ന്യൂദല്‍ഹി: 77-ാം സ്വാതന്ത്ര്യയ ദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തുമ്പോള്‍ അതിന് സാക്ഷ്യം വഹിക്കാന്‍ എത്തുക 1800ഓളം വിശിഷ്ടാതിഥികള്‍.വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുളള 1,800 ഓളം ആളുകളെ അവരുടെ പങ്കാളികളോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ‘വിശിഷ്ട അതിഥികളായി’ ക്ഷണിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തുകയും ചരിത്ര സ്മാരകത്തിന്റെ കൊത്തളത്തില്‍ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ‘ജന്‍ ഭാഗിദാരി’ എന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് 1,800 ‘വിശിഷ്ട അതിഥികളെ ക്ഷണിച്ചത്.
ഗ്രാമങ്ങളിലെ 400-ലധികം ഗ്രാമമുഖ്യര്‍ ക്ഷണിതാക്കളില്‍ ഉള്‍പ്പെടുന്നു. കര്‍ഷക ഉല്പാദക സംഘടനകളുടെ പദ്ധതിയില്‍ ഉള്‍പ്പെടുന്ന 250 പേര്; പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയിലും പ്രധാന് മന്ത്രി കൗശല്‍ വികാസ് യോജനയിലും നിന്നുളള 50 പേര് വീതം; പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മ്മാണത്തില്‍ പങ്കെടുത്ത 50 നിര്‍മ്മാണ തൊഴിലാളികള്‍, 50 ഖാദി തൊഴിലാളികള്‍, അതിര്‍ത്തി റോഡുകളുടെ നിര്‍മ്മാണം, അമൃത് സരോവര്‍, ഹര് ഘര്‍ ജല്‍ യോജന എന്നിവയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍.
ഇവരെ കൂടാതെ 50 പ്രൈമറി സ്കൂള്‍ അധ്യാപകരെയും നഴ്സുമാരെയും മത്സ്യത്തൊഴിലാളികളെയും ചെങ്കോട്ടയിലെ ആഘോഷത്തിന് ക്ഷണിച്ചിട്ടുണ്ട്.
ഓരോ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള എഴുപത്തിയഞ്ച് ദമ്പതികളെയും അവരുടെ പരമ്പരാഗത വസ്ത്രത്തില്‍ ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.
ഈ പ്രത്യേക അതിഥികളില്‍ ചിലര്‍ ദേശീയ യുദ്ധസ്മാരകം സന്ദര്‍ശിക്കുകയും ഡല്‍ഹിയില്‍ താമസിക്കുന്നതിനിടെ മന്ത്രി അജയ് ഭട്ടിനെ സന്ദര്‍ശിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: