അങ്കമാലി: ചെന്നൈയിലെ ആര് എസ് എസ് ആസ്ഥാനം ബോംബ് വെച്ച് തകര്‍ത്തിട്ട് മൂന്നു പതിറ്റാണ്ടു പിന്നിടുമ്പോളും അന്നത്തെ ദുരന്തക്കാഴ്ച കേശവന്റെ മനസ്സില്‍ മങ്ങാത്ത ഓര്‍മ്മയാണ്. ‘വിവേകാനന്ദന്റെ പുസ്തകവും വിശപ്പും’ ആണ് ജീവന് പോകാതിരിക്കാന്‍ കാരണമെന്ന് കരുതുകയാണ് അങ്കമാലി കുന്നപ്പിള്ളി സ്വദേശിയായ മുന്‍ ആര്‍എസ്എസ് പ്രചാരകന്.
1993 ല്‍ ഓഗസ്റ്റ് 8ന് നടന്ന സംഭവത്തിന് സാക്ഷിയായിരുന്ന സി ജി കേശവന് വേദനയോടെ അത് വിവരിക്കുന്നു.
‘പ്രചാരക് ചുമതല ഒഴിഞ്ഞതിനുശേഷം കൊച്ചിയില്‍ കുരുക്ഷേത്ര പ്രകാശന്റെ ചുമതല ഏറ്റെടുത്തു. അന്ന് ടിറ്റിപി സംവിധാനം ആയിവരുന്നതേയുള്ളു. കുരുക്ഷേത്ര കമ്പൂട്ടര് വാങ്ങിയ കമ്പനി ചെന്നൈയില്‍ ടിറ്റിപി പരിശീലനവും വാഗ്ദാനം ചെയ്തു. അതുപ്രകാരം അവിടെ പോയതാണ്. മുന്‍ പ്രചാരകമായിരുന്നതിനാല് ചെന്നൈ കാര്യാലയത്തിലായിരുന്നു താമസം.
ഓഗസ്റ്റ് 8ന് ഗുരുപൂജ പൊതുപരിപാടിയായിരുന്നു. ആള്‍വാര്‍പേട്ടിലുള്ള നാരദ ഗാനസഭയില്‍ നടക്കുന്ന പരിപാടിക്ക് കാര്യാലയത്തില്‍ താമസിക്കുന്നവരെല്ലാം പോയി. ഉച്ചയക്ക് 12 മണിയോടെ പരിപാടി തീര്‍ന്നു. കാര്യാലയ പ്രമുഖനും പ്രചാരകന്മാരും ഒട്ടോറിക്ഷയില്‍ തിരിച്ചുപോയി. സ്വാമി വിവേകനന്ദന്റെ ചെറിയ പുസ്തകത്തിന്റെ വിതരണം നിശ്ചയിച്ചിരുന്നു. ഞാന്‍ ഉള്‍പ്പെടെ ചിലര്‍ അതിനായി അവിടെ നിന്നു. തിരിച്ച് ബസില്‍ കാര്യാലയത്തിലേക്ക് വന്നു. കാര്യാലയത്തില്‍ താല്‍ക്കാലിക അതിഥികളായി താമസിക്കുന്നവര്‍ക്ക് ഭക്ഷണ വ്യവസ്ഥ ഇല്ലായിരുന്നു. കൂടെ ഉള്ളവര്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചു. അടുത്തുതന്നെയുളള ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് ഉച്ചയ്ക്ക് 2.30 ഓടെ കാര്യാലയത്തിലേക്കു നടക്കുമ്പോളാണ് സ്ഫോടനം. എല്ലാം നിമിഷങ്ങള്‍ കൊണ്ട് തീര്‍ന്നു. കെട്ടിടം ഏറെക്കുറം തകര്‍ന്നു. തലേന്നു കിടന്നുറങ്ങിയ മുറിയൊക്കെ തരിപ്പണമായി. എല്ലാവര്ക്കും പ്രിയങ്കരനായിരുന്ന കാര്യാലയ പ്രമുഖ് കാശിനാഥന്‍ജി ഉള്‍പ്പെടെ 11 പേരുടെ ഛിന്നിചിതറിയ ശരീരമാണ് കണ്ടത്. എന്താണ് സംഭവിച്ചത് എന്നുപോലും അറിയില്ലായിരുന്നു. നഗര്‍ സംഘചാലക് ഉടന്‍ സ്ഥലത്തെത്തി. ഞാന്‍ ഉള്‍പ്പെടെ അവിടെ താമസിച്ചിരുന്ന മറ്റുള്ളവര്‍ക്ക് താമസിക്കാന്‍ വീടുകള്‍ വ്യവസ്ഥ ചെയ്തു. മുസ്ളീം തീവ്രവാദികളാണ് സ്ഫോടനത്തിനു പിന്നിലെന്ന് പോലീസ് അന്നു തന്നെ വ്യക്തമാക്കിയിരുന്നു. വൈകുന്നേരം വിലാപയാത്രയായി എല്ലാവരുടേയും മൃതദേഹങ്ങള്‍ അടുത്തുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോയി. കണ്ണീര് വാര്‍ത്ത് വിലാപയാത്രയിലും പങ്കെടുത്തു.’
ഇടുക്കി ജില്ലകളിലെ വിവിധ താലൂക്കുകളിലും ആറ്റിങ്ങലിലും കോഴിക്കോടും പ്രചാരകനായിരുന്ന സി ജി കേശവന് ഇപ്പോള്‍ ആര്‍എസ്എസ് എറണാകുളം വിഭാഗ് ചുമതല വഹിക്കുന്നു
മരിച്ചവരില്‍ എട്ടുപേരും പ്രചാരകന്മാര് ആയിരുന്നു. മൂന്നുപേര്‍ പ്രവര്‍ത്തകരും. ദേശസാല്‍കൃത ബാങ്ക് ജോലി ഉപേക്ഷിച്ച് ആര്‍എസ്എസ് മുഴുവന്‍ സമയ പ്രവര്‍ത്തകനായ കാശിനാഥ് ജില്ലകളില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് ചെന്നൈയില്‍ കാര്യാലയ പ്രമുഖ് ആയത്. കഠിനമായ ജോലികള്‍ പോലും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിലൂടെയും സഹപ്രവര്‍ത്തകരോട് സൗഹൃദപരമായും ദൃഢമായും ഇടപഴകുന്നതിലൂടെയും അദ്ദേഹം എല്ലാവരിലും പ്രിയങ്കരനായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം സീറ്റില്‍ ചാരിയിരിക്കുകയായിരുന്ന കാശിനാഥന്റെ ദേഹത്തേക്ക് സ്ഫോടനത്തിന്റെ ആഘാതത്തില്‍ താഴേക്ക് വന്ന ബീം വീഴുകയായിരുന്നു.സന്നദ്ധതാ പത്രം സമര്‍പ്പിച്ചതിനാല്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ശങ്കര നേത്രാലയത്തിലേക്ക് ദാനം ചെയ്തു.
അന്വേഷണം പുരോഗമിക്കവെ, ആര്‍എസ്എസിനെ ആക്രമിക്കാന്‍ ജിഹാദികള്‍ രഹസ്യമായി പരിശീലനം നടത്തുകയായിരുന്നുവെന്ന് വെളിപ്പെട്ടു. ഹിന്ദു സമൂഹത്തെ ഭയപ്പെടുത്തുകയായിരുന്നു അവരുടെ ഉദ്ദേശം. ആക്രമണം ദേശീയവാദികളുടെ ഹൃദയത്തില്‍ ശാശ്വതമായ മുറിവുണ്ടാക്കിയെങ്കിലും, അത് ആര്‍എസ്എസുകാരെ നിരാശരാക്കുകയോ പൊതുസമൂഹത്തെ ആര്‍എസ്എസില്‍ നിന്ന് അകറ്റുകയോ ചെയ്തില്ല.
ജയലളിതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഓഫീസ് പുനര്‍നിര്‍മിക്കുന്നതിന് ഫണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ആര്‍എസ്എസ് അത് നിരസിച്ചു. സര്‍ക്കാരില്‍ നിന്ന് പണം സ്വീകരിക്കുന്ന രീതിയില്ലന്നും സ്വന്തം സ്രോതസ്സുകളില്‍ നിന്നുള്ള പണത്തില്‍ നിന്നും സമൂഹത്തില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ചും കാര്യാലയം പുനര്‍ നിര്‍മ്മിക്കുമെന്നും വ്യക്തമാക്കി. വാഗ്ദാനം സ്വീകരിക്കാനുള്ള വിസമ്മതം സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ അതേ സ്ഥലത്ത് ഉദാരമായ പിന്തുണയോടെ വിശാലമായ പുതിയ കെട്ടിടം ഉയര്‍ന്നു. മഠാധിപതികള്‍ മുതല്‍ ദിവസക്കൂലിക്കാര്‍ വരെ ഹിന്ദു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: