വയനാട്: മാനന്തവാടിയില്‍ ഒരാളുടെ ജീവനെടുത്ത കാട്ടാന ബേലൂര്‍ മഗ്നയെ ആനയെ വളഞ്ഞ് ദൗത്യസംഘം. നിലവില്‍ കാട്ടിക്കുളം-ബാവലി റോഡിലെ ആനപ്പാറ വളവിന് അകത്താണ് ആനയുള്ളത്. ആനയുടെ ലൊക്കേഷന്‍ റേഡിയോ കോളര്‍ ട്രാക്കിങിലൂടെ ലഭിച്ചതിന് പിന്നാലെ തന്നെ ദൗത്യ സംഘം കാടുകയറിയിരുന്നു.
വെറ്റിനറി സംഘം അടക്കം സ്ഥലത്തുണ്ട്. മയക്കുവെടി വെച്ച ശേഷം ആനയെ മുത്തങ്ങയിലേക്കാകും കൊണ്ടു പോകുക. കേരളത്തിന്റെ ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മാത്രമെ വേലൂര്‍ മഗ്‌നയെ മയക്കുവെടി വെക്കൂവെന്നും അല്ലാത്ത പക്ഷം കര്‍ണാടകയാണ് തീരുമാനമെടുക്കേണ്ടതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
ആനയെ തളയ്‌ക്കുന്നതിനായി കോന്നി സുരേന്ദ്രന്‍, വിക്രം, സൂര്യ, ഭരത് എന്നീ കുങ്കിയാനകള്‍ ബാവലി മേഖലയില്‍ എത്തിയിട്ടുണ്ട്. ആനയെ കാട്ടിൽനിന്ന് പുറത്തേക്ക് എത്തിച്ചശേഷം വൈകുന്നേരത്തോടെ മയക്കുവെടി വെക്കാനാണ് നീക്കം. ഇപ്പോൾ ആനയുള്ള സ്ഥലത്തേക്ക് വാഹനം എത്തിക്കാൻ പ്രയാസമുള്ളതിനാലാണിത്.
ആനയെ മയക്കുവെടി വച്ച് പിടിക്കണമെന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുകയാണ് നാട്ടുകാര്‍. ഉള്‍ക്കാട്ടിലേക്ക് കയറിയാലും ആന വീണ്ടും തിരികെ വരാനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടില്‍ ധാരാളം ഫലവൃക്ഷങ്ങള്‍ ഉള്ളതിനാലും കാട്ടില്‍ വരള്‍ച്ച ഉള്ളതിനാലും പുറത്തേക്കിറങ്ങാന്‍ സാധ്യത കൂടുതലാണെന്നും നാട്ടുകാര്‍ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: