കാസര്‍കോട്: ഭാരതീയ രാജ്യ പെന്‍ഷനേഴ്സ് മഹാസംഘ് ദേശീയ സമ്മേളനം 28, 29, 30 തീയതികളില്‍ കാസര്‍കോട് സ്വര്‍ഗീയ പി.പി. മുകുന്ദന് നഗറില്‍ (കളനാട് കണ്വെന്ഷന് സെന്റര്‍, കളനാട്) ചേരുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മൂന്ന് ദിവസത്തെ സമ്മേളനം 28ന് രാവിലെ 11ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. സ്വാമി വിവിക്താനന്ദ സരസ്വതി ദീപപ്രോജ്ജ്വലനം നടത്തും. പെന്‍ഷനേഴ്സ് മഹാസംഘ് ദേശീയ അധ്യക്ഷന്‍ സി.എച്ച.് സുരേഷ് അധ്യക്ഷനാകും.
ആരോഗ്യസെമിനാര് റിട്ട. കേരള ഗവ. സെക്രട്ടറി ഗോപാലകൃഷ്ണഭട്ട് ഉദ്ഘാടനം ചെയ്യും. 29ന് പ്രതിനിധികള്‍ ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. 30ന് ദേശീയത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ബിജെപി നേതാവ് സി.കെ. പത്മനാഭന് സംസാരിക്കും. നാല് മണിക്ക് പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പോടെ സമ്മേളനം അവസാനിക്കും.
പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 450 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് അഡ്വ.കെ. രാജഗോപാലന്‍, ഭാരതീയ രാജ്യ പെന്‍ഷനേഴ്സ് മഹാസംഘ് അധ്യക്ഷന്‍ സി.എച്ച്. സുരേഷ്, ഖജാന്‍ജി കെ. ദയാനന്ദ, ജില്ലാ പ്രസിഡന്റ് എം. ബാലകൃഷ്ണന്, സെക്രട്ടറി സി.എച്ച്. ജയേന്ദ്ര തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: