ന്യൂദല്‍ഹി: ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് 40 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കടുപ്പിച്ചതോടെ ഇന്ത്യയിലെ നേരിട്ടുള്ള വാര്‍ത്താപ്രസിദ്ധീകരണം ബിബിസി അവസാനിപ്പിക്കുന്നു. നികുതി അടയ്‌ക്കാതെ രക്ഷപ്പെടാനാണ് കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. മാത്രമല്ല, ഡിജിറ്റല്‍ മാധ്യമരംഗത്ത് വിദേശക്കമ്പനികള്‍ക്ക് 26 ശതമാനത്തില്‍ കൂടുതല്‍ ഉടമസ്ഥാവകാശം പാടില്ലെന്നതും ബിബിസിയുടെ തീരുമാനത്തിന് കാരണമായി.
2023ല്‍ ബിബിസിയുടെ ദല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഒട്ടേറെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വന്‍തുക പിഴ ചുമത്തിയിരുന്നു. എന്നാല്‍ ഈ തുക ബിബിസി അടച്ചിരുന്നില്ല. ഏകദേശം 40 കോടിയുടെ നികുതിവെട്ടിപ്പ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
പുറത്തുവന്നത് ആറ് വര്‍ഷത്തെ നികുതിവെട്ടിപ്പ്
2016 മുതല്‍ 22 വരെയുള്ള ആറ് വര്‍ഷത്തെ നികുതിവെട്ടിപ്പു മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനു മുന്‍പുള്ള കാലയളവില്‍ ബിബിസി എത്രമാത്രം തട്ടിപ്പു നടത്തിയിട്ടുണ്ട് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ആറുവര്‍ഷത്തേക്ക് 40 കോടിയാണെങ്കില്‍ നികുതി വെട്ടിപ്പിന്റെ മുഴുവന്‍ കണക്കെടുക്കുമ്പോള്‍ എത്ര വലിയ അഴിമതിയാണ് ഈ മാധ്യമ ഭീമന്‍ നടത്തിയിരിക്കുന്നതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഏറ്റവും വിചിത്രമായ കാര്യം 40 കോടിയുടെ നികുതി അടച്ചിട്ടില്ലെന്ന് സമ്മതിക്കേണ്ടി വന്ന ബിബിസി ഈ തുക അടയ്‌ക്കുകയോ അടയ്‌ക്കാമെന്ന് ഉറപ്പുനല്‍കുകയോ ചെയ്തില്ല. രാജ്യത്തെ നിയമം അനുസരിക്കുന്നതിനുള്ള മടിയാണ് ഇതു കാണിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെങ്കിലും ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ എടുക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച സ്ഥാപനമാണ് ബിബിസി.
നരേന്ദ്രമോദിയ്‌ക്കെതിരായ ഡോക്യുമെന്‍ററി
നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയ്‌ക്ക് ലോകരാജ്യങ്ങളില്‍ ലഭിക്കുന്ന പ്രാമുഖ്യവും, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി തന്നെ മൂന്നാമതും അധികാരത്തിലെത്തുമെന്നതും പല കേന്ദ്രങ്ങളെയും നിരാശപ്പെടുത്തുകയും അമര്‍ഷം കൊള്ളിക്കുകയും ചെയ്യുകയാണ്. ഇതുകൊണ്ടാണ് വസ്തുതാവിരുദ്ധവും ഏകപക്ഷീയവുമായ ഒരു ഡോക്യുമെന്‍ററി നിര്‍മിച്ച് മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ നടന്ന കലാപത്തില്‍ മോദിയെ കുടുക്കാന്‍ പത്ത് വര്‍ഷം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് കിണഞ്ഞു ശ്രമിച്ചതാണ്. അവര്‍ പരാജയപ്പെടുകയായിരുന്നു. നരേന്ദ്ര മോദി കുറ്റക്കാരനല്ലെന്നു മാത്രമല്ല, പ്രതിപോലുമല്ലെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തിയതാണ്. ഈ റിപ്പോര്‍ട്ട് സുപ്രീംകോടതി ശരിവയ്‌ക്കുകയും ചെയ്തു. എന്നിട്ടാണ് തികഞ്ഞ മുന്‍വിധിയോടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന പേരില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് മോദിയെ കുറ്റക്കാരനായി ചിത്രികരിക്കുന്ന ഡോക്യുമെന്‍ററി ബിബിസി ഇന്ത്യയില്‍ സംപ്രേഷണം ചെയ്തത്. ചില കെട്ടുകഥകളെ വസ്തുതകളാക്കി അവതരിപ്പിച്ച് മോദിയെ കുറ്റപ്പെടുത്തുന്ന ഡോക്യുമെന്‍ററിയാണ് ബിബിസി നിര്‍മിച്ചത്. ഇത് പ്രത്യക്ഷത്തില്‍ തന്നെ തികഞ്ഞ നിയമലംഘനവും രാജ്യത്തെ പരമോന്നത നീതിപീഠത്തോടുള്ള അനാദരവുമായിരുന്നു. എന്നിട്ടുപോലും ബിജെപിയോടും മോദിയോടുമുള്ള രാഷ്‌ട്രീയ വിരോധം മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സും മുസ്ലിം മതമൗലികവാദികളും ചില പ്രതിപക്ഷ കക്ഷികളും ബിബിസിയെ പിന്തുണയ്‌ക്കുകയായിരുന്നു. ബിബിസിയുടെ നികുതി വെട്ടിപ്പും തട്ടിപ്പും പുറത്തായതോടെ ഇക്കൂട്ടരുടെയും മുഖംമൂടിയാണ് അഴിഞ്ഞുവീണിരിക്കുന്നത്.
ബിബിസി ഇനി കളക്ടീവ് ന്യൂസ് റൂം
ബിബിസിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇന്ത്യയിലെ ബിബിസിയില്‍ പ്രവര്‍ത്തിച്ചിരുന്ന അഞ്ച് പേര്‍ കളക്ടീവ് ന്യൂസ് റൂം എന്ന പേരില്‍ പുതിയ കമ്പനി നടത്തും. ഹിന്ദി, ഗുജറാത്തി, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ബിബിസിയുടെ ന്യൂസുകള്‍ തുടര്‍ന്നും പുതിയ കമ്പനിയുടെ പേരില്‍ പുറത്തുവരും.
ഈ പുതിയ കമ്പനിയില്‍ 26 ശതമാനം ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് ബിബിസി കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതാദ്യമായാണ് ബിബിസി സ്വന്തം കമ്പനിയുടെ പ്രവര്‍ത്തനം പുറത്തുള്ളവര്‍ക്ക് വിട്ടുകൊടുക്കുന്നതെന്ന് പുതിയ കമ്പനിയായ കളക്ടീവ് ന്യൂസ് റൂമിന്റെ സിഇഒ രൂപ ജാ പറഞ്ഞു. നേരത്തെ ഇന്ത്യയിലെ ബിബിസി ഓഫീസിന്റെ 99 ശതമാനം ഉടമസ്ഥാവകാശവും യുകെയിലെ ബിബിസിയുടെ പേരില്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: