വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായി നൂറുകണക്കിനാളുകള്‍ മരിക്കുകയും, വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതിലെ സര്‍ക്കാരിന്റെ വീഴ്ചകള്‍ മറച്ചുപിടിക്കാന്‍ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് ഒൗചിത്യമില്ലെന്നും, കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനെതിരെ ശാസ്ത്രജ്ഞരെ അണിനിരത്തുകയാണെന്നുമൊക്കെയുമുള്ള മുഖ്യമന്ത്രിയുടെ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതവും, സ്വന്തം ഉത്തരവാദിത്വം നിറവേറ്റുന്നതിലുള്ള പരാജയം മറച്ചുപിടിക്കുന്നതുമാണ്. അനധികൃത കുടിയേറ്റവും നിയമവിരുദ്ധ ഖനനവുമാണ് വയനാട്ടിലെ ദുരന്തത്തിന് കാരണമായതെന്ന് കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ഇത് കേന്ദ്രമന്ത്രിയുടെ വ്യക്തിപരമായ അഭിപ്രായമല്ല. മൂന്നു പതിറ്റാണ്ട് മുന്‍പുതന്നെ ഇതുസംബന്ധിച്ച പഠനങ്ങള്‍ പുറത്തുവന്നിട്ടുള്ളതാണ്. ഇതിന്റെ തുടര്‍ച്ചയാണ് സഹ്യപര്‍വ്വതത്തെക്കുറിച്ച് വിശദമായ പഠനം നടത്തി മാധവ് ഗാഡ്ഗില്‍ വ്യക്തമായ മുന്നറിയിപ്പ് നല്‍കിയത്. ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ എട്ട് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഇടതുമുന്നണി സര്‍ക്കാരിന് കഴിഞ്ഞില്ല. മാധവ് ഗാഡ്ഗില്‍ ഉള്‍പ്പെടെ നിരവധി പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ഈ അനാസ്ഥയെ വിമര്‍ശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ചയാവാതിരിക്കാനാണ് വയനാട്ടിലെ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. സത്യം മൂടിവയ്ക്കാനുള്ള ഏകാധിപത്യ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നതോടെ സര്‍ക്കാരിന് വിലക്ക് പിന്‍വലിക്കേണ്ടിവന്നു. ഇതിലുള്ള അമര്‍ഷംകൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രിക്കെതിരെ പ്രകടിപ്പിച്ചത്.
അതീവ പാരിസ്ഥിതിക ദുര്‍ബല മേഖലകളില്‍ അനധികൃത കയ്യേറ്റങ്ങളും നിയമവിരുദ്ധ ഖനനങ്ങളും അനുവദിച്ചതാണ് വയനാട്ടിലെ ദുരന്തത്തിന് വഴിവച്ചതെന്നാണ് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞത്. പ്രാദേശിക ഭരണകൂടങ്ങളാണ് കയ്യേറ്റങ്ങളെ അനുവദിച്ചതെന്നും, സംസ്ഥാന സര്‍ക്കാര്‍ സംവിധാനം ഇതിന് നിയമവിരുദ്ധ സംരക്ഷണം ഒരുക്കിയെന്നും കേന്ദ്രമന്ത്രി പറയുകയുണ്ടായി. കേരളത്തിലെ സഹ്യപര്‍വ്വത മേഖലകളില്‍ അടിക്കടി ഉണ്ടാകുന്ന ഉരുള്‍പൊട്ടലിനെക്കുറിച്ചും മണ്ണിടിച്ചലിനെക്കുറിച്ചും അറിയാവുന്ന ആര്‍ക്കും മനസ്സിലാവുന്ന കാര്യമാണിത്. ഇത് മറച്ചുപിടിക്കാനുള്ള വിഫലശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ദുരന്തത്തിനിരയായവരെ അപമാനിക്കുകയാണെന്നും, ആരാണ് കുടിയേറ്റക്കാരെന്ന് കേന്ദ്രമന്ത്രി പറയണമെന്നുമൊക്കെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണങ്ങള്‍ ദുരുപദിഷ്ടമാണ്. പ്രശ്നത്തെ മതവല്‍ക്കരിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ എതിര്‍ത്ത ശക്തികളെ കൂട്ടുപിടിച്ച് അന്തരീക്ഷം കലുഷിതമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കള്ളപ്രചാരണം നടത്തി ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയശൈലിയാണ് മറ്റു പലതിലുമെന്നപോലെ വയനാട് ദുരന്തത്തിലും മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇടതുമുന്നണി സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിന്റെ കാര്യത്തിലും അഴിമതിയിലും ഇതേ നയംതന്നെയാണ് അധികാരത്തിലേറിയകാലം മുതല്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പുണ്ടായിട്ടും വേണ്ടത്ര സാവകാശം ലഭിച്ചിട്ടും മുന്കരുതലെടുക്കാനോ ജാഗ്രത പാലിക്കാനോ വയനാട്ടില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനോ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. ഇതൊന്നും ചെയ്യാതെ അതിദാരുണമായത് സംഭവിച്ചപ്പോള്‍ കൈമലര്‍ത്തുകയാണ് മുഖ്യമന്ത്രി. അധികമഴയാണ് പ്രശ്നകാരണമെന്നു പറഞ്ഞ് രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിജയിക്കില്ല. ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ താമസിക്കുന്ന ജനങ്ങളെ കൊലയ്ക്കു കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ദുരന്തമുണ്ടായ ശേഷവും പലപ്പോഴും കാഴ്ചക്കാരുടെ റോളിലായിരുന്നു സര്‍ക്കാര്‍ സംവിധാനം. ആരുടെയും അനുവാദത്തിന് കാത്തുനില്‍ക്കാതെ നാട്ടുകാരും സേവാഭാരതിയെപ്പോലുള്ള സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിക്കുകയായിരുന്നു. ഇവരാണ് ദേശീയ ദുരന്ത നിവാരണ സേനയ്ക്കും സൈന്യത്തിനുമൊപ്പം നിന്നത്. സൈന്യം ബെയ്ലി പാലം നിര്‍മിച്ചതിന്റെ ബഹുമതി അടിച്ചുമാറ്റാനുള്ള തരംതാണ വേലകളാണ് ദുരന്തമേഖലയില്‍പ്പോലും മുഖ്യമന്ത്രിയുടെ പാര്ട്ടിക്കാര് ചെയ്തത്. ഉരുള്‍പൊട്ടലിന് ഇരയാവുന്നതില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ യാതൊന്നും ചെയ്യാതിരുന്ന മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിക്കാന്‍ വലിയ ആവേശമാണ് കാണിച്ചത്. ഇതില്‍ ഉദ്ദേശ്യശുദ്ധിയില്ലെന്ന് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് ഭാരമാവുന്നത് ഇങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: