കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ ഒന്നാം പ്രതി രാഹുല്‍ പി. ഗോപാലിനോടും പരാതിക്കാരിയായ ഭാര്യയോടും ആഗസ്ത് 14ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും മറ്റ് പ്രതികളും നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ. ബദറുദീന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികള്‍ക്കെതിരായ ഏതെങ്കിലും നിര്‍ബന്ധിത നടപടികള്‍ 14 വരെ മാറ്റിവയ്ക്കാനും ബെഞ്ച് ഉത്തരവിട്ടു.
വിവാഹം കഴിഞ്ഞ് ഏഴ് ദിവസത്തിന് ശേഷം മെയ് 12ന് രാഹുല്‍ കേബിള്‍ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിക്കാരിയുടെ ആരോപണത്തെ തുടര്‍ന്നാണ് കേസ് എടുത്തത്. തുടര്‍ന്ന് പന്തീരാങ്കാവ് പോലീസ് രാഹുലിനും മാതാവ് ഉഷ, സഹോദരി കാര്‍ത്തിക, സുഹൃത്ത് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി രാജേഷ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനം, കൊലപാതകശ്രമം, അപകടകരമായ ആയുധം ഉപയോഗിച്ച് സ്വമേധയാ മുറിവേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. ഇതിനിടെ രാഹുല്‍ വിദേശത്തേക്ക് രക്ഷപ്പെട്ടു.
പിന്നീട്, താനും ഭാര്യയും തമ്മിലുള്ള തെറ്റിദ്ധാരണയാണ് പരാതിയെന്ന് വാദിച്ച് രാഹുലും മറ്റ് പ്രതികളും ഹൈക്കോടതിയെ സമീപിച്ചു. പ്രതികളില്‍ നിന്ന് തനിക്ക് ഒരു പീഡനവും ഉണ്ടായിട്ടില്ലെന്നും ഭാര്യയും വ്യക്തമാക്കി. എന്നാല്‍ രാഹുലിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാകാം ഇര ഈ മൊഴി നല്‍കിയതെന്നാണ് പോലീസ് നല്കുന്ന സൂചന, ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: