ബ്യൂണസ് ഐറിസ്: അര്‍ജന്റീന മുന്‍ ഫുട്ബോള്‍ താരം കാര്‍ലോസ് ടെവസ് ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് 40കാരനായ താരത്തെ ആശുപത്രിയിലെത്തിച്ചത്. ടെവസിന്റെ നില തൃപ്തികരമായി തുടരുന്നുവെന്ന് മണിക്കൂറുകള്‍ക്കു ശേഷം ആശുപത്രി അധികൃതര്‍ അറിയിച്ചു. പക്ഷെ എളുപ്പത്തില്‍ ആശുപത്രി വിട്ടുപോകാനാകില്ല.
നിലവില്‍ ടെവസ് പരിശീലിപ്പിക്കുന്ന അര്‍ജന്റൈന്‍ ക്ലബ്ബ് ഇന്‍ഡിപെന്‍ഡിയെന്റ് എക്സിലൂടെയാണ് ടെവെസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ലോകത്തെ അറിയിച്ചത്. വിവിധ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടെവിസ് തൃപ്തികരമായ നിലയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി എക്സിലൂടെ ഇന്‍ഡിപെന്‍ഡിയെന്റ് വ്യക്തമാക്കി.
2004നും 2015നും ഇടയ്ക്കാണ് ടെവസ് അര്‍ജന്റീനയ്ക്കായി ബൂട്ടുകെട്ടിയത്. ഇക്കാലയളവില്‍ വിവിധ ലോകകപ്പുകളിലടക്കം 76 മത്സരങ്ങളില്‍ ടെവസ് കളിച്ചു. 2006 മുതല്‍ ക്ലബ്ബ് ഫുട്ബോളില്‍ സജീവമായി. പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നീ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. 2008, 2009 വര്‍ഷങ്ങളില്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ നേടുമ്പോള്‍ ടെവസ് ടീമിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. 2012ല്‍ സിറ്റിക്കൊപ്പവും കിരീടം നേടി. കരിയറില്‍ നിന്ന് വിരമിക്കുന്ന ഘട്ടത്തില്‍ അര്‍ജന്റൈന്‍ ക്ലബ്ബ് ബോക്കാ ജൂനിയേഴ്സിന് വേണ്ടിയാണ് കളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: