ആലപ്പുഴ: ഇടതുവലതു മുന്നണികള്‍ തീരദേശ ജനതയെ കാലങ്ങളായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ പിന്തുണയ്‌ക്കാന്‍ തീരദേശ സംരക്ഷണ സമിതിയുടെയും, ധീവരസഭ ഭരണഘടന സംരക്ഷണ സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരദേശവാസികളായ മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്ന സമീപനമാണ് ഇടതുവലതു മുന്നണികള്‍ സ്വീകരിച്ചിട്ടുള്ളത്. എന്‍ഡിഎ എറണാകുളത്ത് ഡോ.കെ.എസ്. രാധാകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ യോഗം സ്വാഗതം ചെയ്തു.
ദേശീയ ജനാധിപത്യ സഖ്യ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന് ധീവരസഭാ ഭരണഘടനാ സംരക്ഷണ സമിതിക്കും തീര ദേശ സംരക്ഷണ സമിതിക്കും നിര്‍ണായക സ്വാധീനമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ ലോകസഭാ മണ്ഡലങ്ങളില്‍ പിന്തുണ നല്കാനും യോജിച്ചു പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.
പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ പി.ജി. സുഗുണന്‍, ജനറല്‍ കണ്‍വീനര്‍ എം.വി. ഉദയകുമാര്‍, വൈസ് ചെയര്‍മാന്‍ പുന്നപ്ര അപ്പച്ചന്‍ (ജെറോം അല്‍ഫോണ്‍സ്), കണ്‍വീനര്‍മാരായ തോപ്പില്‍ ഗോപി, ബ്രിജേഷ് രാഗമാലിക എന്നിവര്‍ പങ്കെടുത്തു.
















