ന്യൂദല്‍ഹി: അദാനിയെ വിമര്‍ശിക്കുന്ന ചോദ്യം ചോദിക്കാന്‍ വ്യവസായി ദര്ശന് ഹീരാനന്ദാനിയില്‍ നിന്നും പണവും വിലപിടിച്ച സമ്മാനങ്ങളും കൈപ്പറ്റിയെന്ന കേസില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പാര്‍ലമെന്റ് സദാചാര സമിതി. ഒക്ടോബര്‍ 31ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പാര്‍ലമെന്റ് വെബ് സൈറ്റില്‍ എംപി എന്ന നിലയില്‍ മഹുവ മൊയ്ത്രയ്ക്ക് അനുവദിക്കപ്പെട്ട പേജില്‍ പ്രവേശിക്കാനുള്ള പാസ് വേഡ് ദര്ശന് ഹീരാനന്ദാനിയ്ക്ക് കൈമാറിയെന്നതും ഗുരുതരമായ ആരോപണമാണ്. മഹുവ മൊയ്ത്രയ്ക്കെതിരായ എല്ലാ ആരോപണങ്ങളും ശരിയാണെന്ന് വ്യവസായിയും ഒരു കാലത്ത് മഹുവ മൊയ്ത്രയുടെ സുഹൃത്തുമായ ദര്ശന് ഹീരാനന്ദാനി തന്നെ വെളിപ്പെടുത്തിയത് തൃണമൂല്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ഞെട്ടിച്ചുകളഞ്ഞു. ഇതോടെ എംപി എന്ന നിലയിലുള്ള അവകാശങ്ങള്‍ ലംഘിച്ചു എന്ന ഗുരുതരമായ കുറ്റമാണ് മഹുവ മൊയ്ത്രയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇത് ശരിയെന്ന് തെളിഞ്ഞാല്‍ മഹുവ മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനാകും.
മാത്രമല്ല, ഈ കേസില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെയും സംശയത്തിന്റെ കരിനിഴല്‍ നീളുന്നു. അദാനിയെ വിമര്‍ശിക്കുന്ന ചോദ്യങ്ങള്‍ക്കായി മഹുവ മൊയ്ത്ര പലവട്ടം രാഹുല്‍ ഗാന്ധിയുമായും ദീര്‍ഘമായി ചര്‍ച്ച നടത്തിയെന്നും ദര്ശന് ഹീരാനന്ദാനി മൊഴി നല്‍കിയിട്ടുണ്ട്. ബിബിസി, ഫിനാന്‍ഷ്യല്‍ ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ വിദേശമാധ്യമങ്ങളെയും അദാനി കമ്പനികളിലെ മുന്‍ ഉദ്യോഗസ്ഥരെയും മഹുവ വിശദാംശങ്ങള്‍ ലഭിക്കാന്‍ ബന്ധപ്പെട്ടിരുന്നു എന്നത് നിസ്സാര സംഭവമല്ല. ഈ കേസ് ഭാവിയില്‍ ഒരു പക്ഷെ രാഹുല്‍ ഗാന്ധിയ്ക്കെതിരായ അന്വേഷണത്തിലേക്കും നീണ്ടേക്കും. കേസില്‍ ആദ്യം ആരോപണം ഉന്നയിച്ച സുപ്രീംകോടതി അഭിഭാഷകന് ജെയ് ആനന്ദ് ദെഹദ് റായി സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.
ദര്ശന് ഹീരാനന്ദാനി മഹുവ മൊയ്ത്രയ്ക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനത്തിലായി. അദാനിയെ വിമര്‍ശിക്കുന്നതിനാല്‍ മോദി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന ഇരവാദം ഉയര്‍ത്തി പുകമറ സൃഷ്ടിക്കാനുള്ള മഹുവ മൊയ്ത്രയുടെ ശ്രമം അമ്പേ പരാജയപ്പെട്ടതോടെ മഹുവയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. എല്ലാ രാഷ്ട്രീയ സദാചാരവും കാറ്റില്‍ പറത്തുന്ന ഈ കേസ് മഹുവയുടെ രാഷ്ട്രീയ ഭാവി തന്നെ നശിപ്പിക്കുമോ എന്ന സ്ഥിതിയില്‍ എത്തിയിരിക്കുകയാണ്. അദാനിയ്ക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ച് പ്രധാനമന്ത്രി മോദിയെക്കൂടി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി, എളുപ്പവഴിയിലൂടെ പ്രശസ്തയാവുക എന്ന മറ്റൊരു ഗൂഢലക്ഷ്യവും മഹുവ മൊയ്ത്രയ്ക്ക് ഉണ്ടായിരുന്നതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: