തൃശ്ശൂര്‍ ജില്ലയുടെ വടക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് തിരുവില്വാമല. ഇവിടുത്തെ പ്രധാനപ്പെട്ട ക്ഷേത്രമാണ് വില്വാദ്രി നാഥ ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെ വില്വമലയിള് ആണ് പുനര്‍ജനി നൂഴല്‍ നടക്കുന്ന ഗൂഹയുള്ളത്. ഡിസംബര്‍ 11ന്(ബുധന്‍) ആണ് ഈ വര്‍ഷത്തെ പുനര്‍ജ്ജനി നൂഴല്‍.
വില്വാദ്രി നാഥനെ ശ്രീരാമന് ആയാണ് ഭക്തര്‍ പ്രാര്‍ത്ഥിക്കുന്നത്. പുനര്‍ ജനി നൂഴലിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. പരശുരാമന് 21 വട്ടം നിഗ്രഹിച്ച ക്ഷത്രിയരുടെ പ്രേതങ്ങള്‍ക്ക് വീണ്ടും ജന്മമെടുത്ത് പാപമൊടുക്കി മുക്തി നേടാന്‍ കഴിയില്ല എന്നതിനാല്‍ ദേവഗുരു ബൃഹസ്പതിയുടെ ഉപദേശ പ്രകാരം വിശ്വകര്‍മ്മാവ് നിര്‍മ്മിച്ചതാണ് പുനര്‍ജ്ജനി ഗുഹ എന്നതാണ് ഐതിഹ്യം.
ക്ഷത്രിയാന്തകനായ ഭാര്‍ഗവരാമനാല്‍ വധിക്കപ്പെട്ട പ്രേതാത്മക്കള്‍ ഓരോ പ്രാവശ്യം ഗൂഹ നൂഴുമ്പോഴും ഓരോ ജന്മം ചെയ്ത പാപം? നശിക്കുമെന്നതാണ് വിശ്വാസം. അങ്ങനെ നിരന്തരമായ നൂഴലിലൂടെ ജന്മജന്മാന്തരങ്ങളില്‍ ഈ രാജാത്മാക്കള് ചെയ്ത പാപങ്ങള്‍ക്ക് മുക്തി ലഭിച്ചുവേ്രത.
ത്രിമൂര്‍ത്തികളായ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വിശ്വകര്‍മ്മാവാണ് ഗൂഹമുഖത്തിന്റെ പണിക്ക് തുടക്കമിട്ടത്. ഐരാവതോപരി ഇരുന്ന് ദേവേന്ദ്രന് മുപ്പത്തി മുക്കോടി ദേവതകള്‍ക്കൊപ്പം പുനര്‍ജ്ജനി ഗുഹാ നിര്‍മ്മാണത്തിന് സാക്ഷ്യം വഹിച്ചതായും ഐതിഹ്യങ്ങള്‍ പറയുന്നു.
ഗൂഹ മുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് അതു നൂഴുന്നതിനുള്ള ശുഭസമയം തിട്ടപ്പെടുത്തേണ്ടി വന്നു. ഋഷിവര്യന്മാരും ദേവതകളും കൂടിയാലോചിച്ച് ഇതിനുള്ള സമയം കണ്ടെത്തി. വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശി നാളാണ് അവര്‍ ഇതിനായി നിശ്ചയിച്ചത്. അന്നാണ് വിഷ്ണുപ്രീതിക്കു വിശേഷപ്പെട്ട ഗുരുവായൂര്‍ ഏകാദശിയും.
ഈ വര്‍ഷത്തെ പുനര്‍ജ്ജനി നൂഴല്‍ ബുധനാഴ്ച ആണ്. വൃശ്ചിക ശുക്ലപക്ഷ ഏകാദശി ഒഴികെയുള്ള ദിവസങ്ങളില്‍ ഗൂഹ നൂഴുന്നത് പ്രേതാത്മക്കളാണെന്ന് വിശ്വാസം.
കുളിച്ച് ശുദ്ധമായി ഹരേ രാമ ഹരേകൃഷ്ണ എന്ന നാമ മന്ത്രച്ചാരണത്തോടെ വേണം ഭക്തര്‍ പുനര്‍ജ്ജനി ഗൂഹ നൂഴാന്‍ എന്നാണ് വിധി. രാവിലെ മുതല്‍ രാത്രി വരെയാണ് ഗൂഹ നൂഴേണ്ട സമയം. അത്യന്തം ദുഷ്ക്കരവും ഇടുങ്ങിയതുമാണ് പുനര്‍ജ്ജനി ഗുഹ. ഇതിലൂടെ ഇരുന്നും നിന്നും നിരങ്ങിയും മലര്‍ന്ന് കിടന്നും കമഴ്ന്ന് കിടന്നും വേണം ഗുഹയുടെ പുറത്തെത്തുവാന്‍.
വൃശ്ചിക ശുക്ലപക്ഷ ഏകാദശിനാള്‍ പുലര്‍ച്ചെ വില്വാദ്രിനാഥ ക്ഷേത്രം അധികാരികളായ കൊച്ചി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും മേല്‍ശാന്തിയും ഭക്തരും ഗുഹാമുഖത്തെത്തി വിശേഷാല്‍ പൂജകള്‍ക്കു ശേഷമാണ് പുനര്‍ജ്ജനി നൂഴലിനു തുടക്കം കുറിക്കുക. പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട ഗണപതി തീര്‍ത്ഥം, പാപനാശിനി തീര്‍ത്ഥം, പാതാള തീര്‍ത്ഥം, കൊമ്പു തീര്‍ത്ഥം എന്നിവയും പരിപാവനമാണ്.
പുനര്‍ജ്ജനി നൂഴലിനു പങ്കെടുക്കുന്നവര്‍ ഡിസംബര്‍ 10നു രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കണം. തൃശ്ശൂരില്‍ നിന്നും ഇടക്കിടെ തിരുവില്വാമലയിലേക്ക് ബസ് സര്‍വ്വീസ് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: