തിരുവനന്തപുരം: തിരയിളക്കം പോലെ പീതാംബരധാരികളായി തീര്‍ത്ഥാടകര്‍ ഒഴുകിയെത്തിയതോടെ ശിവഗിരിക്കുന്നുകള്‍ പീതവര്‍ണമണിഞ്ഞു. ഗുരുദേവമന്ത്രങ്ങളാലും ഗുരുവചനങ്ങളാലും അന്തരീക്ഷം മുഖരിതമായതോടെ മൂന്നുദിവസത്തെ 92-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന് തുടക്കമായി.
പുലര്‍ച്ചെ 4.30ന് പര്‍ണശാലയില്‍ ശാന്തി ഹവനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ശാരദാമഠത്തില്‍ വിശേഷാല്‍ പൂജയും മഹാസമാധിപീഠത്തില്‍ ഗുരുപൂജയും. ശാരദാ മഠത്തില്‍ ഗുരുദേവ കൃതികളുടെ പാരായണം. 7.30ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധര്‍മ്മപതാക ഉയര്‍ത്തിയതോടെ തീര്‍ത്ഥാടനത്തിന് ഔദ്യോഗിക തുടക്കമായി. രാവിലെ 10ന് സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, അടൂര്‍ പ്രകാശ് എംപി, എംഎല്‍എമാരായ രമേശ് ചെന്നിത്തല, വി. ജോയി, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, തീര്‍ത്ഥാടന കമ്മിറ്റി ചെയര്‍മാന്‍ കെ. മുരളീധരന്‍, ധര്‍മ്മസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികം, ശുചിത്വം, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള സമ്മേളനങ്ങളും നടന്നു.
ഇന്ന് പുലര്‍ച്ചെ 5.30ന് അലങ്കരിച്ച ഗുരുദേവ റിക്ഷയുമായി ആരംഭിക്കുന്ന തീര്‍ത്ഥാടന ഘോഷയാത്ര 8.30ന് മഹാസമാധിയില്‍ സമാപിക്കും. 10ന് തീര്‍ത്ഥാടന മഹാസമ്മേളനം മുഖ്യമന്തി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: