വാഷിംഗ്ടൺ: കാനഡയ്ക്ക് ശേഷം, അമേരിക്ക ഇപ്പോൾ ഇന്ത്യാ വിരുദ്ധ ഗുണ്ടാസംഘങ്ങളുടെ പുതിയ താവളമായി മാറിയിരിക്കുന്നു. ധാരാളം ഖാലിസ്ഥാനി കുറ്റവാളികൾ ഇവിടെ പുതിയ താവളമൊരുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അവർ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം അമേരിക്കയുടെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഏജൻസി ഇത്തരം 8 തീവ്രവാദികളെ അറസ്റ്റ് ചെയ്തു.
അതേ സമയം ഈ ഗുണ്ടാസംഘങ്ങളെല്ലാം ഇന്ത്യയുടെ ദേശീയ രഹസ്യാന്വേഷണ ഏജൻസിയുടെ (എൻഐഎ) ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നവരാണ്. തങ്ങൾ തിരയുന്ന കുറ്റവാളികളുടെ പട്ടിക നൽകി അറസ്റ്റ് ചെയ്യാൻ എൻഐഎ അമേരിക്കൻ അന്വേഷണ ഏജൻസിയോട് അഭ്യർത്ഥിച്ചപ്പോഴാണ് എഫ്ബിഐ ഈ തീവ്രവാദികളെ അറസ്റ്റ് ചെയ്തത്.
അമേരിക്കയിൽ ഇരുന്നുകൊണ്ട് ഇന്ത്യയിൽ വലിയ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നവരാണ് പിടിയിലായവരെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അമേരിക്കയിൽ താമസിച്ച് കൊണ്ട് ഈ സംഘം തട്ടിക്കൊണ്ടുപോകലും കൊള്ളയടിക്കലും നടത്തിയിരുന്നു. എഫ്ബിഐ അറസ്റ്റ് ചെയ്ത ഇന്ത്യൻ വംശജരായ കുറ്റവാളികളെല്ലാം ഖാലിസ്ഥാനികളാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേ സമയം പിടിക്കപ്പെട്ട കുറ്റവാളികളിൽ പവിത്ര സിംഗ് ബറ്റാല എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ആണ്. ഖാലിസ്ഥാനി ഭീകരനായ ലാൻഡയുമായും ബബ്ബർ ഖൽസ ഇന്റർനാഷണലുമായും പവിത്ര സിംഗ് ബറ്റാല അടുത്ത ബന്ധമാണ് പുലർത്തുന്നത്. പഞ്ചാബിലെ ബറ്റാല സ്വദേശിയാണ് പവിത്ര സിംഗ് ബറ്റാല. പഞ്ചാബിലെ കൊള്ളയടിക്കൽ, ആയുധക്കടത്ത്, കൊലപാതകം എന്നിവയുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിരുന്നു..
ഇതിനു പുറമെ കുറ്റവാളികളിൽ നിന്ന് അഞ്ച് ഓട്ടോമാറ്റിക് തോക്കുകൾ, ഒരു അസോൾട്ട് റൈഫിൾ, മാഗസിനുകൾ എന്നിവ കണ്ടെടുത്തു. ഇതിനുപുറമെ നിരവധി തരം രേഖകളും എഫ്ബിഐ പിടിച്ചെടുത്തിട്ടുണ്ട്.
















