കൊടുംചൂടിലും കോയമ്പത്തൂര്‍ ആഘോഷത്തിലാണ്. സിങ്കം അണ്ണാമലൈയുടെ തെരഞ്ഞെടുപ്പ് പോരിന് കോവൈ നഗരം അരങ്ങാക്കി ബിജെപി നേതൃത്വം നിശ്ചയിച്ചതോടെ ജനം ആവേശത്തിമിര്‍പ്പിലാണ്. തനിത്തമിഴനുക്ക് വോട്ട് പോട് എന്നതാണ് നാടെങ്ങും ഉയരുന്ന മുദ്രാവാക്യം. എന്‍ മണ്ണ് എന്‍ മക്കള്‍ യാത്രയിലൂടെ ജനമനം കവര്‍ന്ന അണ്ണാമലൈക്ക് വേണ്ടി ഊരുവിട്ടും മക്കള്‍ പ്രചരണത്തിനെത്തുന്നതാണ് മറ്റുള്ളവരെ അസ്വസ്ഥരാക്കുന്നത്.
മൂന്ന് വര്‍ഷമായി തമിഴകം നിറഞ്ഞുനില്‍ക്കുകയാണ് അണ്ണാമലൈ. രണ്ട് മുന്‍നിര പാര്‍ട്ടികള്‍ക്കെതിരെ നെഞ്ചും വിരിച്ച് ഒറ്റയാനായി. സ്റ്റാലിന് കുടുംബത്തിന്റെ അഴിമതിക്കഥകള്‍ കെട്ടഴിച്ച് അണ്ണാമലൈ കളം നിറഞ്ഞപ്പോള്‍ പോയി ആടിനെ മേയ്ക്ക് എന്നായിരുന്നു എതിര്‍പാളയത്തില്‍ നിന്നുള്ള പരിഹാസം. ആടിനെ പോറ്റി വളര്‍ത്തിയ വരുമാനത്തില്‍ നിന്ന് പഠിച്ച് മുന്നേറിയ ജീവിതകഥയുമായി അണ്ണാമലൈ വന്നപ്പോള്‍ തങ്കത്തമിഴനെന്ന് വിളിച്ച് ഓമനിച്ചുവളര്‍ത്തുന്ന ആടിനെപ്പോലെ സ്ത്രീസമൂഹം സിങ്കത്തെ ഹൃദയത്തില്‍ ചേര്‍ത്തു.
ചെറുപ്പക്കാരും സ്ത്രീകളുമാണ് അണ്ണാമലൈയുടെ ഫാന്‍ ബെല്‍റ്റ്. പ്രായംചെന്നവര്‍ക്ക് നിറഞ്ഞ വാത്സല്യവും. കോയമ്പത്തൂര്‍ മണ്ഡലത്തില്‍ പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം മൂന്നര ലക്ഷമാണ്. ആകെയുള്ള 20 ലക്ഷത്തി 83 ആയിരം വോട്ടര്‍മാരില്‍ പകുതിയിലധികവും (10,52,000ലേറെ) സ്ത്രീകളാണ്. അണ്ണാമലൈ എത്തുന്നിടത്തൊക്കെ ആയിരക്കണക്കിന് സ്ത്രീകളാണ് അദ്ദേഹത്തെ കാണാനെത്തുന്നത്. കോയമ്പത്തൂരിന് പുറത്തുനിന്ന് ഒരു പാര്‍ട്ടിയുടെയും ഭാഗമല്ലാത്ത, പതിനായിരക്കണക്കിന് ചെറുപ്പക്കാരാണ് അണ്ണാമലൈക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയിലും അണ്ണന് തരംഗമായിക്കഴിഞ്ഞു.
അണ്ണാമലൈക്കെതിരെ ഗണപതി പി. രാജ്കുമാറിനെയാണ് ഡിഎംകെ സ്ഥാനാര്‍ത്ഥിയാക്കിയത്. കോയമ്പത്തൂര്‍ സീറ്റ് സിപിഎമ്മില്‍ നിന്ന് തിരിച്ചെടുത്ത് ഡിഎംകെ നേരിട്ട് മത്സരിക്കുകയാണ് ഇക്കുറി. സിറ്റിങ് എംപിയായ സിപിഎമ്മിലെ പി.ആര്. നടരാജനെതിരെ ജനങ്ങളിലുള്ള പ്രതിഷേധത്തെ മറികടക്കുന്നത് ഡിഎംകെയ്ക്ക് വെല്ലുവിളിയാകും. എഐഎഡിഎംകെയിലായിരുന്ന ഗണപതി രാജ്കുമാറിനെ ഡിഎംകെയിലെത്തിച്ചത് അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന സെന്തില്‍ ബാലാജിയാണ്. സെന്തില്‍ ബാലാജി ജയിലിലായതിന് ശേഷം സജീവമാകാതിരുന്ന ഗണപതിരാജ്കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ഡിഎംകെയ്ക്കുള്ളിലും അതൃപ്തിയുണ്ട്.
എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സിംഹായ രാമചന്ദ്രനാണ്. മുന്‍മന്ത്രി വേലുമണിയുടെ പേര് വെട്ടി എടപ്പാടി പളനിസ്വാമിയാണ് ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയത്. രാമചന്ദ്രന് കോയമ്പത്തൂരില്‍ കാര്യമായ വേരുകളില്ലാത്തത് എഐഎഡിഎംകെ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കും.
രണ്ട് പാര്‍ട്ടികളിലെയും അസ്വസ്ഥകള്‍ അണ്ണാമലൈക്ക് അനുകൂലമായി തിരിയുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ ക്യാമ്പ്. അതിനെല്ലാം പുറമേ തമിഴ്നാട്ടിലുടനീളമുണ്ടാക്കിയ ആവേശവും അണ്ണന് തുണയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: