സിംഗപ്പൂര്‍ സിറ്റി: തോല്‍ക്കും എന്ന് ഏകദേശം ഉറപ്പായ സ്ഥിതിയില്‍ നിന്നും അഞ്ചാമത്തെ ഗെയിമിനെ സമനിലയിലേക്ക് കൊണ്ടുവന്ന് ഡി.ഗുകേഷ്. ഉയര്‍ന്ന മാനസികസമ്മര്‍ദ്ദത്തിലിരിക്കുമ്പോഴും സീറ്റിലിരുന്നുള്ള ധ്യാനമാണ് മനസ്സ് കൈവിട്ടുപോകാതെ കരുക്കള്‍ നീക്കാന്‍ ഗുകേഷിനെ പ്രാപ്തനാക്കുന്നത്. അപകടകരമായ നീക്കങ്ങള്‍ നടത്തിയ ശേഷം മൂര്‍ച്ചയേറിയ കണ്ണുകള്‍ കൊണ്ട് ഗുകേഷിനെ നോക്കുന്ന ഡിങ്ങ് ലിറന് ഗുകേഷ് നല്കുന്ന മറുപടി നിശ്ശബ്ദധ്യാനമാണ്. ഓരോ നീക്കം നടത്തിക്കഴിഞ്ഞാലും സീറ്റില്‍ തന്നെ ഇരുന്നുള്ള ധ്യാനം.
എന്തായാലും ഏറെ ടെന്‍ഷന്‍ സമ്മാനിച്ച ശേഷം ചൈനയുടെ ഡിങ്ങ് ലിറനുമായുള്ള അഞ്ചാം ഗെയിമും ഗുകേഷ് സമനിലയിലെത്തിച്ചു. ഇതോടെ ഇരുവര്‍ക്കും രണ്ടര പോയിന്റ് വീതമാണുള്ളത്. ആദ്യ ഗെയിം ഡിങ്ങ് ലിറന് ജയിച്ചപ്പോള്‍ മൂന്നാം ഗെയിം ഗുകേഷ് ജയിച്ചു. മറ്റ് മൂന്ന് ഗെയിമുകളും സമനിലയില്‍ കലാശിച്ചു.
ഇതോടെ ലോക ചെസ് കിരീടപ്പോരാട്ടം കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് നീങ്ങുകയാണ്. വ്യക്തമായ മേല്‍ക്കൈ ആര്‍ക്കുമില്ലാതെ, തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമായി മാറിയിരിക്കുന്നും ലോകചെസ് കിരീടത്തിന് വേണ്ടി സിംഗപ്പൂരില്‍ നടക്കുന്ന പോരാട്ടം.
40 നീക്കങ്ങള്‍ക്ക് ശേഷം സമനില
അഞ്ചാമത്തെ ഗെയിമില്‍ വെള്ളക്കരുക്കള്‍ കൊണ്ട് കളിക്കുന്നത് ഗുകേഷിന് അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഗുണം ചെയ്തില്ല.കറുത്ത കരുക്കള്‍ കൊണ്ട് കളിക്കുന്ന ഡിങ്ങ് ലിറന് ഫ്രഞ്ച് ഡിഫന്‍സാണ് (French Defence) ഇക്കുറിയും ഉപയോഗിച്ചത്. ഫ്രഞ്ച് ഡിഫന്‍സിന്റെ പ്രത്യേകതയാണ് മൂല്യം കൂടിയ വലിയ കരുക്കളായ ക്വീനിനെയും റൂക്കിനെയും എല്ലാം പരസ്പരം വെട്ടിമാറ്റുന്നത്. ഇതിനെ ഫ്രഞ്ച് എക്സ് ചേഞ്ച് (French Exchange) എന്ന് വിളിക്കാറുണ്ട്. ഒമ്പതാം നീക്കത്തില്‍ ഫ്രഞ്ച് എക്സ് ചേഞ്ച് പ്രകാരം ഇരുവരും ക്വീനിനെ വെട്ടിമാറ്റി. അതിന് പിന്നാലെ തേരിനെയും (റൂക്ക്) വെട്ടിമാറ്റി. ഓപ്പണിംഗ് ഗെയിമില്‍ മാസ്റ്ററാണ് ഗുകേഷ്. ആദ്യത്തെ എട്ട് മുതല്‍ 12 നീക്കങ്ങള്‍ വരെയാണ് ഓപ്പണിംഗ് ഗെയിം. പക്ഷെ കളി മധ്യഗെയിമിലേക്ക് നീങ്ങുമ്പോള്‍ ഗുകേഷിന് അല്പം ദുര്‍ബലതകളുണ്ട്. അതാണ് അഞ്ചാം ഗെയിമിലും പ്രതിഫലിച്ചു കണ്ടത്. ഗുകേഷ് ഒരു കാലാളിനെ ഉപയോഗിച്ച് കൊണ്ട് ഡിങ്ങ് ലിറന്റെ നല്ലൊരു കരുവിനെ വെട്ടിയെടുക്കാന്‍ ശ്രമിച്ചത് വലിയ വിനയായി. കാലാളിനെ ജി4 (g4) എന്ന കളത്തിലേക്ക് നീക്കിയതാണ് ഗുകേഷിന് വിനയായത്. ഒരു പക്ഷേ തേര് (റൂക്ക്- Rook) ഉപയോഗിച്ച് അത് ചെയ്യാമായിരുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. അവിടെയാണ് ഗുകേഷിന് പിഴച്ചത്. അതോടെ ഡിങ്ങ് ലിറന് മേല്‍ക്കൈ നേടാന്‍ തുടങ്ങി.
ഗുകേഷ് സമനില പിടിച്ചതില്‍ പോള്‍ഗാറിന് അത്ഭുതം
കൂടുതല്‍ സമയമെടുത്ത് ചിന്തിച്ച് അപകടങ്ങളില്‍ നിന്നും തലയൂരാന്‍ ഗുകേഷ് ഒരു മാര്‍ഗ്ഗം കണ്ടെത്തുകയായിരുന്നു. അങ്ങിനെയാണ് സമനില പിടിച്ചത്. അപകടകരമായ ഒരു പൊസിഷനില്‍ നിന്നും എത്ര വേഗത്തിലാണ് ഗുകേഷ് ഗെയിമിനെ സമനിലയില്‍ എത്തിച്ചതെന്ന് ഹംഗറിയില്‍ നിന്നുള്ള വനിതാ ഗ്രാന്റ് മാസ്റ്റര്‍ ജൂഡിത് പോള്‍ഗാര്‍ പറയുന്നു. അഞ്ചാം ഗെയിമില്‍ വെള്ളക്കരുക്കള്‍ കൊണ്ട് കളിക്കുന്ന ഗുകേഷ് ഉഗ്രമായ വിജയം നേടുമെന്ന് ചെസ്സിലെ അജയ്യനായ നോര്‍വ്വെ ഗ്രാന്റ മാസ്റ്റര്‍ മാഗ്നസ് കാള്‍സന്റെ പ്രവചനം പക്ഷെ ഫലിച്ചില്ല.
14 ഗെയിമുകളുള്ള മത്സരത്തില്‍ ആദ്യം ഏഴരപോയിന്റ് നേടുന്ന താരം ലോക് ചെസ് ചാമ്പ്യനാകും. 7-7 എന്ന നിലയില്‍ സമനില പാലിച്ചാല്‍ പിന്നെ ഇരുവരും നാല് ഗെയിമുകള്‍ കളിച്ചാണ് അതില്‍ നിന്നും വിജയിയെ തീരുമാനിക്കുക.
ലോക ചെസ് കിരീടപ്പോരാട്ടം കോടികള്‍ നേടുന്ന കളി
ഒരു കളി ജയിച്ചാല്‍ 1.68 കോടി രൂപ ലഭിക്കും. ഒന്നാമത്തെ ഗെയിം ജയിച്ച ഡിങ്ങ് ലിറനും മൂന്നാമത്തെ ഗെയിം ജയിച്ച ഗുകേഷിലും 1.68 കോടി രൂപ ലഭിക്കും. ആകെ 20.75 കോടി രൂപയാണ് സമ്മാനത്തുക. ടൂര്‍ണ്ണമെന്റില്‍ വിജയിക്കുന്ന താരത്തിന് 10.75 കോടി രൂപ ലഭിക്കും. രണ്ടാം സ്ഥാനക്കാരന് 9.96 കോടി രൂപയും ലഭിക്കും.
ലോക ചെസ് കിരീടത്തിന് രണ്ട് ഏഷ്യന്‍ താരങ്ങളുടെ പോരാട്ടം
138 വര്‍ഷത്തെ ലോക ചെസ് ചരിത്രം പരിശോധിച്ചാല്‍ സിംഗപ്പൂരില്‍ നടക്കുന്ന ലോകചെസ് കിരീടപ്പോരിന് ഒരു പ്രത്യേകതയുണ്ട്. രണ്ട് ഏഷ്യന്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടം ഇതാദ്യമായാണ് നടക്കുന്നത്. അതായത് ചെസ്സിലെ മേല്‍ക്കൈ റഷ്യയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും നഷ്ടപ്പെടുന്നു എന്നര്‍ത്ഥം. ചെസില്‍ വന്‍ ശക്തിയായി മാറുകയാണ് ഇന്ത്യയും ചൈനയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: