കൊടുങ്ങല്ലൂര്‍: ഭക്തി ലഹരിയില്‍ രൗദ്രഭാവത്താല്‍ ഉറഞ്ഞു തുള്ളിയ കോമരക്കൂട്ടങ്ങളും പതിനായിരക്കണക്കിന് ഭക്തരും ശ്രീകുരുംബക്കാവു തീണ്ടി. ദാരിക നിഗ്രഹത്തോടെ അസുരഗണങ്ങള്‍ സര്‍വ്വതും സമര്‍പ്പിച്ച് ദേവിയെ അഭയം പ്രാപിക്കുന്നതിനെ അനുസ്മരിച്ചാണ് കാവുതീണ്ടലെന്നാണ് വിശ്വാസം. ഉച്ചക്ക് 12ന് അശ്വതി പൂജ ആരംഭിച്ചു. രഹസ്യ വിധി പ്രകാരമുള്ള ശാക്തേയ പൂജ കഴിഞ്ഞ് വൈകിട്ട് നാലിന് കുന്നത്ത് പരമേശ്വരനുണ്ണി അടികള്‍, മഠത്തില്‍ രവീന്ദ്രനാഥന്‍ എന്നിവരും വലിയ തമ്പുരാന് കുഞ്ഞുണ്ണി രാജയും പരിവാരങ്ങളും കിഴക്കെനടയിലൂടെ പുറത്തെത്തി.
സായുധ പോലീസ് വലിയ തമ്പുരാന് സല്യൂട്ട് നല്കി. വലിയ തമ്പുരാന് നിലപാടുതറയിലെത്തി ഇരിപ്പിടത്തിലിരുന്ന ശേഷം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കോടി വസ്ത്രങ്ങള്‍ നല്കി. തുടര്‍ന്ന് കാവുതീണ്ടലിന് അനുമതിയായി. 4.20ന് കോയ്മ ചുവന്ന പട്ടു കുടനിവര്‍ത്തി. ഇതോടെ അവകാശത്തറകളിലും ക്ഷേത്രാങ്കണത്തിലും അക്ഷമരായി കാത്തു നിന്ന പതിനായിരങ്ങള്‍ പാലക്കവേലനൊപ്പം കാവുതീണ്ടി. അരമണികളുടേയും ചിലമ്പുകളുടേയും ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ മുളം തണ്ടുകളാല്‍ ചുറ്റമ്പലത്തിലടിച്ചും ശരണാരവമുയര്ത്തി യുദ്ധസമാനമായ കാവുതീണ്ടല് നടന്നത്.
വഴിപാട് പൊതികള്‍ ക്ഷേത്രത്തിലേക്കെറിഞ്ഞും മുന്നിലെ തടസങ്ങള്‍ തള്ളിമാറ്റിയും മൂന്നുവട്ടം ഓട്ടപ്രദക്ഷിണം നടത്തിയാണ് ഭക്തര്‍ കാവുതീണ്ടല് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഇവര്‍ വലിയ തമ്പുരാനെ വണങ്ങി അനുഗ്രഹം തേടി. ദേവസ്വം ബോര്‍ഡ് അധികൃതരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. മീനഭരണി മഹോത്സവത്തിന്റെ സമാപനമായി ഇന്ന് രാവിലെ പട്ടാര്യ സമുദായക്കാര്‍ കുശ്മാണ്ട ബലി നടത്തി വെന്നിക്കൊടി ഉയര്‍ത്തും. പുലര്‍ച്ചെ ദേവിക്ക് വരിയരി പായസം നിവേദിക്കും. അശ്വതി നാളിലെ തൃച്ചന്ദന ചാര്‍ത്തിനായി അടച്ച ക്ഷേത്രനട ഇനി 16ന് തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: