അഴിമതിക്കാരായ നേതാക്കള്‍ നയിക്കുന്ന എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ തമ്മിലെ തീര്‍ത്തും അധാര്‍മികമായ ഒത്തുകളി ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരികയാണ്. കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ മറുപടി ഈ അവിശുദ്ധ സഖ്യം സംബന്ധിച്ച സംശയങ്ങളെല്ലാം ദൂരീകരിച്ചിരിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിനെപ്പോലെ രണ്ടാം പിണറായി സര്‍ക്കാരും അഴിമതിയില്‍ മുങ്ങിയിരിക്കുന്നു. ജനങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് കണക്ഷന് എത്തിക്കാനെന്ന പേരില്‍ തുടക്കംകുറിച്ച കെ-ഫോണ്‍ പദ്ധതി, പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ മറയാക്കി ചില സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്കി എഐ ക്യാമറ സ്ഥാപിച്ചത്, കരിമണല്‍ ഖനനം നടത്തുന്ന ഒരു കമ്പനിയില്‍നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിച്ചുവെന്നത് എന്നിവയൊക്കെ അധികാരം ഉപയോഗിച്ച് നടത്തുന്ന വന്‍ അഴിമതികളുടെ ഉദാഹരണങ്ങളാണ്. ഇതിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്കും വെളിപ്പെടുത്തലുകള്‍ക്കും യഥാര്‍ത്ഥത്തില്‍ ഭരണപക്ഷത്തിന് മറുപടിയില്ല. കല്ലുവച്ച നുണകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സിപിഎമ്മും സര്‍ക്കാരും ചെയ്തുകൊണ്ടിരിക്കുന്നത്. ഗ്യാലറിക്കുവേണ്ടി പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ്സും പ്രതിപക്ഷവും കൂടുതലൊന്നും ചെയ്യാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നന്നായി അറിയാം. ഇതനുസരിച്ചുള്ള പ്രകടനമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മറ്റും നിയമസഭയില്‍ നടത്തുന്നത്.
തന്റെ അധികാരത്തിന്റെ ബലത്തില്‍ ഒരു സ്വകാര്യ കമ്പനിയില്‍നിന്ന് സേവനമൊന്നും നല്‍കാതെ മകള്‍ അനധികൃതമായി പണം കൈപ്പറ്റിയെന്നാണ് ആദായനികുതി ബോര്‍ഡിന്റെ തര്‍ക്ക പരിഹാരം സംവിധാനം കണ്ടെത്തിയത്. കമ്പനിയുടമ തന്നെ മൊഴി നല്‍കിയതിനുസരിച്ചുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ചുപിടിച്ചുകൊണ്ട് മകളുടെ കമ്പനി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്, നികുതി അടച്ചിട്ടുണ്ട് എന്നൊക്കെപ്പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇത് തുറന്നുകാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളും നടത്തുന്ന മാത്യു കുഴല്നാടന് എംഎല്‍എ കോണ്‍ഗ്രസ്സിലും യുഡിഎഫിലും ഏതാണ്ട് ഒറ്റപ്പെട്ട മട്ടാണ്. പ്രതിപക്ഷ നേതാക്കളുടെ മൗനസമ്മതത്തോടെയാണ് കുഴല്‍നാടനെ സര്‍ക്കാര്‍ വേട്ടയാടുന്നത്. ഈ ഒത്തുകളിയാണ് നിയമസഭയില്‍ മുഖ്യമന്ത്രി നല്കിയ മറുപടിയിലൂടെ വ്യക്തമായത്. മാനനഷ്ടക്കേസിലെ കോടതിവിധിയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുലിന് പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെട്ടപ്പോള്‍ അതിനെ എതിര്‍ക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും, അഴിമതിക്കാരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം വേട്ടയാടലാണെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും പറഞ്ഞ മുഖ്യമന്ത്രി, ഇതിന് പ്രത്യുപകാരം നല്കാന് കോണ്‍ഗ്രസ്സിന് ബാധ്യതയുണ്ടെന്ന രീതിയിലാണ് പ്രസംഗിച്ചത്. മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത് നിഷേധിക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവും തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്.
അഴിമതിക്കേസുകളുടെ കാര്യത്തില്‍ ദേശീയതലത്തില്‍ പരസ്പരമുണ്ടായിട്ടുള്ള ധാരണയും സഹകരണവും സംസ്ഥാനത്തെ കോണ്‍ഗ്രസ് എന്തുകൊണ്ട് അംഗീകരിക്കുന്നില്ല എന്നതാണ് മുഖ്യമന്ത്രിയുടെ ചോദ്യം. ഇതിനു മറുപടി പറയാന്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബാധ്യതയുണ്ടെങ്കിലും അവര്‍ അതു ചെയ്യില്ല. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്ന ഈ സഹകരണത്തെ തള്ളിപ്പറയുകയോ, അങ്ങനെയൊന്ന് ഇല്ലെന്ന് വാദിക്കുകയോ ചെയ്താല്‍ സോണിയയുടെയും രാഹുലിന്റെയും നേതൃത്വം ഇവിടുത്തെ കോണ്‍ഗ്രസ്സ് നേതാക്കളുടെ ചെവിക്കു പിടിക്കും. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ബലം ഇതാണ്. അഴിമതിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ കോലാഹലങ്ങള്‍ തങ്ങള്‍ വിചാരിച്ചിടത്ത് നിര്‍ത്താനാവുമെന്നും, സോണിയാ കോണ്‍ഗ്രസ് ഇതിന് ഒരുക്കമാണെന്നും മുഖ്യമന്ത്രിക്കും കൂട്ടാളികള്‍ക്കും അറിയാം. ഇക്കാര്യത്തില്‍ ഒരു ദല്ലാളിനെപ്പോലെ സഹായിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സദാ സന്നദ്ധനായി നടക്കുകയാണ്. മുഖ്യമന്ത്രിക്കും മറ്റുമെതിരായ അഴിമതിക്കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം രാഷ്ട്രീയ വേട്ടയാടലല്ലെന്ന് തറപ്പിച്ചു പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാവാത്തത് ഇതുകൊണ്ടാണ്. ഞങ്ങള്‍ അഴിമതിക്കാരാണ്, പക്ഷേ നിങ്ങളും അങ്ങനെയാണ്. നാളെ നിങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ ഞങ്ങള്‍ക്കെതിരായ കേസുകള്‍ അന്വേഷിക്കാതിരുന്നാല്‍, ഇന്ന് നിങ്ങള്‍ക്കെതിരായ കേസുകളില്‍ ഞങ്ങളും ഒന്നും ചെയ്യാന്‍ പോകുന്നില്ല എന്നാണ് പിണറായി പറയുന്നതിന്റെ അര്‍ത്ഥം. അഴിമതിയുടെ ഈ അവിശുദ്ധ സഖ്യം അവസാനിച്ചാലല്ലാതെ കേരളത്തിന് മോചനമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: