പത്തനംതിട്ട: അയൽവാസിയെ ആശുപത്രിയിൽ കൊണ്ടുപോകാനെത്തി സ്വർണമാലയുമായി കടന്നു കളഞ്ഞ യുവാവ് അറസ്റ്റിൽ. മേലുത്തേമുക്ക് പൂപ്പൻകാല ദീപുസദനം ദീപുവിനെയാണ് അറസ്റ്റ് ചെയ്തത്. മേലുത്തേമുക്ക് അജിഭവനിൽ കലാ ഭാസ്‌കറിന്റെ പരാതിയിന്മേലാണ് നടപടി.
ഈ കഴിഞ്ഞ ശനിയാഴ്ച കലയുടെ സഹോദരി ഭർത്താവ് ജ്ഞാനദാസിന് നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കുന്നതിനാണ് ദീപു എത്തിയത്. ഈ സമയം ജ്ഞാനദാസ് 2.5 പവന്റെ സ്വർണമാല കട്ടിലിന്റെ പടിയിൽ ഊരി വെച്ചിരുന്നു.
ആശുപത്രിയിൽ കാണിച്ച ശേഷം കാറിന്റെ താക്കോൽ നൽകുന്നതിന് തിരികെ വീട്ടിലേക്ക് ദീപു കയറി. ഈ സമയമാണ് മോഷണം നടത്തിയത്. ഞായറാഴ്ചയാണ് മാലയൂരി കട്ടിലിൽ വെച്ചകാര്യം ജ്ഞാനദാസ് ബന്ധുക്കളോട് പറഞ്ഞത്. വീട്ടിൽ തപ്പിയെങ്കിലും ഇത് കണ്ടെത്താനായില്ല. ഇതിനിടെ തനിക്ക് ലോട്ടറിയടിച്ചുവെന്ന് പറഞ്ഞ് ദീപു സുഹൃത്തുക്കളുമായി ആഘോഷം നടത്തി. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
















