കൊച്ചി: കളി തീരും വരെ ആകാംക്ഷ… അവസാന നിമിഷങ്ങളിലെ സസ്പെന്‍സ് ഓരോ മുഖത്തും. ഗോള്‍മുഖത്തെ സേവുകളില്‍ ആരവം… കിഴക്കമ്പലത്ത് പറാട്ട് വീട് ഇന്നലെ പാരീസിലായിരുന്നു. ശ്രീജേഷിന്റെ അഭിമാനനേട്ടത്തില്‍ തുള്ളിച്ചാടിയും കെട്ടിപ്പിടിച്ചും നാടും വീടും ആഘോഷത്തിലമര്‍ന്നു. വിജയ നിമിഷം ശ്രീജേഷിന്റെ വീട്ടിലും സന്തോഷം അണപ്പൊട്ടി. അച്ഛന് പി.പി. രവീന്ദ്രന് അമ്മ ഉഷയെ ചേര്‍ത്ത് പിടിച്ചു. വാക്കുകള്‍ കിട്ടാതെ ഭാര്യ ഡോ. അനീഷ്യയും മക്കളായ ശ്രീയാന്‍ഷും അനുശ്രീയും. ഒപ്പം സഹോദരന് ശ്രീജിത്തും കുടുംബവും.
ശ്രീജേഷിനെ ഓര്‍ത്ത് അഭിമാനമുണ്ടെന്ന് അച്ഛന് പ്രതികരിച്ചു. തുടര്‍ച്ചയായ രണ്ട് വര്‍ഷവും മെഡല്‍ നേടാനായതില്‍ ഒരുപാട് സന്തോഷവും അഭിമാനവുമുണ്ടെന്നും ഭാര്യ അനീഷ്യയും പറഞ്ഞു. വിടവാങ്ങല്‍ മത്സരം നാട് കൊതിക്കുന്ന മെഡല്‍ നേട്ടത്തോടെയായത് ഇരട്ടി മധുരമായി.
മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കിഴക്കമ്പലത്തെ വീട് ബന്ധുക്കളേയും അയല്‍ക്കാരേയും കൊണ്ട് നിറഞ്ഞിരുന്നു. ആര്‍പ്പു വിളികളോടെയാണ് ശ്രീജേഷിന്റെ സേവുകളെ കാഴ്ച്ചക്കാര്‍ ആഘോഷിച്ചത്. 335-ാം മത്സരം കൡക്കാനിറങ്ങിയ ശ്രീജേഷിന്റെ അവസാന മത്സരത്തില്‍ ആദ്യ ഗോള്‍ സ്പെയിന് നേടിയപ്പോള്‍ എല്ലാവരുടെയും മുഖത്ത് സങ്കടം. തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ തിരിച്ചടിച്ചതോടെ വിഷമം ആരവമായി.
മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് ബാക്കി നില്‍ക്കെ ശ്രീജേഷിന്റെ നിര്‍ണായകമായ രണ്ട് കിടിലന്‍ സേവുകള്‍ വീടിന്റെ സ്വീകരണ മുറിയെ ആഹ്ലാദത്തിലാക്കി. അവസാന വിസില്‍ മുഴങ്ങിയതോടെ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും ആഘോഷം… അഭിനന്ദനം അറിയിച്ച് നാട്ടുകാരുടെ ഒഴുക്കാണ് വീട്ടിലേക്ക്. ഇനി ശ്രീജേഷ് നാട്ടിലെത്തുന്നതിനുള്ള കാത്തിരിപ്പ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: