ആലുവ : സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച യുവതിയെ അപമാനിച്ച മധ്യവയസ്കൻ പിടിയിൽ. നെടുമ്പാശ്ശേരി സ്വദേശി റിജു (55) വിനെയാണ് ആലുവ സൈബർ പോലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ യുവതിയുടെയും മറ്റൊരു വ്യക്തിയുടെയും പേരിൽ ഉണ്ടാക്കുകയും അതിൽ ഇരുവരുടെയും ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് അവരുടെ കുടുംബ ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാക്കുന്ന രീതിയിലുള്ള സന്ദേശങ്ങൾ ബന്ധുക്കൾക്കും അയച്ചു കൊടുത്തു.
ഈ കാര്യത്തിന് കൂടുതൽ വിശ്വാസ്യത വരുന്നതിനുവേണ്ടി പ്രതിയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിയുടെ വാട്സ്ആപ്പ് നമ്പറിൽ നിന്നും ഇരുവരുടെയും കുടുംബാംഗങ്ങൾക്കും സമാനമായ രീതിയിലുള്ള സന്ദേശങ്ങൾ ഇയാൾ അയച്ചിട്ടുള്ളതായും അന്വേഷണത്തിൽ തെളിഞ്ഞു. യുവതിയുമായുള്ള അടുപ്പം സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് പ്രതി ഇതെല്ലാം ചെയ്തത്.
ഇയാൾ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം കുടുംബമായി താമസിച്ചു വരികയാണ്. മറ്റൊരു സ്ത്രീയോട് അടുപ്പം സ്ഥാപിക്കാൻ ശ്രമിക്കുകയും യുവതി എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
ഇയാൾ ഈ രീതിയിൽ ഉള്ള കാര്യങ്ങൾ ചെയ്തിട്ട് ഈ കാര്യങ്ങൾ ചെയ്തത് യുവതിയുടെ ഭർത്താവാണ് ഈ കാര്യങ്ങൾ ചെയ്തതെന്ന് വരുത്തി തീർക്കാനുള്ള ശ്രമവും നടത്തി. സമാന രീതിയിൽ ഉള്ള കുറ്റകൃത്യങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരുന്നു. പ്രതിയെ കണ്ടെത്താതിരിക്കാൻ പ്രതി സ്വന്തം വൈഫൈ ഉപയോഗിക്കാതെ മറ്റൊരു വൈഫൈ ഉപയോഗിച്ചാണ് കുറ്റകൃത്യം ചെയ്തിട്ടുള്ളത്.
ഇൻസ്പെക്ടർ വിപിൻദാസ്, എസ്ഐ സി. ആർ. ഹരിദാസ് , എഎസ്ഐ ആർ. ഡെൽജിത്, സിപിഒമാരായ ലിജോ ജോസ് , ആൽബിൻ പീറ്റർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: