ഡെറാഡൂൺ : ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂൺ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.
486 കോടി രൂപ ചെലവിൽ രണ്ട് ഘട്ടങ്ങളിലായി പുതിയ ടെർമിനൽ കെട്ടിടം നിർമിച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അറിയിച്ചു. പുതിയ ടെർമിനൽ കെട്ടിടത്തോടെ, തിരക്കേറിയ സമയങ്ങളിൽ 3,240 യാത്രക്കാരെ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിന് കഴിയും.
28,729 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ടെർമിനലിന്റെ ആദ്യ ഘട്ടം പ്രവർത്തനക്ഷമമാക്കിയ ശേഷം പഴയ ടെർമിനൽ കെട്ടിടം പൊളിച്ചുമാറ്റിയിരുന്നു. രണ്ടാം ഘട്ടത്തിൽ 14,047 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പുതിയ ടെർമിനൽ കെട്ടിടം കൂടി വികസിപ്പിച്ചെടുത്തു. ഇപ്പോൾ വിമാനത്താവളത്തിന് 42,776 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്.
47 ലക്ഷം യാത്രക്കാരുടെ വാർഷിക സർവീസ് ശേഷിയുള്ള എയർപോർട്ടിന് ഇപ്പോൾ തിരക്കേറിയ സമയങ്ങളിൽ 3,240 യാത്രക്കാർക്ക് സേവനം നൽകാനാകുമെന്ന് എഎഐ പ്രസ്താവനയിൽ പറഞ്ഞു. പുതിയ ടെർമിനൽ കെട്ടിടം സംസ്‌കാരം, പ്രകൃതി, ആധുനിക വാസ്തുവിദ്യ എന്നിവയുടെ സംയോജനമാണെന്ന് സിന്ധ്യ പറഞ്ഞു, ഇത് വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രദേശത്ത് ടൂറിസം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ വിമാനത്താവളത്തിന് 2,140 മീറ്റർ നീളമുള്ള റൺവേയും 20 പാർക്കിംഗ് ബേകളുമുണ്ട്. പുതിയ ടെർമിനൽ കെട്ടിടത്തിൽ 48 ചെക്ക്-ഇൻ കൗണ്ടറുകൾ, 4 കൺവെയർ ബെൽറ്റുകൾ, 12 ബാഗേജ് എക്സ്-റേ മെഷീനുകൾ, 500 കാറുകൾക്കുള്ള പാർക്കിംഗ് സൗകര്യം തുടങ്ങി വിവിധ യാത്രാ സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: