വാഷിങ്ടണ്‍: ഭൂമിക്ക് നേരെ വരുന്ന കൂറ്റന്‍ ഛിന്നഗ്രഹത്തേക്കുറിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ മുന്നറിയിപ്പ്. മണിക്കൂറില്‍ 65,215 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന 2024 എംടി 1 എന്ന ഛിന്നഗ്രഹമാണ് ഭൂമിക്കുനേരെ വരുന്നത്. 260 അടി വ്യാസമുള്ള ആ ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്.
ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് ഏറ്റവും അടുത്തായി എത്തുക എന്നാണ് കണക്കുകൂട്ടുന്നത്. ഇന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെക്കൂടിയാണ് ഛിന്നഗ്രഹം കടന്നുപോകുക.
ഛിന്നഗ്രഹത്തിന്റെ സഞ്ചാരം ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കാലിഫോര്‍ണിയയിലെ പസദീനയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയാണ് സഞ്ചാരപഥം നിരീക്ഷിക്കുന്നത്. നാസയുടെ നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് ഒബ്സര്‍വേഷന്‍ പ്രോഗ്രാമാണ് 2024 എംടി 1 എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.
















