കൊല്ലം – പൂജവയ്പിനോടനുബന്ധിച്ച് ഒക്ടോബര്‍ 11ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ച നടപടി ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനാണെന്ന കൊല്ലം എം പി, എന്‍ കെ പ്രേമചന്ദ്രന് എം പി യുടെ വാദം വിചിത്രവും ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാന്‍ ലക്ഷ്യം വെച്ചുള്ളതുമാണെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ ടി യു). ഗ്രന്ഥങ്ങള്‍ പൂജവെച്ചശേഷം, വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കാതെ പഠനം നടക്കണമെന്നാണോ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് എന്‍ ടി യു സംസ്ഥാന പ്രസിഡന്റ് പി എസ് ഗോപകുമാര്‍ ചോദിച്ചു.
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്ക് അനുസരിച്ച് ആശ്വിന മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രഥമ മുതല്‍ ദശമി വരെയാണ് രാജ്യമെങ്ങുമുള്ള വിശ്വാസികള്‍ നവരാത്രി – വിജയദശമി ആഘോഷിക്കുന്നത്. പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ പതിവുള്ളതാണ്. അതിനാലാണ് ഇക്കുറി നവരാത്രി ആഘോഷങ്ങള്‍ക്കിടെ തൃതീയ രണ്ടു നാള് വരികയും പൂജവെയ്പ് അഷ്ടമി സന്ധ്യയ്ക്ക് തൊടുന്ന ഒക്ടോബര്‍ പത്തിന് ജ്യോതിഷ പണ്ഡിതന്മാര് ഗ്രന്ഥപൂജ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുള്ളത്. കേരള സര്‍ക്കാരിന്റെ കലണ്ടറിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പഞ്ചാംഗത്തിലും ഇത് രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഗ്രന്ഥങ്ങള്‍ പൂജവെച്ച ശേഷം ഒക്ടോബര്‍ 11ന് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യം സര്‍ക്കാരിനെ അറിയിക്കുകയും അവധി ആവശ്യപ്പെട്ട് കത്ത് നല്‍കുകയുമാണ് ദേശീയ അധ്യാപക പരിഷത്ത് ചെയ്തത്്. കേരളത്തിന്റെ പൊതുമണ്ഡലത്തിലെയും പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലെയും പ്രശ്നങ്ങളില്‍ കൃത്യമായി ഇടപെടാറുള്ള എന്‍ ടി യു യാതൊരു വര്‍ഗീയ താല്പര്യവും ഒരു വിഷയത്തിലും പ്രകടിപ്പിക്കാറില്ല. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയില്‍ അതിന്റെ ധര്‍മ്മമാണ് നിറവേറ്റിയത്.
എന്നാല്‍, യാതൊരു തത്വതീക്ഷയുമില്ലാതെ ഇരുട്ടി വെളുക്കുമ്പോള്‍ മുന്നണി മാറുവാന്‍ പോലും മടിയില്ലാത്ത എന്‍ കെ പ്രേമചന്ദ്രന്റെ വര്‍ഗീയ താല്പര്യങ്ങള് എല്ലാവര്ക്കും അറിവുള്ളതാണ്. ആര്‍എസ്എസ് വിരോധം പ്രകടിപ്പിച്ച് ന്യൂനപക്ഷ പ്രീണനമാണ് അദ്ദേഹം ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രേമചന്ദ്രന് ഭരണത്തിലും പ്രതിപക്ഷത്തുമുണ്ടായിരുന്ന പല സന്ദര്‍ഭങ്ങളിലും സമാനമായ രീതിയില്‍ പൂജവെയ്പിന് അധിക അവധി നല്കിയ ചരിത്രം അദ്ദേഹം മറന്നതാവാനിടയില്ല. ചാന്ദ്ര സംബന്ധിയായ ഇതര മത വിശ്വാസികളുടെ വിശേഷങ്ങള്‍ക്കും ഇത്തരത്തില്‍ അധിക അവധി നല്‍കിയിട്ടുള്ളത് അറിയാത്ത സംഗതിയല്ല.പിഎസ് ഗോപകുമാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: