മുംബൈ: ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ബഹിഷ്കരിച്ച് ഉദ്ധവ് താക്കറെയും ശരത് പവാറും കോണ്‍ഗ്രസും. ഇത് മൂന്നാം തവണയാണ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയാകുന്നത്.
2014 മുതല്‍ 2019 വരെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ഭരിയ്‌ക്കുമ്പോള്‍ മഹാരാഷ്‌ട്രയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു ഫഡ് നാവിസ്. പ്രായം 44. ഫഡ്നാവിസിന്റെ സൗഹൃദത്തിന്റെ ആഴം കൊണ്ടാണ് ഏക് നാഥ് ഷിന്‍ഡെ പോലും പിടിവാശികള്‍ അവസാനിപ്പിച്ച് തിരിച്ചുവന്നത്. എന്നാല്‍ ഉദ്ധവ് താക്കറെയ്‌ക്ക് ഫഡ് നാവിസിനോടുള്ള വെറുപ്പ് ഇരട്ടിയായിരിക്കുന്നു. വെറും തൊടുന്യായം പറഞ്ഞാണ് ചടങ്ങ് ബഹിഷ്ക്കരിക്കുന്നതായി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചത്. ഉദ്ധവും മകന്‍ ആദിത്യ താക്കറെയും അവസാന നിമിഷം വരെ ഏക് നാഥ് ഷിന്‍ഡെയുടെ പിണക്കത്തെ ആഘോഷിച്ചിരുന്നു. ഒരിയ്‌ക്കലും ഷിന്‍ഡെ മഹായുതിയിലേക്ക് മടങ്ങിവരില്ലെന്നും അവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഫഡ്നാവിസ് മുഖ്യമന്ത്രിയാകുകയും ഏക് നാഥ് ഷിന്‍ഡേ ഉപമുഖ്യമന്ത്രിയാകുമെന്നും അറിഞ്ഞത് അവര്‍ക്ക് താങ്ങാനായില്ല. അതാണ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചതിന് പിന്നില്‍.
ശരത് പവാറിനും മകള്‍ സുപ്രിയ സുലേയ്‌ക്കും താങ്ങാനാവാത്ത ആഘാതമാണ് മഹായുതി നല്‍കിയത്. അജിത് പവാറിന്റെ നേതൃത്വത്തില്‍ വന്‍കുതിപ്പാണ് അജിത് പവാര്‍ എന്‍സിപി പക്ഷം നേടിയത്. ശരത് പവാറിനെ സംബന്ധിച്ചിടത്തോളം ഈ വാര്‍ധക്യകാലത്ത് താങ്ങാന്‍ കഴിയാത്ത അത്രയും ആഘാതമായിരുന്നു ലഭിച്ചത്. തന്റെ എന്‍സിപി വെറും 10 സീറ്റുകളില്‍ ചുരുങ്ങുന്നതും മരുമകന്‍ അജിത് പവാറിന്റെ എന്‍സിപി 41 സീറ്റുകളില്‍ വിജയിക്കുന്നതും കണ്ടു. ഒരു പടക്കുതിരയായുള്ള അജിത് പവാറിന്റെ കുതിപ്പിനെ അംഗീകരിക്കാന്‍ ശരത് പവാറിനോ മകള്‍ സുപ്രിയാ സുലേയ്‌ക്കോ കഴിയില്ലായിരുന്നു. അതുകൊണ്ട് അവരും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ നാനാ പടോളെയും ഏക്നാഥ് ഷിന്‍ഡെയുടെ പിണക്കത്തെ മുതലെടുക്കാന്‍ കഴിയുന്നതും ശ്രമിച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് ബിജെപി ജയിച്ചതെന്നും വാദിക്കാന്‍ ശ്രമിച്ചും. ഇത് രണ്ടും വിജയിച്ചില്ല. സത്യപ്രതിജ്ഞ ബഹിഷ്കരിക്കാന്‍ ഇതിനേക്കാള്‍ വലിയ ഒരു കാരണം നാനാ പടോളയ്‌ക്കും ആവശ്യമുണ്ടോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: