉണ്ടായിരുന്നില്ല.
നടരാജ ഗുരുവിന്റെ നിര്‍ദ്ദേശം അനുസരിച്ച് അവിടെ താമസം തുടങ്ങി. പിന്നീട് സൗകര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടുത്തി.
എന്നും രാവിലെ അഞ്ചുമണിക്ക് ഒരു കപ്പ് കാപ്പിയോടെയാണ് ക്ലാസ് ആരംഭിക്കുന്നത്. അതുകൊണ്ട് ആ ക്ലാസിനെ കോഫിക്ലാസ് എന്നാണ് വിളിച്ചിരുന്നത്. ആ ക്ലാസില്‍ പങ്കെടുക്കാനായി മംഗലാനന്ദ സ്വാമിയും നിത്യഗുരുവും ഗുരുകുലത്തില്‍ നിന്ന് ഗുരുനാരായണ ഗിരിയിലേക്ക് വരും. ഗുരുനാരായണ ഗിരിയിലുള്ള താമസം മുനിഗുരുവിനോട് കൂടുതല്‍ അടുക്കാന്‍ അവസരമുണ്ടാക്കി. എല്ലാമാസവും രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങള്‍ വാങ്ങും. അത് പഠിച്ചുകഴിഞ്ഞ് പലക കൊണ്ട് തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു തട്ടില്‍ സൂക്ഷിക്കും. ഒരു ദിവസം ഈ പുസ്തകങ്ങള്‍ കണ്ടിട്ട് നടരാജഗുരു പറഞ്ഞു, ‘പ്രസാദിന്റെ സെലക്ഷന്‍ കൊള്ളാം’.
ഒരിക്കല്‍, കൊല്ലത്തുള്ള പീതാംബരന്റെ വീട്ടില്‍ ഒരു ഹോമം നടത്തുന്നതിന് നടരാജ ഗുരു പ്രസാദിനെയും കൂട്ടി. ഹോമശേഷം അതിന്റെ ലക്ഷ്യം വിശദീകരിക്കാന്‍ നടരാജഗുരു പ്രസാദിനോടു നിര്‍ദ്ദേശിച്ചു. നടരാജ ഗുരുവിന്റെ പ്രോത്സാഹനത്തില്‍ അവിടെ നടത്തിയ വിശദീകരണമായിരുന്നു പ്രസാദിന്റെ കന്നിപ്രസംഗം.
ബാംഗ്ലൂരിലെ പുല്ലുമേഞ്ഞ ഗുരുകുലത്തില്‍ വച്ച് 1965 ഫെബ്രുവരിയില്‍ നടരാജഗുരുവിന്റെ സപ്തതി ആഘോഷത്തിന്റെ ഹോമത്തില്‍ പ്രസാദ് പ്രധാന ഋത്വിക് ആയിരുന്നു. ഹോമശേഷം നടരാജഗുരു കന്നടയിലും തുടര്‍ന്ന് ജോണ്‍ സ്പിയേഴ്സും ഗ്രാമീണരോടു സംസാരിച്ചു. ഇനി പ്രസാദ് സംസാരിക്കണമെന്നു നടരാജ ഗുരു നിര്‍ദ്ദേശിച്ചു. തനിക്ക് ഇംഗ്ലീഷോ കന്നടയൊ അറിയില്ല. ഗ്രാമീണര്‍ക്ക് മലയാളവും. ഇതെല്ലാം ഗുരുവിനോട് പറഞ്ഞു നോക്കി. പ്രസാദ് മലയാളത്തില്‍ സംസാരിച്ചാല്‍ മതിയെന്ന് നടരാജഗുരു പറഞ്ഞു. എന്നു മാത്രമല്ല, മലയാളത്തിലുള്ള ശിഷ്യന്റെ പ്രഭാഷണം നടരാജ ഗുരു കന്നടയിലേക്ക് തര്‍ജ്ജമയും ചെയ്തു. പ്രസാദിന് ഇത് ഒരു അസാധാരണ അനുഭവമായിരുന്നു. നിസ്സാരനായ ശിഷ്യന്റെ പ്രസംഗം മഹാനായ ഗുരു തര്‍ജ്ജമ ചെയ്യുക!
ഒരിക്കല്‍ ദല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ ഗുരു നിത്യയോട് ഗുരുകുലത്തിന്റെ വ്യവഹാരങ്ങളെക്കുറിച്ച് സംസാരിച്ചപ്പോള്‍, ഗുരുകുലത്തിന്റെ താക്കോല്‍ കൂട്ടങ്ങളെല്ലാം എടുത്തു പ്രസാദിനെ ഏല്‍പ്പിച്ചിട്ട് ”ഇത് പ്രസാദിന്റെ കര്‍മ്മമാണ്” എന്നുപറഞ്ഞ് ദല്‍ഹിക്ക് മടങ്ങുകയാണുണ്ടായത്. സ്തബ്ധനായി നിന്ന പ്രസാദ് അങ്ങനെ അവിചാരിതമായി വര്‍ക്കല ഗുരുകുലത്തിന്റെ ചുമതലക്കാരനായി. പലതരം വൈതരണികള്‍ കടന്നാണ് അക്കാലം അദ്ദേഹം മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നത.് ഒപ്പം ദാരിദ്ര്യവും. ഇതൊക്കെയാണെങ്കിലും ജീവിതം ഭാരമായി തോന്നിയില്ല. കാരണം ജീവിതത്തില്‍ വന്ന് ഭവിച്ച എല്ലാ കര്‍മ്മങ്ങളെയും സ്വധര്‍മ്മമായി കാണുന്ന തലത്തിലേക്ക് അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു.
ഗുരുകുലം മാസികയില്‍ ‘ഭാരതീയ ചിന്താ ചരിത്രം’ ലേഖന പരമ്പര ഗുരു നിത്യ എഴുതിക്കൊണ്ടിരുന്നത് തുടര്‍ന്നെഴുതാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചത് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നതിനു നിയോഗമായി. എഴുതിയത് കാണിച്ചപ്പോള്‍ ഗുരു നിത്യ പറഞ്ഞത്, ”കൊള്ളാം. ഇത് ഞാന്‍ എഴുതുന്നതുപോലെ തന്നെയിരിക്കുന്നു” എന്നാണ്. ആദ്യ േലഖനത്തിനു പേര് വച്ചത് ‘നിത്യചൈതന്യ പ്രസാദ്’ എന്ന്! ചന്ദ്രേട്ടന്‍ എന്ന പേരില്‍ ഗുരുകുലം മാസികയില്‍ കുട്ടികള്‍ക്ക് വേണ്ടി എഴുതിയതാണ് മങ്കി (monkey) എന്ന ചൈനീസ് കഥ.
എന്തായാലും ഒരാള്‍ സംസ്‌കൃത ചിത്തനായി തീരുന്ന വഴികളാണ് ഇതെല്ലാം. ഈ രീതി മുനിഗുരുവിന്റെ ജീവിതത്തില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരുന്നു.
ഒരിക്കല്‍ നടരാജ ഗുരു ചോദിച്ചു, ഭാവിയെപ്പറ്റി എന്താണ് തീരുമാനമെന്ന്? ഗുരുകുലം വിട്ടുപോയി ജീവിക്കാന്‍ ഇഷ്ടമില്ലെന്നും, സംന്യാസിയായി ജീവിക്കാന്‍ തീരുമാനിച്ചുവെന്നും ഗുരുവിനെ അറിയിച്ചു. 1970 ജനുവരി ഒന്നിന,് നടരാജ ഗുരു തന്റെ പ്രഥമ ശിഷ്യനും അനന്തരഗാമിയുമായ സ്വാമി ജോണ്‍ സ്പിയേഴ്‌സിനെക്കൊണ്ടാണ് സംന്യാസ ദീക്ഷ കൊടുപ്പിച്ചത്.
ദീക്ഷ കൊടുത്തതിന് ശേഷം ഗുരു പറഞ്ഞു: ”വേലി ചാടാനുള്ള അവസരം ഇനിയുമുണ്ട്.” അതായത് അദ്ധ്യാത്മ ജീവിതം വിട്ട് ഗൃഹസ്ഥനായി ജീവിക്കുവാന്‍ തീരുമാനിക്കുന്നതില്‍ ഇനിയും തടസ്സമില്ല എന്ന്.
സാധാരണ 60-ാം വയസ്സിലാണ് സംന്യാസ ദീക്ഷ സ്വീകരിക്കുന്നത്. എന്നാല്‍ പ്രസാദിന് 45-ാം വയസ്സില്‍ സംന്യാസദീക്ഷക്ക് അര്‍ഹതയുണ്ടെന്നും നടരാജ ഗുരു പറഞ്ഞിരുന്നു.
1970-ല്‍ ഏഴുമലയില്‍ വച്ച് World Conference for peace Through Unitive understanding എന്ന പേരില്‍ ഒരു ലോക സമാധാന സമ്മേളനം സംഘടിപ്പിച്ചു. ആ സമ്മേളനത്തില്‍ പ്രഗത്ഭരായ പലരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അതില്‍ ശിഷ്യനായ പ്രസാദ് അവതരിപ്പിച്ച പ്രബന്ധത്തെപ്പറ്റി നടരാജഗുരു പറഞ്ഞത് ഇങ്ങനെയായിരുന്നു: ”പ്രസാദ് നഗരൂരിലെ തെങ്ങുംചുവട്ടില്‍ മരിച്ചീനിയും തിന്ന് വളര്‍ന്നവനാണ്. ഡിഗ്രികളൊന്നുമില്ല. എങ്കിലും അവതരിപ്പിച്ച വിഷയത്തിന്റെ ഗാംഭീര്യം എത്രയോ വലുതാണ്. ഇതെങ്ങനെ സംഭവിച്ചുവെന്ന് നിങ്ങള്‍ക്കറിയാമോ? പത്തുവര്‍ഷം മുമ്പ് ഈ പ്രസാദിനെ ചെറുവത്തൂര്‍ വച്ച് ഞാന്‍ വല്ലാതെ അലക്കി. അതിന്റെ അനന്തരഫലമാണ് ഈ പ്രബന്ധം.”
ഇതിനെ ഗുരുകാരുണ്യം എന്നല്ലാതെ എന്ത് പറയാന്‍! ഈ പ്രബന്ധാവതരണത്തിലൂടെ പഠനോന്മുഖമായ ജീവിതം ആരംഭിച്ച പ്രസാദ് നടരാജഗുരുവിന്റെ ഏറ്റവും മഹത്തായ ഗ്രന്ഥം An Integrated Science of The Absolute തര്‍ജ്ജുമയിലൂടെ വീണ്ടും ആവിഷ്‌കരിച്ചപ്പോള്‍ അത് മലയാളനാടിന്റെ അമൂല്യനിധിയായി മാറി, ഗുരുവും ശിഷ്യനും കുടി ബ്രഹ്മവിദ്യക്ക് പുതിയൊരു മാനം നല്‍കി. അത് സകലതിനെയും ഉള്‍ക്കൊള്ളുന്നതരത്തില്‍ അവതരിപ്പിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയായിരുന്നു. ഇതുവരെ മനുഷ്യമേധയില്‍ വളര്‍ന്നുവന്നിട്ടുള്ള എല്ലാ വിജ്ഞാനശാഖകളെയും സൈദ്ധാന്തികമായ നിലപാടുകളെയും അതില്‍ വിലയിരുത്തുന്നു. പരമമായ അറിവിന്റെ തലത്തില്‍ നിന്നുകൊണ്ട് വീക്ഷിക്കുമ്പോള്‍ ഒരുപക്ഷേ മേല്‍പ്പറഞ്ഞ വൈജ്ഞാനിക മണ്ഡലങ്ങളില്‍ കാലാനുസൃതമായി വന്നുഭവിച്ചിട്ടുള്ള ഏതൊരു സ്ഖലിതങ്ങളെയും തിരുത്തി സ്വീകരിക്കുന്ന നിലപാടാണ് ഈ ഗുരുക്കന്മാര്‍ സ്വീകരിച്ചുപോന്നിട്ടുള്ളത് എന്ന് മനസ്സിലാക്കാം. ഇക്കാര്യത്തില്‍ മുനിഗുരുവിന്റെ സംഭാവന ലോകമുള്ള കാലം വരെ നിലനില്‍ക്കും എന്നതില്‍ സംശയമില്ല.
മുനിഗുരുവിന് ദാര്‍ശനിക ലോകത്ത് അതുല്യമായ സംഭാവന ചെയ്യാന്‍ കഴിഞ്ഞത് നടരാജഗുരുവിന്റെ ചിന്താശൈലിയുമായി ഉള്ളുരുകി ഇടപഴകുവാന്‍ കഴിഞ്ഞതുകൊണ്ടാണ്. പതിനാലു വര്‍ഷം നടരാജഗുരുവിന്റെ കൂടെ ജീവിക്കുവാന്‍ അവസരമുണ്ടായപ്പോള്‍ അറിവിന്റെ വൃതിവ്യാപനംകൊണ്ട് മുനി നാരായണ പ്രസാദ് മഹാനായ ഒരു ഗുരുവായി പരിണമിക്കുകയായിരുന്നു.














