മലപ്പുറം: തേഞ്ഞിപ്പലം കൊളത്തോട് മോലഞ്ചേരി ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴി അടയ്ക്കാനും ക്ഷേത്രത്തിന്റെ തീര്‍ത്ഥക്കിണര്‍ അശുദ്ധമാക്കാനും ശ്രമം.
സുരക്ഷയ്ക്കായി ക്ഷേത്രത്തിന്റെ തീര്‍ത്ഥക്കിണറിന് മുകളില്‍ സ്ഥാപിച്ചിരുന്ന ഗ്രില്ലും വലയും ഇളക്കിമാറ്റി ശുദ്ധി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നത്. പൂജാരികള്‍ മാത്രം ഉപയോഗിക്കുന്ന കിണര്‍ കൈയേറി മോട്ടോറും സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ ക്ഷേത്രത്തിന്റെ ആവശ്യത്തിന് ജലം ശേഖരിക്കാന്‍ കഴിയാത്ത രീതിയില്‍ വെട്ടുകല്ലുകള്‍ നിക്ഷേപിച്ച് വഴി പൂര്‍ണമായും അടച്ചിരിക്കുകയാണ്. ഇതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ തേഞ്ഞിപ്പാലം പോലീസില്‍ പരാതി നല്കി.
കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള സംഭവം നടന്നത്. നൂറ്റാണ്ടിലധികമായി തീര്‍ത്ഥക്കിണറില്‍ നിന്നാണ് ക്ഷേത്രത്തിലേക്ക് ജലം എത്തിച്ചിരുന്നത്. പരമ്പരാഗതമായി ശ്രീകോവിലിലെ പൂജയ്ക്കും മറ്റും തീര്‍ത്ഥക്കിണറിലെ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നത്. സമീപം മറ്റൊരു കിണര്‍ ഉണ്ടെങ്കിലും ഈ വെള്ളം പാത്രം കഴുകുന്നത് ഉള്‍പ്പടെ ശ്രീകോവിലിന് പുറത്തുള്ള ആവശ്യങ്ങളാണ് നിറവേറ്റിയിരുന്നത്. ക്ഷേത്രവും തീര്ത്ഥക്കിണറുമായി 50 മീറ്റര്‍ ദൂരമുണ്ട്.
ക്ഷേത്രത്തിലെ പൂജക്കായി പൂജാരികള്‍ മാത്രം ഉപയോഗിക്കുന്നതിനാല്‍ ശുദ്ധി അത്യാവശ്യമാണെന്നും അതിനാല്‍ കിണറില്‍ നിന്ന് മൂന്ന് മീറ്റര്‍ വിട്ട് വീട് പണിയണമെന്ന ക്ഷേത്രകമ്മിറ്റിയുടെ അപേക്ഷ ഇതരമതസ്ഥനായ വസ്തു ഉടമ അംഗീകരിച്ചില്ല. കിണറിനോട് ചേര്‍ത്ത് വീടിന്റെ അടിത്തറ കെട്ടുകയും ചെയ്തു. സമീപ വീട്ടുകാരുമായുള്ള തര്‍ക്കം തിരൂര്‍ കോടതിയുടെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ സ്റ്റേയും നിലവിലുണ്ട്. ഈ മാസം 21ന് തിരൂര്‍ കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പുതിയ സംഭവവികാസം.
തീര്ത്ഥക്കിണറിന്റെ ചുറ്റുമുള്ള വസ്തു വിറ്റതിനെ സംബന്ധിച്ചും മറ്റൊരു കേസ് പരപ്പനങ്ങാടി കോടതിയിലുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്ന് കൃത്യമായ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് ഹൈന്ദവ സംഘടനകളുടെയും വിശ്വാസികളുടെയും തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: