ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതോടെ രാജ്യസഭയില്‍ എന്‍ഡിഎക്ക് ഭൂരിപക്ഷമായി. 11 പുതിയ എംപിമാര്‍ രാജ്യസഭയിലേക്ക് എന്‍ഡിഎയുടെ ഭാഗമായെത്തിയതോടെ ഭരണപക്ഷത്തിന്റെ ആകെ സംഖ്യ 121 ആയി.
പുതുതായി സഭയിലേക്ക് എത്തിയവരില്‍ 9 പേര് ബിജെപിയും രണ്ട് പേര് സഖ്യകക്ഷികളുമാണ്. അതിനിടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രണ്ട് രാജ്യസഭാംഗങ്ങള്‍ ഇന്നലെ രാജിവച്ച് ടിഡിപിയില്‍ ചേരാന്‍ തീരുമാനിച്ചത് പ്രതിപക്ഷത്തെ കൂടുതല്‍ ദുര്‍ബലമാക്കി. എം. വെങ്കട്ടരമണ, ബേഡ മസ്താന് റാവു എന്നിവരാണ് രാജിവച്ചത്. വെങ്കട്ടരമണയ്ക്ക് 2026 വരെയും റാവുവിന് 2028 വരെയും കാലാവധി ബാക്കിയുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ടിഡിപി എംപിമാരായി ഇരുവരും തന്നെ വീണ്ടും രാജ്യസഭയിലേക്കെത്തും. ഇതോടെ എന്‍ഡിഎയുടെ സംഖ്യ 123 ആകും. ഇതിന് പുറമേ രാഷ്ട്രപതിയുടെ നോമിനേറ്റഡ് എംപിമാരുടെ നാല് ഒഴിവുകളിലേക്കുള്ള പ്രഖ്യാപനം കൂടി വന്നാല്‍ രാജ്യസഭയില്‍ എന്‍ഡിഎ വലിയ ഭൂരിപക്ഷത്തിലെത്തും.
നിലവില്‍ രാജ്യസഭയില്‍ ബിജെപിക്ക് 96 അംഗങ്ങളാണുള്ളത്. ശിവസേന, എന്‍സിപി, ജെഡിയു, ടിഡിപി തുടങ്ങിയ സഖ്യകക്ഷികള്‍ക്കായി 25 എംപിമാരുമുണ്ട്. കോണ്‍ഗ്രസിന് 27 പേരും തൃണമൂല്‍ കോണ്‍ഗ്രസിന് 13 പേരും വൈഎസ്ആര്‍ കോണ്‍ഗ്രസിന് 11 പേരുമുണ്ട്. ആപ്പിനും ഡിഎംകെയ്ക്കും പത്തു എംപിമാര്‍ വീതമുണ്ട്. ബിജു ജനതാദളിന് എട്ടും ആര്‍ജെഡിക്ക് അഞ്ചും എംപിമാരുണ്ട്. എഐഎഡിഎംകെ (4), ബിആര്‍എസ് (4) എന്നിവര്‍ ഭരണ, പ്രതിപക്ഷത്തിനൊപ്പം നില്‍ക്കാതെ മാറിനില്‍ക്കുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: