ഇന്നേവരെ ഒരു ഭരണാധികാരിയും പ്രകടിപ്പിക്കാത്ത വാത്സല്യത്തിന്റെയും കരുതലിന്റെയും കരുണയുടേയും യഥാര്‍ഥ മുഖമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ കണ്ടത്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മൂന്നുമണിക്കൂര്‍ സമയം നിശ്ചയിച്ചെത്തിയ പ്രധാനമന്ത്രി ഇരട്ടിയോളം സമയമെടുത്താണ് എല്ലാം നേരില്‍ കണ്ടത്. ഉറ്റവര്‍ നഷ്ടപ്പെട്ടവരുടേയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടേയും കണ്ണീരൊപ്പാന്‍ കഴിയും പോലെ അദ്ദേഹം പെരുമാറി. കേന്ദ്രം നല്‍കാനുള്ളതെല്ലാം നല്‍കുമെന്നും പണമില്ലാത്തതിന്റെ പേരില്‍ ഒന്നിനും ഒരു മുടക്കവും വരുത്തരുതെന്നും നിര്‍ദ്ദേശിച്ചു. സ്കൂള്‍ കുട്ടികളുടെ വിദ്യാഭ്യാസം, ശേഷിക്കുന്നവരുടെ തൊഴില്‍ എന്നിവയ്ക്കൊന്നും ഒരു കോട്ടവും വരുത്തരുതെന്ന് ഉപദേശിച്ചു. വയനാടിനെ ചേര്‍ത്തുപിടിച്ചും കണ്ണീരൊപ്പാന്‍ ആവും വിധമെല്ലാം പെരുമാറിയ നരേന്ദ്രമോദി അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളുടെ മനം കവര്‍ന്നിരിക്കുകയാണ്. ദുരന്തമേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രിയില്‍ കഴിയുന്നവരേയും മോദി സന്ദര്‍ശിച്ചു. വയനാട്ടിലുണ്ടായ ദുരന്തത്തിന്റെ ഗൗരവവും വ്യാപ്തിയും മനസ്സിലാക്കിയ പ്രധാനമന്ത്രി, ദുരന്തത്തിനിരയായവരുടെ നഷ്ടപ്പെട്ട സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കാന്‍ കേന്ദ്രം എന്തൊക്കെ ചെയ്യണോ അതൊക്കെ ചെയ്യാമെന്നുറപ്പും നല്കി.
കണ്ണൂരില്‍നിന്ന് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ചൂരല്‍മലയ്ക്കു മുകളിലെത്തിയത് ശനിയാഴ്ച രാവിലെ 11.35 ന്. പുഞ്ചിരിമട്ടത്ത് ഉരുളിന്റെ പ്രഭവകേന്ദ്രമടക്കമുള്ള പ്രദേശങ്ങള്‍ക്കു മുകളിലൂടെ പറന്നു. കോപറ്ററില് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടായിരുന്നു. ഉദ്യോഗസ്ഥരില്‍ നിന്ന് ദുരന്തത്തിന്റെ ഭീകരത മനസ്സിലാക്കിയ പ്രധാനമന്ത്രി 12.17ന് കല്‍പറ്റയിലിറങ്ങി. തുടര്‍ന്ന് കാറില്‍ മേപ്പാടിയിലേക്കു തിരിച്ച പ്രധാനമന്ത്രി കള്ളാടി, പുത്തുമല വഴിയാണു ചൂരല്‍മലയിലെത്തിയത്. ദുരന്തത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍ കാണാനായി സ്കൂള്‍ റോഡിലൂടെ നടന്നു. ഉരുള്‍പൊട്ടലില്‍ ഒഴുകിയെത്തിയ ചെളിയും മരങ്ങളും ഒരുവശത്തേക്കു നീക്കി വഴിയൊരുക്കിയിരുന്നെങ്കിലും റോഡില്‍ ചെളി കട്ടിയായി കിടക്കുന്നുണ്ടായിരുന്നു. ഇതുവഴി നടന്ന അദ്ദേഹം തകര്‍ന്ന വെള്ളാര്‍മല ഗവ. എച്ച്എസ്എസിലാണ് ആദ്യമെത്തിയത്. ചീഫ് സെക്രട്ടറി വി.വേണു, എഡിജിപി എം.ആര്.അജിത്കുമാര്‍, കലക്ടര്‍ ഡി.ആര്.മേഘശ്രീ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ചൂരല്‍മല പുഴയില്‍ പട്ടാളം നിര്‍മിച്ച ബെയ്ലി പാലത്തില്‍നിന്ന് ഇരുകരകളിലും തകര്‍ന്ന വീടുകളെക്കുറിച്ചു തിരക്കി. രക്ഷാദൗത്യത്തില്‍ പങ്കാളികളായ ഉദേ്യാഗസ്ഥരുമായി ചര്‍ച്ച നടത്തി. ചൂരല്‍മലയില്‍നിന്ന് നേരെ മേപ്പാടി സെന്റ് ജോസഫ്സ് ഗേള്‍സ് എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ പ്രധാനമന്ത്രി അന്തേവാസികളുമായി സംസാരിച്ചു. ആശങ്കപ്പെടരുതെന്നും എല്ലാവരും കൂടെയുണ്ടെന്നും മോദി ആശ്വസിപ്പിച്ചു. കുട്ടികളെ ചേര്‍ത്തുപിടിച്ച് പിന്തുണയേകി. ക്യാമ്പിലെ ഡോക്ടര്‍മാര്‍, കൗണ്‍സലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. 25 മിനിറ്റ് ക്യാമ്പില്‍ ചെലവഴിച്ച ശേഷം യാത്ര തുടര്‍ന്നു.
3.15ന് മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിലെത്തി ചികിത്സയിലുള്ള അവന്തിക, അരുണ്‍, അനില്‍, നൈസ, റെജിന തുടങ്ങിയവരെ ആശ്വസിപ്പിച്ചു. കുഞ്ഞു നൈസയോടൊപ്പം കളിച്ചും അവന്തികയോടു തമാശ പറഞ്ഞുമാണ് പ്രധാനമന്ത്രി സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. ചൂരല്‍മല സ്വദേശി അയ്യപ്പന്റെ ദുരിതം കേട്ടു. വീട്ടിലെ എല്ലാവരേയും നഷ്ടപ്പെട്ട മുഹമ്മദ് ഹാനിയായുമായും പ്രധാനമന്ത്രി സംസാരിച്ചു. എല്ലാവര്ക്കും ആശ്വാസമാണ്, പ്രതീക്ഷയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം വ്യക്തമായി കണക്കും വിവരങ്ങളും കൈമാറുന്ന മുറയ്ക്ക് കേന്ദ്രം കൂടെയുണ്ടെന്ന് തന്നെ പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: