ചെന്നൈ: ചെന്നൈയിലെ പുതിയ യുണൈറ്റഡ് സ്റ്റേറ്റ്സ് കോണ്‍സുല്‍ ജനറലായി ക്രിസ്റ്റഫര്‍ ഡബ്ള്യു. ഹോഡ്ജസ് ചുമതലയേറ്റെടുത്തു.
‘യു.എസ്.ഇന്ത്യ ബന്ധത്തിന്റെ വളര്‍ച്ച വളരെ ആവേശമുണര്‍ത്തുന്ന ഈ അവസരത്തില്‍ ദക്ഷിണേന്ത്യയില്‍ യുണൈറ്റഡ് സ്റ്റേറ്റ്സിനെ പ്രതിനിധീകരിക്കുന്നത് ഒരു ബഹുമതിയായി ഞാന്‍ കാണുന്നു. നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള വിശാലമായ ഉഭയകക്ഷിബന്ധത്തെ പരിപോഷിപ്പിക്കുന്ന തദ്ദേശീയ, പ്രാദേശിക ഊര്ജ്ജസ്വലത പ്രതിഫലിപ്പിക്കുന്നതാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. വാണിജ്യ, വിദ്യാഭാസ മേഖലകളിലുള്ള നമ്മുടെ സംപുഷ്ടമായ ബന്ധങ്ങളും ബഹിരാകാശമേഖലയില്‍ ഇരുരാജ്യങ്ങളുടെയും ആവേശഭരിതമായ സഹകരണപ്രവര്‍ത്തനവും ഇതിലുള്‍പ്പെടുന്നു. ചെന്നൈ കോണ്‍സുലേറ്റിന്റെ പരിധിയിലുള്ള വിപുലമായ യു.എസ്. പൗരസമൂഹത്തെയും ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന കോണ്‍സുലര്‍ സേവനങ്ങളെയും പിന്തുണക്കാന്‍ കഴിയുന്നത് അഭിമാനകരമാണ്,’ കോണ്‍സുല്‍ ജനറല്‍ ഹോഡ്ജസ് പറഞ്ഞു.
‘യു.എസ്.ഇന്ത്യ ബന്ധം ഇരുരാജ്യങ്ങളിലെ ജനങ്ങളുടെയും സര്‍ക്കാരുകളുടെയും ബന്ധമാണ് എന്ന വസ്തുത നമ്മുടെ പ്രയത്നങ്ങളുടെ വിശാലത വ്യക്തമാക്കുന്നു. ചെന്നൈ കോണ്‍സുലേറ്റിന്റെ പരിധിയിലുള്ള കര്‍ണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലും ഉടനീളമുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലേക്ക് ഞാന്‍ ഉറ്റുനോക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിന് മുമ്പ് യു.എസ്. സര്‍ക്കാരിന്റെ കോര്‍ഡിനേറ്റര്‍ ഫോര്‍ അഫ്ഗാന് റീലൊക്കേഷന് എഫര്‍ട്സ് (കെയര്‍) ഓഫീസില്‍ മുതിര്‍ന്ന ഉപദേശകനായി പ്രവര്‍ത്തിക്കുകയായിരുന്നു ക്രിസ്റ്റഫര്‍ ഹോഡ്ജസ്. അതിന് മുമ്പ് നിയര്‍ ഈസ്റ്റേണ്‍ അഫയേഴ്സ് ബ്യൂറോയില്‍ അസിസ്റ്റന്‍സ് കോര്‍ഡിനേഷന്‍ ആന്‍ഡ് പ്രസ് ആന്‍ഡ് പബ്ലിക് ഡിപ്ലോമസി വിഭാഗത്തിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും ഇസ്രയേലിപലസ്തീനിയന് അഫയേഴ്സ് വകുപ്പില്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും സേവനമുഷ്ഠിച്ചു. ചെന്നൈയില്‍ വരുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന വിദേശ നിയമനം ജറുസലേമിലെ യു.എസ്. എംബസ്സിയില്‍ അസിസ്റ്റന്റ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്, പലസ്തീന് അഫയേഴ്സ് യൂണിറ്റ് ചീഫ് എന്നീ നിലകളിലായിരുന്നു.
യു.എസ്.ഫോറിന് സര്‍വീസില്‍ രണ്ടായിരാമാണ്ടില്‍ ചേര്‍ന്ന അദ്ദേഹം ജറുസലേം; വിയറ്റ്നാമിലെ ഹനോയ്; ഘാനയിലെ അക്ര എന്നിവിടങ്ങളില്‍ പബ്ളിക് അഫയേഴ്സ് ഓഫീസറായും സെന്‍ട്രല്‍ യൂറോപ്യന്‍ അഫയേഴ്സ് ഓഫീസില്‍ ഓസ്ട്രിയ, ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, ലിക്റ്റന്സ്റ്റൈന് എന്നീ രാജ്യങ്ങളിലെ ഡെപ്യൂട്ടി ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിജിയിലെ സൂവ, ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലും ഔദ്യോഗിക സേവനമുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: