Kerala

കോഴിക്കോട് യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചതില്‍ റെയില്‍വെ ജീവനക്കാരനെതിരെ കേസ്

ട്രെയിനിന്റെ എ സി കോച്ചില്‍ നിന്നും അനില്‍ കുമാര്‍ ശരവണനെ തള്ളിയിട്ടെന്ന് യാത്രക്കാരി മൊഴി നല്‍കിയത് പ്രകാരമാണ് അനില്‍ കുമാറിനെതിരെ കേസെടുത്തത്.

Published by

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചതില്‍ റെയില്‍വെ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. റെയില്‍വെ കരാര്‍ ജീവനക്കാരനായ കണ്ണൂര്‍ സ്വദേശി അനില്‍ കുമാറിനെതിരെയാണ് കേസെടുത്തത്.

അതേസമയം,ട്രെയിനില്‍ നിന്ന് വീണ് മരിച്ചത് തമിഴ്‌നാട് കാഞ്ചിപുരം സ്വദേശി ശരവണന്‍ ആണെന്ന് തിരിച്ചറിഞ്ഞു. ട്രെയിനിന്റെ എ സി കോച്ചില്‍ നിന്നും അനില്‍ കുമാര്‍ ശരവണനെ തള്ളിയിട്ടെന്ന് യാത്രക്കാരി മൊഴി നല്‍കിയത് പ്രകാരമാണ് അനില്‍ കുമാറിനെതിരെ കേസെടുത്തത്.

സംഭവത്തില്‍ അനില്‍ കുമാറിനെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേസെടുത്തത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ രാത്രി 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്.

എസി കമ്പാര്‍ട്‌മെന്റിലെ വാതിലില്‍ ഇരുന്ന ആളാണ് മരിച്ചത്.സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ നീങ്ങിയ ഉടനെയാണ് അപകടം. യാത്രക്കാര്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. യാത്രക്കാരന്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. യാത്രക്കാരനെ തള്ളിയിടാനുണ്ടായ സാഹചര്യം ഉള്‍പ്പെടെ അന്വേഷണത്തിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by