ന്യൂദല്‍ഹി: വ്യക്തമായ തെളിവുകളില്ലാതെ പങ്കാളിക്ക് നേരെ വിവാഹേതര ബന്ധം ആരോപിക്കുന്നത് മാനസിക പീഡനത്തിന് തുല്യമായി കണക്കാക്കാമെന്ന് ദല്‍ഹി ഹൈക്കോടതി. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുട്ടികള്‍ തന്റേതുമല്ലെന്നും കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട കുടുംബക്കോടതിയിലെത്തിയ കേസിലാണ് ഹൈക്കോടതി ഉത്തരവ്.
ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്, ജസ്റ്റിസ് നീനാ ബന്‍സാല്‍ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. അടിസ്ഥാനമില്ലാതെയുള്ള ആരോപണങ്ങള്‍ കാട്ടിയാല്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന കുടുംബക്കോടതിയുടെ വിധിയെ ഹൈക്കോടതി പിന്താങ്ങി.
കുട്ടികളുടെ പിതൃത്വവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങള്‍ മാനസികമായി പങ്കാളിയെ തകര്‍ക്കുന്നതാണ്. ദാമ്പത്യബന്ധത്തെ ഇത് ഗുരുതരമായി ബാധിക്കും. കുട്ടികളോടുള്ള നിയമപരമായ ഉത്തരവാദിത്വത്തെ നിരാകരിക്കുന്നതും പ്രോത്സാഹിപ്പിക്കാനാവില്ല. അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ വിവാഹമോചനം നല്‍കാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഒന്നിലധികം പുരുഷന്മാരുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണമാണ് കുടുംബക്കോടതിയില്‍ ഭര്‍ത്താവ് ഉന്നയിച്ചത്. അത്തരം സാഹചര്യം നേരിട്ട് കണ്ടിട്ടില്ലെന്ന് വിചാരണക്കിടെ ഭര്‍ത്താവ് സമ്മതിക്കുകയായിരുന്നു. സ്വന്തം കുട്ടികളുടെ പിതൃത്വത്തെ പോലും സംശയിക്കുന്ന തരത്തിലുളള പെരുമാറ്റവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളും ഗുരുതരമായ കുറ്റമായാണ് കാണുന്നത്. ഈ കേസില്‍ ഭര്‍ത്താവല്ല ഭാര്യയാണ് ക്രൂരതക്കിരയായത്. അതിനാല്‍ വിവാഹമോചനം നല്‍കേണ്ടെന്ന കുടുംബക്കോടതി വിധി ശരിവയ്ക്കുന്നുവെന്നും ഡിവിഷന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: