കോഴിക്കോട്: സൈബർസെല്ലിൽ നിന്നെന്ന വ്യാജേന ലാപ്ടോപ്പിൽ വ്യാജസന്ദേശം ലഭിച്ച വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ആദിനാഥാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച കോഴിക്കോട് ചേവായൂരിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ലാപ്ടോപ്പിൽ സിനിമ കാണവെ 33,900 രൂപ അടയ്ക്കണം എന്ന വ്യാജസന്ദേശം ലഭിക്കുകയായിരുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ സമാനമായ സൈറ്റ് ഉപയോഗിച്ചാണ് വിദ്യാർത്ഥിയോട് പണം ആവശ്യപ്പെട്ടത്. ബ്രൗസർ ലോക്ക് ചെയ്തെന്നും കമ്പ്യൂട്ടർ ബ്ലോക്ക് ചെയ്തെന്നുമാണ് സന്ദേശം ലഭിച്ചത്. എൻസിആർബിയുടെ മുദ്രയും ഹാക്കർ ഉപയോഗിച്ചിരുന്നു.
നിയമ വിരുദ്ധമായ സൈറ്റിലാണ് കയറിയിട്ടുള്ളതെന്നും പണം തന്നില്ലെങ്കിൽ പോലീസിൽ വിവരം അറിയിക്കുമെന്നും അറസ്റ്റ് രേഖപ്പെടുത്തുമെന്നും ആയിരുന്നു സന്ദേശം ലഭിച്ചത്. പറഞ്ഞ തുക നൽകിയിട്ടില്ലെങ്കിൽ രണ്ട് ലക്ഷം രൂപയാണ് പിഴ അടയ്ക്കേണ്ടതെന്നും രണ്ട് വർഷം തടവും അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. ആറ് മണിക്കൂറിനുള്ളിൽ പണം അടയ്ക്കണമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. ഇതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: