തിരുവനന്തപുരം: വര്‍ക്കലയില്‍ മുഖംമൂടി ധരിച്ചെത്തിയവര്‍ വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നെന്ന പരാതി വ്യാജമെന്ന് പൊലീസ്. വര്‍ക്കലയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി സുമതിയെ ആക്രമിച്ച് രണ്ടംഗം സംഘം കവര്‍ച്ച നടത്തിയെന്നായിരുന്നു മകന് ശ്രീനിവാസന് പരാതി നല്‍കിയത്. ബന്ധുവിന് നല്‍കേണ്ട പണവും സ്വര്‍ണവും കൈമാറാതിരിക്കാനുളള നാടകമാണ് അമ്മയും മകനും ചേര്‍ന്നു നടത്തിയത്.
ടെലഫോണ്‍ എക്സ്ചേഞ്ചിന് സമീപം ഫ്ലാറ്റില്‍ വാടകക്ക് താമസിക്കുന്ന സുമതിയെ വീട്ടിനുള്ളില്‍ കയറി രണ്ടംഗ സംഘം തലക്കടിച്ച് പരിക്കേല്‍പ്പിച്ച് അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും നാലുപവന് സ്വര്‍ണവും കവര്‍ന്നുവെന്നായിരുന്നു മകന്റെ പരാതി.തലയില്‍ നിസാര മുറിവ് ഉണ്ടായിരുന്ന സുമതിയെ സ്വകാര്യ ആശുപത്രിയിലേക്ക് ഇന്നലെ മാറ്റിയിരുന്നു.
ചുറ്റം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും മുഖം മറച്ചെത്തിയ ആരെയും കണ്ടെത്താന്‍ പൊലീസിനായില്ല.രഹസ്യമായി സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാരയില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചതെന്നതും പൊലീസിന് സംശയം ഉണ്ടാകാന്‍ കാരണമായി. ശ്രീനിവാസന്റെ ഭാര്യയുടെ മൊഴിയാണ് പൊലിസിന് തുമ്പായത്. ഭാര്യയുടെ ബന്ധുവിന്റെ വിവാഹത്തിന് നല്‍കേണ്ടിയിരുന്നതാണ് സ്വര്‍ണവും പണവും.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ശ്രീനിവാസന് കുറ്റസമ്മതം നടത്തി. സ്വര്‍ണം പൊലിസിന് കൈമാറുകയും ചെയ്തു. വര്‍ക്കലയില്‍ ജ്യൂസുകട നടത്തുകയായിരുന്നു ഈ കുടുംബം. വ്യാജ പരാതി നല്‍കിയതിന് അമ്മയെയും മകനെയും പൊലിസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: