തൊടുപുഴ: ഇടുക്കി പ്രസ്‌ക്ലബും വയലറ്റ് ഫ്രെയിംസും സംയുക്തമായി സംഘടിപ്പിച്ച ഇടുക്കി ഫിലിം ഫെസ്റ്റിവലില്‍ വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണം ചലച്ചിത്രതാരം രമ്യ പണിക്കര്‍ നിര്‍വഹിച്ചു. പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളില്‍ അധ്യക്ഷത വഹിച്ചു.
നാഗാര്‍ജുന ടെക്‌നിക്കല്‍ ഡയറക്ടര്‍ ഡോ.വി.എസ്.കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍, ജൂറിയംഗം ജിന്റോ ജോണ്‍, ഫെസ്റ്റിവല്‍ കണ്‍വീനര്‍ ലിന്റോ തോമസ്, കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണി രാമപുരം എന്നിവര്‍ പ്രസംഗിച്ചു.
രാഹുല്‍ ശശിധരന്‍ സംവിധാനം ചെയ്ത രാജകുമാരിയാണ് മികച്ച ചിത്രം. 25000 രൂപയും ഫലകവും പ്രശസ്തിപത്രവും രാജകുമാരിയുടെ നിർമ്മാതാവ് സജീവ് കുമാർ ഏറ്റുവാങ്ങി. ഫെബിന്‍ മാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഹിതം രണ്ടാമത്തെ മികച്ച ചിത്രവും സിരിന്‍സണ്‍ സംവിധാനം ചെയ്ത അവസാനത്തെ മോഷണം മൂന്നാമത്തെ മികച്ച ചിത്രവുമായി തെരഞ്ഞെടുക്കപ്പെട്ടു.
സംവിധായകൻ സിരിൻസൺ അവാർഡ് ഏറ്റുവാങ്ങി. റിതിന്‍ രാജേഷ് സംവിധാനം ചെയ്ത വെള്ളിയാഴ്ചകളിലെ വെള്ളിമുട്ടകള്‍ സ്‌പെഷല്‍ ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച നടന്‍ ബോബി നായര്‍ (യാത്ര), മികച്ച നടി വൈഗ കെ. സജീവ്(രാജകുമാരി) ഹിതം സംവിധാനം ചെയ്ത ഫെബിന്‍ മാര്‍ട്ടിന്‍ മികച്ച സംവിധായകനും തിരക്കഥാകൃത്തിനും എഡിറ്റര്‍ക്കുമുള്ള അവാര്‍ഡും ഏറ്റുവാങ്ങി.
മികച്ച കാമറാമാനുള്ള അവാര്‍ഡ് രാജകുമാരിയുടെ ഷാരോന്‍ ശ്രീനിവാസും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് അലൻ ജോസഫ് നെപ്പോളിയൻ ഏറ്റുവാങ്ങി. അവാര്‍ഡ് വിതരണത്തോടനുബന്ധിച്ച് പുരസ്ക്കാരം നേടിയ ചിത്രങ്ങളുടെ പ്രദർശനവും നടന്നു.
പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി അഖില്‍ സഹായി, വൈസ് പ്രസിഡന്റ് പി.കെ.എ.ലത്തീഫ്, കമ്മിറ്റിയംഗങ്ങളായ വി.വി.നന്ദു, ഷിയാസ് ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: