നെയ്യാർഡാം: ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തി അമ്പൂരിയിലും കള്ളിക്കാടും വീട്ടമ്മമാരുടെ മാല കവർന്നു. നാലരപ്പവന്റെ മാലകളാണ് രണ്ടു പേരിൽ നിന്നായി മോഷ്ടിച്ചത്. അമ്പൂരി പാലവിളവീട്ടിൽ ശോഭിയുടെ (74) ഒന്നരപ്പവന്റെയും കള്ളിക്കാട് കാലാട്ടുകാവ് റോഡരികത്തുവീട്ടിൽ ജയകുമാരി(50)യുടെ മൂന്ന് പവന്റെയും മാലയാണ് പൊട്ടിച്ചെടുത്തത്. ശനിയാഴ്ച രാവിലെ 7.15-ഓടെയാണ് അമ്പൂരിയിലെ മോഷണം. അമ്പൂരി വില്ലേജോഫീസിന്റെ സമീപത്തായി റോഡിനിരികിൽനിന്നിരുന്ന ശോഭിയുടെ അടുത്തായി ബൈക്ക് നിർത്തിയശേഷം ബൈക്കിലിരുന്നവർ അമ്പൂരി എവിടെയാണെന്ന് ചോദിച്ചു. വഴി പറഞ്ഞുകൊടുക്കുന്നതിനിടയിൽ മാലപ്പൊട്ടിച്ചെടുത്ത് മോഷ്ടാക്കൾ കടന്നുകളഞ്ഞു.
കാലാട്ടുകാവിൽ രാവിലെ ഏഴരയോടെ ജയകുമാരി പാൽ വാങ്ങിവരുമ്പോൾ പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേർ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. സംഭവം അറിഞ്ഞ ചിലർ കള്ളിക്കാടിനു സമീപം ഈ ബൈക്ക് തടഞ്ഞെങ്കിലും ആയുധം കാട്ടി ഭീഷണിപ്പെടുത്തി സംഘം കടന്നു. ജയകുമാരി നെയ്യാർഡാം പോലീസിൽ പരാതി നൽകി.
കള്ളിക്കാട് നടന്ന സംഭവത്തിൽ മാല പിടിച്ചുപറിച്ചതായി സംശയിക്കുന്ന ബൈക്ക് യാത്രക്കാരുടെ സി.സി.ടി.വി. ദൃശ്യം നെയ്യാർഡാം പോലീസിനു ലഭിച്ചിട്ടുണ്ട്. വെള്ളറട, നെയ്യാർഡാം പോലീസ് കേസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: