ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രിയോടെ അസം തലസ്ഥാനമായ ഗുവാഹത്തിയിലെത്തും. 11,599 കോടി രൂപയുടെ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നാളെ നിര്‍വഹിക്കും.
ഇന്ന് ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസായ അടല്‍ ബിഹാരി വാജ്പേയി ഭവനില്‍ പാര്‍ട്ടി കോര്‍ കമ്മിറ്റി അംഗങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയും മറ്റ് മുതിര്‍ന്ന നേതാക്കളും പ്രധാനമന്ത്രി പങ്കെടുക്കുന്ന നിര്‍ണായക യോഗത്തില്‍ സംബന്ധിക്കും
ഞായറാഴ്ച രാവിലെ പ്രധാനമന്ത്രി ഗുവാഹത്തിയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യും.സംസ്ഥാനത്തിന് വേണ്ടിയുള്ള 11,599 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ചടങ്ങില്‍ നിര്‍വഹിക്കും.
വടക്ക് കിഴക്കന്‍ മേഖലയ്ക്കായുളള പ്രധാനമന്ത്രിയുടെ വികസന പദ്ധതിക്ക് കീഴില്‍ കാമാഖ്യ ആക്സസ് കോറിഡോറിന് പ്രധാനമന്ത്രി തറക്കല്ലിടും. ധാരാപൂര്‍ ടിനിയാലിയെ ഗുവാഹത്തി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടവുമായി ബന്ധിപ്പിക്കുന്ന 6-വരി റോഡ് പദ്ധതിയും 38 പാലങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തുടനീളമുളള 43 റോഡുകള്‍ രണ്ട് വരിയാക്കുന്ന പദ്ധതിക്കും തറക്കല്ലിടും. ഈ മേഖലയിലെ കായിക സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്, ഗുവാഹത്തിക്ക് സമീപം ചന്ദ്രാപൂരില്‍ മള്‍ട്ടി സ്പോര്‍ട്സ് കോംപ്ലക്സിന് പ്രധാനമന്ത്രി തറക്കല്ലിടും.
നിലവിലെ നെഹ്റു സ്റ്റേഡിയം ഫിഫ നിലവാരമുള്ള ഫുട്ബോള്‍ സ്റ്റേഡിയമാക്കി ഉയര്‍ത്തുകയും മണിറാം ദിവാന് ട്രേഡ് സെന്ററിന് സമീപം യൂണിറ്റി മാള്‍ സ്ഥാപിക്കുകയും ചെയ്യും. ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. കരിംഗഞ്ച് ജില്ലയിലെ രതബാരിയില്‍ മെഡിക്കല്‍ കോളജിന് തറക്കല്ലിടും. പിന്നീട്, ദോലബാരി മുതല്‍ ജമുഗുരി വരെ, ബിശ്വനാഥ് ചാരിയാലി മുതല്‍ ഗോഹ്പൂര്‍ വരെ എന്നിങ്ങനെ രണ്ട് 4 വരി പാതകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: