റാഞ്ചി: ജാർഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ സഖ്യകക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ ഏറെക്കുറെ അന്തിമമായെന്ന് അറിയിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ചുമതലക്കാരിൽ ഒരാളായ ശർമ്മ പാർട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിൽ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ പങ്കാളികൾ തമ്മിലുള്ള സീറ്റ് വിഭജനം ഏറെക്കുറെ അന്തിമമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചയുടൻ തങ്ങൾ 24 മുതൽ 48 മണിക്കൂറിനുള്ളിൽ ആദ്യ പട്ടിക പുറത്തിറക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് പങ്കിടൽ ധാരണ പ്രകാരം സുധേഷ് മഹ്തോയുടെ നേതൃത്വത്തിലുള്ള എജെഎസ്‌യു പാർട്ടി 9-11 സീറ്റുകളിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമെന്നും എൽജെപിയുമായുള്ള (രാം വിലാസ്) സീറ്റ് വിഭജന ചർച്ചകൾ ബുധനാഴ്ചയോ വ്യാഴാഴ്ചയോ പാർട്ടിയുടെ തലവൻ ചിരാഗ് പാസ്വാൻ വിദേശത്ത് നിന്ന് തിരിച്ചെത്തിയതിന് ശേഷം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചോ ആറോ സീറ്റുകളൊഴികെ മിക്കവാറും എല്ലാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ നിശ്ചയിച്ചുകഴിഞ്ഞുവെന്നും അവയിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തിരഞ്ഞെടുപ്പ് കമ്മിറ്റി നാളെ വീണ്ടും യോഗം ചേരും. ശേഷം തുടർന്ന് പാർട്ടിയുടെ പാർലമെൻ്ററി ബോർഡ് യോഗം ചേരുമെന്നും ശർമ്മ പറഞ്ഞു.
നിലവിലെ സഭയുടെ കാലാവധി 2025 ജനുവരി 5 ന് അവസാനിക്കുമെന്നതിനാൽ 81 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വർഷം നടക്കാനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: