ഡോ.പ്രകാശ് ജനാര്ദ്ദനന്
സ്വാമി ചിന്താലയേശന്‍ (ആലയില്‍ സ്വാമി) എന്ന അദ്ധ്യാത്മിക തേജസ്സിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്ന ഈ വേളയില്‍ ഒരു ചിന്തയാണ് മനസ്സിലേക്ക് കടന്നു വരുന്നത്.എന്താണ് തൃപ്പാദങ്ങളെക്കുറിച്ച് നിരന്തരം എഴുതാന്‍ പ്രേരിപ്പിക്കുന്ന കാരണങ്ങള്‍.
ചിന്തിച്ച് ചെല്ലുമ്പോള്‍ തട്ടി നില്‍ക്കുന്നത് ഒരേ ഒരു കാര്യത്തിലാണ്. ഇങ്ങനെ ഒരു മഹാ ഋഷി മനുഷ്യരുടെ ഇടയില്‍ വാണിരുന്നു എന്ന് വരും തലമുറ വിശ്വസിക്കില്ല. തൃപ്പാദങ്ങളെ ദര്‍ശിക്കാനും, ഇടതടവില്ലാതെ ഇരുപതിറ്റാണ്ടുകള് ആ സവിധം സന്ദര്‍ശിക്കാനും കഴിഞ്ഞതുകൊണ്ട് മാത്രമാണ് ഇതെഴുതുന്ന ഈ എളിയവനും ആ മഹത്വത്തിന്റെ ഒരു തുള്ളിയെങ്കിലും സ്വാംശീകരിക്കാന്‍ കഴിഞ്ഞത്.മഹാ ഋഷിമാരാല്‍, മഹാജ്ഞാനികളാല് കാലപ്രവാഹത്തില്‍ എന്നും ഭാരതം അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും, ഈ നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലുമായി ഇവിടെ ജീവിച്ച, ജീവിക്കുന്ന, ഈ എളിയവന് ഉള്‍പ്പെടുന്ന തലമുറയ്ക്ക് ഭാരത വര്‍ഷത്തെ ധന്യമാക്കിയ രമണമഹര്‍ഷി, ശ്രീരാമകൃഷ്ണ പരമഹംസന്, ശ്രീ നാരായണ ഗുരുദേവന് തുടങ്ങി ഒട്ടേറെ മഹത്തുക്കളെക്കുറിച്ച് കേട്ടറിവും, വായിച്ചറിവും മാത്രമേയുള്ളൂ. അവരുടെ മനുഷ്യ നന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍, അവരിലൂടെ സംഭവിച്ച അത്ഭുതങ്ങള്‍ എല്ലാം തന്നെ അതിശയോക്തിയാണെന്ന് തോന്നിയിരുന്നു, ആലയില്‍ സ്വാമിയെ കാണും വരെ.
ഇത് കലികാലം. ചെപ്പടിവിദ്യകള്‍ കാട്ടി, അദ്ധ്യാത്മികതയേയും, ശാസ്ത്രത്തേയും കൂട്ടിക്കുഴച്ച് പ്രചരിപ്പിച്ച് അദ്ധ്യാത്മിക സാധനകള്‍ എന്ന പേരില്‍ മനുഷ്യനില്‍ വിഭ്രാന്തി സൃഷ്ടിക്കുന്ന ക്രിയകള്‍ ചെയ്യിച്ച്, അവരുടെ മനസ്സിനെ മയക്കി, അവരെ അടിമകള്‍ പോലെയാക്കി സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന, പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നില്ക്കുന്ന അഭിനവ ആചാര്യന്മാര്, ഗുരുക്കന്മാര് വിലസുന്ന കാലം.അക്കാലത്താണ് സര്‍വ്വസംഗപരിത്യാഗിയായി, നൈഷ്ഠികബ്രഹ്മചാരിയായി, എളിയ ജീവിതം നയിച്ചുകൊണ്ട് ആലയില്‍ സ്വാമി നമ്മുടെ സമൂഹത്തില്‍ കഴിഞ്ഞത്. അന്തരീക്ഷത്തില്‍ നിന്നും സാധനങ്ങള്‍ എടുക്കുന്നതോ, ഭ്രാന്ത് പിടിക്കുന്ന സാധനകള്‍ ചെയ്യുന്നതോ, ഭാവി പറച്ചിലോ അല്ല അദ്ധ്യാത്മികത എന്ന് തന്നെ തിരക്കി എത്തുന്നവരോട് ശക്തമായി പറയാനുള്ള ആര്‍ജ്ജവം തന്നെയാണ് ആലയില്‍ സ്വാമിയുടെ വ്യത്യസ്തത.
ആത്യന്തികമായ സത്യം അനുഭവിച്ചറിഞ്ഞതിന്റെ, ഈശ്വരസാക്ഷാത്കാരത്തിന്റെ കരുത്താണ് അത്. അതു കൊണ്ടു തന്നെ അല്പ ബുദ്ധികളായ ആചാര്യന്മാരുടെ ആശ്രമങ്ങളില്‍ അലഞ്ഞ് തിരിഞ്ഞ് ഗതിമുട്ടി ആ സവിധം അണയുന്നവരോട് നിങ്ങള്‍ പ്രതീക്ഷിക്കുന്നതൊന്നും ഇവിടെയില്ല, നിങ്ങള്‍ മറ്റ് നല്ല സ്വാമിമാരുടെ അടുത്ത് പോകൂ എന്ന് പറഞ്ഞ് നിരുല്സാഹപ്പെടുത്തുന്നത്. എന്നാല്‍ സമര്‍പ്പണത്തോടെ നില്‍ക്കുന്നവരെ, അവര്‍ക്ക് എന്താണ് വേണ്ടത് അത് നല്കി അനുഗ്രഹിക്കും. ജാഗ്രത്, സ്വപ്ന, സുഷുപ്തികള്ക്ക് അതീതമായി നിലകൊള്ളുന്നതും, കാല പ്രവാഹത്തില്‍ നാശമില്ലാതെ തുടരുന്നതും ആയ ഉണ്മയെ അനുഭവിച്ചറിഞ്ഞ്, ഈ പ്രപഞ്ചത്തിന് ആധാരമായി നില്ക്കുന്ന ഈശ്വരനെ സാക്ഷാത്കരിച്ച ഋഷിയെ അധികാരമോ, സമ്പത്തോ പ്രശസ്തിയോ ഒന്നും തന്നെ ബാധിക്കുകയില്ല. ആ പരമോന്നത അവസ്ഥയുടെ പ്രതിഫലനമാണ് സ്വാമി ചിന്താലയേശന്റെ ലളിതമായ ജീവിതത്തിലൂടെ ദൃശ്യമായത്.
തങ്ങള്‍ ശരീരം മാത്രമാണെന്നും, അതിന്റെ നാശത്തോടെ എല്ലാം അവസാനിക്കുമെന്നും ചിന്തിച്ച്, ശാസ്ത്രത്തിന് തെളിയിക്കാന്‍ കഴിയാത്തതൊന്നും ഈ പ്രപഞ്ചത്തില്‍ ഇല്ല എന്ന് വിശ്വസിച്ച് നടക്കുകയാണ് മനുഷ്യര്‍.അവര്‍ക്ക് ആലയില്‍ സ്വാമി എന്നത്, അവര്‍ കാണുന്ന, സ്വാമിയുടെ ശരീരം മാത്രമാണ്. അവരറിയുന്നില്ല സ്വാമി ചിന്താലയേശന്‍ എന്നത് തങ്ങള്‍ കാണുന്ന ശരീരമല്ല, അതൊരു അവസ്ഥയാണെന്ന്. അതെ ആലയില്‍ സ്വാമി ഒരവസ്ഥയാണ്, ശരീരമല്ല. അത് എക്കാലവും അങ്ങനെ തന്നെ നിലനില്ക്കും. അങ്ങനെ സ്വാമിയെ മനസ്സിലാക്കാതെ, ആ സവിധത്തില്‍ ഏറെക്കാലം നിന്നിരുന്നവര്‍ പോലും, സ്വാമി സമാധിയിലേക്ക് പ്രവേശിച്ചു കഴിഞ്ഞപ്പോള്‍, അവിടുന്ന് പ്രത്യക്ഷ ലോകത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്, അത് മാറ്റം മാത്രമാണ് എന്ന് മനസ്സിലാക്കാതെ, ഇനി ഇവിടെ ആരുമില്ല നമുക്ക് വേറെ എവിടയെങ്കിലും പോകാം എന്ന് പറഞ്ഞ് പോകുകയായിരുന്നു. സമാധിക്ക് മുന്‍പ് സ്വാമിയുടെ ദര്‍ശനം ലഭിക്കാത്തവര്‍, സ്വാമി പോയില്ലേ ഇനിയെന്തിനാ അങ്ങോട്ട് പോണത് എന്ന ചിന്തയിലാണ് കഴിയുന്നത്. തന്റെ മുന്നില്‍ ഭയഭക്തി ബഹുമാനങ്ങളോടെ നിന്ന് എല്ലാ നേട്ടങ്ങളും കൈവരിച്ചവര്‍ സമാധിക്ക് ശേഷം അങ്ങോട്ട് തിരിഞ്ഞു പോലും നോക്കാത്തത് കണ്ട്, തന്റെ സ്വതസിദ്ധമായ, നിഷ്ക്കളങ്കമായ, ആ മാസ്മരിക ചിരിയുമായി ആലയില്‍ സ്വാമി ഇരിക്കുകയാണ്.
ശാസ്ത്രത്തിന്റെ ധാര്‍ഷ്ട്യത്തിന് ബോധ മനസ്സിന്റെ ആഴമേയുള്ളൂ. അപഗ്രഥനങ്ങളിലൂടെ ഉരുത്തിരിഞ്ഞു വരുന്ന കണ്ടുപിടുത്തങ്ങളിലൂടെയാണ് ശാസ്ത്രത്രത്തിന്റെ വളര്‍ച്ച. അത് നമ്മുടെ ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്നത് തീര്‍ച്ചയാണ്. എന്നാല്‍ വാണിജ്യ താല്പര്യം മുന്നിട്ടു നില്ക്കുന്നതിനാല്, ശാസ്ത്രത്തിന്റെ വളര്‍ച്ച മനുഷ്യരുടെ ദുര വര്‍ദ്ധിപ്പിക്കുമെന്നതാണ് ഇന്ന് നാം അനുഭവിച്ചറിയുന്നത്. അത് ഈ നീല ഗോളത്തെ നശിപ്പിക്കുന്ന വിധത്തിലേക്ക് വളരുന്നു. അദ്ധ്യാത്മികതയേയും ഇപ്പോള്‍ ശാസ്ത്രക്കണ്ണിലൂടെ വിലയിരുത്താനുള്ള പ്രവണത നവകാല ഗുരുക്കന്മാരില് കൂടി വരുന്നുണ്ട്. വിദ്യാസമ്പന്നരായ ജനങ്ങളെ തങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള തന്ത്രമാണിത്. അദ്ധ്യാത്മികതയും ശാസ്ത്രവും വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.
ശാസ്ത്രത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് അപ്പുറത്താണ് അദ്ധ്യാത്മികത ആരംഭിക്കുന്നതു തന്നെ. പലപ്പോഴും ആധുനിക വൈദ്യശാസ്ത്രം കൈവിട്ട രോഗികളെ ആലയില്‍ സ്വാമി സുഖപ്പെടുത്തിയിട്ടുണ്ട്. പ്രപഞ്ചത്തില്‍ ഇനിയും ശാസ്ത്രത്തിന് കണ്ടെത്താന്‍ കഴിയാത്ത ഊര്‍ജ്ജ പ്രവാഹങ്ങളും, ശക്തിവിശേഷങ്ങളും ഉണ്ട്. അതിന്മേലുള്ള നിയന്ത്രണമാണ് യഥാര്‍ത്ഥ സന്യാസിമാര്‍ക്ക് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് നല്‍കുന്നത്. അത് ആയിരക്കണക്കിന് വര്‍ഷങ്ങളില്‍, അനേക ജന്മങ്ങളിലെ തപസ്സുകൊണ്ട് നേടിയെടുക്കുന്നതാണ്, അല്ലാതെ പരീക്ഷണശാലയില്‍ നിര്‍മ്മിച്ചെടുക്കുന്നതല്ല.
സനാതന ധര്‍മ്മം അഥവാ ശാശ്വതമായ നീയമം അനുസരിച്ചാണ് ഈ പ്രപഞ്ചം പ്രവര്‍ത്തിക്കുന്നത്. അതിനെത്തന്നെയാണ് കര്‍മ്മ നീയമം എന്നും പറയുന്നത്.കര്‍മ്മം എല്ലാത്തിനും മുകളിലാണ്. ആലയില്‍ സ്വാമിയെപ്പോലുള്ള മഹാ ഋഷിമാര്‍ പ്രപഞ്ചനീയമങ്ങള്ക്ക് അതീതരാണെങ്കിലും, അവര്‍ അത് പ്രകടിപ്പിക്കുകയോ, കര്‍മ്മ നീയമത്തെ മനപ്പൂര്‍വ്വം മറികടക്കാന്‍ ശ്രമിക്കുകയോ ചെയ്യാറില്ല. ഭക്തരുടെ ദുരിതമകറ്റാനായി അവര്‍ പ്രകൃതി നീയമങ്ങളെ മറികടന്നാല്‍ പോലും, പ്രകൃതിയുടെ സംതുലിതാവസ്ഥ തകിടം മറിക്കാതെയായിരിക്കും ചെയ്യുന്നത്.അങ്ങനെ എത്രയോ ഭക്തരെ മാരകരോഗങ്ങളില്‍ നിന്നും, ആസന്നമരണത്തില്‍ നിന്നുമെല്ലാം ആലയില്‍ സ്വാമി രക്ഷിച്ചിട്ടുണ്ട്. മനുഷ്യബുദ്ധിയുടെ അളവുകോല്‍ കൊണ്ട് അളക്കാന്‍ കഴിയുന്നതല്ല സ്വാമി ചിന്താലയേശന്റെ അദ്ധ്യാത്മിക ഔന്നത്യം. അത് ഹിമാലയത്തോളം ഉയര്‍ന്നു നില്‍ക്കുമ്പോഴും സ്വാമിയുടെ പാദരക്ഷകള്‍ ധരിക്കാത്ത പാദങ്ങള്‍ ഭൂമിയില്‍ത്തന്നെ ഉറച്ചു നിന്നു.
എടുക്കും തോറും നിറയുന്ന അക്ഷയപാത്രം പോലെ, അറിയുന്തോറും, അനുഭവിക്കുന്തോറും ആലയില്‍ സ്വാമിയുടെ അദ്ധ്യാത്മിക സാഗരത്തിന്റെ ആഴം ഏറുകയാണ്. സ്വാമിയെ കാണുന്നതുവരെ മുന്‍ കാലങ്ങളിലെ സന്യാസിമാരുടെ അത്ഭുതകൃത്യങ്ങള്‍ നമ്മള്‍ക്ക് കെട്ടുകഥ മാത്രമായിരുന്നു.
കരഞ്ഞുകൊണ്ട് ജനിച്ച്, അടിപൊളിയായി ജീവിച്ച്, നിലവിളിയോടെ മരിക്കുകയാണ് മനുഷ്യര്‍ ഇന്ന്.അദ്ധ്യാത്മികത പോലും ആഘോഷമാണ്. ഇതിനിടയില്‍ ഇങ്ങനെ ഒരു മഹാ ഋഷി വാണിരുന്നു എന്ന് സ്വാമി സമാധിയിലക്ക് പ്രവേശിച്ചിട്ട് മൂന്നു വര്‍ഷങ്ങള്‍ മാത്രം തികയുന്ന ഈ സമയത്തു പോലും ആളുകള്‍ അത്ഭുതപ്പെടുന്നു. സ്വാമിയുടെ അടുക്കല്‍ വന്നിരുന്നവരെല്ലാം തന്നെ എല്ലാ തെറ്റുകുറ്റങ്ങളും നിറഞ്ഞ മനുഷ്യരായിരുന്നു. അവരെ നേര്‍വഴിക്ക് നയിക്കുക എന്നത് ഭഗീരഥന് ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിലും ഏറെ ബുദ്ധിമുട്ടാണ്.അങ്ങനെയുള്ള മനുഷ്യരുടെ ഉള്ളില്‍ നന്മയുടെ തിരി തെളിയിച്ച്, അവരെ ഈശ്വരോന്മുഖരാക്കി മാറ്റിയതു തന്നെയാണ് സ്വാമി ചിന്താലയേശന്‍ കാട്ടിയ ഏറ്റവും വലിയ അത്ഭുത പ്രവൃത്തി എന്ന് നിസ്സംശയം പറയാം. ആലയില്‍ സ്വാമി എന്നത് ഒരവസ്ഥയാണ്, അവിടുന്ന് എക്കാലവും ഇങ്ങനെ തന്നെ ജ്വലിച്ചു നില്ക്കും.
ദന്തരോഗ ചികിത്സാ വിദഗ്ദ്ധനും, എഴുത്തുകാരനുമാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: