തിരുവനന്തപുരം: നാലു ദിവസം കുടിവെള്ളമില്ലാതെ നരകയാതന അനുഭവിച്ച തലസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശ്വാസം. പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായതോടെ രാത്രി പത്തോടെ തിരുവനന്തപുരം നഗരത്തില്‍ പമ്പിങ് പുനഃരാരംഭിച്ചു.
ന?ഗരസഭയുടെ നേതൃത്വത്തില്‍ 40 വാഹനങ്ങളില്‍ ഇപ്പോള്‍ വെള്ളമെത്തിക്കുന്നുണ്ട്. പത്ത് വാഹനങ്ങള്‍ കൊച്ചിയില്‍ നിന്നും എത്തിക്കും. മാധ്യമങ്ങള്‍ ജനങ്ങളുടെ പരാതി അറിയിക്കാന്‍ നല്ല ശ്രമം നടത്തി. അവസാന പരാതി പരിഹരിക്കുന്നത് വരെ ടാങ്കറില്‍ ജലവിതരണം നടത്തുമെന്ന് മേയര്‍ അറിയിച്ചു.
നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലും ഐരാണിമുട്ടം ടാങ്കില്‍നിന്നു വിതരണം നടക്കുന്ന പ്രദേശങ്ങളിലും രാവിലെയോടെ ജലവിതരണം പൂര്‍വസ്ഥിതിയിലാകുമെന്നും ജലഅതോറിറ്റി അറിയിച്ചു.
തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടു റെയില്‍വേ ട്രാക്കിനു അടിയില്‍ കൂടി പോകുന്ന 500 എംഎം 700 എംഎം പൈപ്പുകളുടെ അലൈന്‍മെന്റ് മാറ്റുന്നതിന് വേണ്ടിയാണ് പമ്പിങ് നിര്‍ത്തി വച്ചത്.
വൈകീട്ട് നാലുമണിയോടെ നഗരത്തില്‍ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പ്. എന്നാല്‍, ഞായറാഴ്ച വൈകീട്ടും പണി പൂര്‍ത്തിയാവാത്തതോടെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ നാലുദിവസമായി തലസ്ഥാന നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയായിരുന്നു.
സർക്കാരിനെതിരെയും നഗരസഭക്കെതിരെയും രൂക്ഷ വിമർശനമാണ് വിഷയത്തിൽ ഉയർന്നത്.
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന ഓണ പരീക്ഷകളും മാറ്റിവെച്ചു. നഗരസഭ പരിധിയിലെ സ്‌കൂളുകളിലെ പരീക്ഷയാണ് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: