‘പ്രതിച്ഛായയോ? പോകാന്‍ പറ.’ മന്ത്രി മുഹമ്മദ്റിയാസിന്റെ അഭിപ്രായമാണിത്. മന്ത്രിമാര്‍ പ്രതിച്ഛായയുടെ തടവറയിലായിക്കൂടാ. പാര്‍ട്ടിയുടെ പ്രതിച്ഛായ നോക്കിയാല്‍ മതി. അങ്ങനെയാകുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ മുഖം നോക്കാതെ ആഞ്ഞടിക്കാനാകും, ആകണം. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ വരുമ്പോള്‍ മന്ത്രിമാര്‍ പ്രതികരിക്കണമെന്ന് മുഹമ്മദ്റിയാസ് എന്തുകൊണ്ട് പറഞ്ഞു എന്ന ചോദ്യമാണ് പരക്കെ. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനായതുകൊണ്ടാണോ മുഹമ്മദ് റിയാസിന് പൊള്ളിയത്? സംശയം സ്വാഭാവികം.
മുഖ്യമന്ത്രിക്കെതിരായ ആരോപണം കടുക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ലൈഫ്മിഷന് കോഴയില്‍ തുടങ്ങി, സ്വര്‍ണക്കടത്ത്, ബിരിയാണിച്ചെമ്പ് കടത്ത്, എഐ ക്യാമറ, കെ-ഫോണ്‍ തുടങ്ങി ആരോപണശരങ്ങള്‍ തുരുതുരാ വരുന്നു. പ്രതികരിക്കാന്‍ ആരുമില്ലെന്നുതന്നെ പറയാം. എല്ലാത്തിനും മുഖ്യമന്ത്രി തന്നെ വാ തുറക്കണം. പക്ഷേ മുഖ്യമന്ത്രിക്ക് പല്ല് വേദനയാണ്. പഴയ വിജയനാണെങ്കില്‍ പല്ലുവേദനയും എല്ലുവേദനയുമെല്ലാം പുല്ലുപോലെ വലിച്ചെറിഞ്ഞേനെ. ഇപ്പോഴത്തേത് പഴയ വിജയനല്ലല്ലോ.
ലൈഫ് മിഷന്, ദുബായി ഇടപാടുകള്‍ സംബന്ധിച്ച് ഒരു വനിത പറയാത്ത അസഭ്യങ്ങളില്ല. ഉളുപ്പുണ്ടെങ്കില്‍ ഒരു വക്കീല്‍ നോട്ടീസെങ്കിലും കൊടുക്കുമായിരുന്നു. ഒന്നും സംഭവിച്ചില്ല. എല്ലാം വന്നപോലെ പോകുമെന്നാണ് കരുതിയത്. പക്ഷേ ഇതങ്ങനെ പോകുമെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേസില്‍ ഒരു പുള്ളി ജയിലില്‍ കഴിയുകയാണല്ലോ, ശിവശങ്കരന്. അദ്ദേഹം ജാമ്യത്തിലിറങ്ങാന്‍ ആവുന്ന പണിയെല്ലാം ചെയ്തു. പക്ഷേ കോടതി തുണയ്ക്കുന്നില്ല. ഇഡി വിടുന്നുമില്ല. ഇനിയുള്ളത് സിഎം രവീന്ദ്രനാണ്. ഇഡി ചോദ്യം ചെയ്തു വിട്ടു. ഇനി പിടികൂടുമോ എന്തോ?
ഇത്രയൊക്കെയായിട്ടും ഒരു പുങ്കവനും മിണ്ടുന്നില്ല. ആകെ മിണ്ടിയത് എഐ ക്യാമറ വിഷയത്തില്‍ വ്യവസായമന്ത്രി മാത്രം. അദ്ദേഹം പറയുന്നതാകട്ടെ അപ്പടി അക്ഷരപിശകാണ്. പിന്നെങ്ങനെ മുഹമ്മദ് റിയാസ് മിണ്ടാതിരിക്കും? പിണറായിയെന്നാല്‍ മുഖ്യമന്ത്രിയായതിനുശേഷമുള്ള ബന്ധമല്ലല്ലോ. അതിനുമുമ്പുതന്നെ നല്ല ബന്ധമല്ലേ. ഫാരിസ് അബൂബക്കറുമായുള്ള അടുപ്പത്തില്‍ നിന്ന് തുടങ്ങി ക്രൈം നന്ദകുമാറിനെ അടിച്ചവശനാക്കിയതുമുതലുള്ള കാതലായ ബന്ധമല്ലേ. ഇപ്പോള്‍ മരുമകന് മന്ത്രിയെന്ന പദവിയിലും.
പറയാനുള്ളതെല്ലാം റിയാസ് അഭിമുഖത്തില്‍ പറഞ്ഞതാണ്. 20 മന്ത്രിമാരുണ്ട്. എന്നിട്ടും ഒരാളും മുഖ്യമന്ത്രിക്കുവേണ്ടി പറയാനില്ലെന്ന് വന്നാല്‍ എങ്ങനെയാകും. മുഖ്യമന്ത്രിയെ ഭയന്നാണ് മന്ത്രിമാരാരും മിണ്ടാത്തതെന്ന് പറഞ്ഞാല്‍ സമ്മതിച്ചു കൊടുക്കാനാകുമോ? ഏതായാലും റിയാസിന്റെ അഭിപ്രായത്തെ പരസ്യമായി ഒരു മന്ത്രിയും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തില്ല. പക്ഷേ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ താത്വിക വിശദീകരണം വന്നു. ‘അതു തന്നെയാണ് പാര്‍ട്ടിയുടെ അഭിപ്രായം’. പ്രതിച്ഛായ നോക്കി നിന്ന് നേരം വെളുപ്പിച്ചിട്ട് കാര്യമില്ല. പറയേണ്ടത് പറഞ്ഞേ തീരു.
രാഷ്ട്രീയം പറയാന്‍ ഉത്തരവാദപ്പെട്ടവരാണ് മന്ത്രിമാര്‍ എന്ന് തറപ്പിച്ചും ഉറപ്പിച്ചും പറയുമ്പോള്‍ ഒരു സംശയം. സിപിഐ അടക്കമുള്ള ഘടകകക്ഷി മന്ത്രിമാരില്ലെ? എല്ലാത്തിനും കയറി അഭിപ്രായം കാച്ചുന്ന സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന് ‘ക മ’ എന്നൊരക്ഷരം മിണ്ടിയില്ലല്ലൊ. മന്ത്രിമാര്‍ക്ക് മാത്രമാണോ ഉത്തരവാദിത്തം! മുന്നണി നേതാക്കളും മിണ്ടേണ്ടതല്ലെ. ആര്‍ക്കും മിണ്ടാന്‍ പറ്റാത്ത ഏടാകൂടത്തില്പ്പെട്ടിരിക്കുന്നു എന്ന് സാരം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയാണ് മുഖ്യമായും ആരോപണം. എല്ലാം സ്വന്തം കാര്യം സ്വകാര്യം എന്ന മട്ടിലായി. ആ സ്വകാര്യത്തിലേക്കാണ് മരുമകന് കേറി കളിച്ചത്. മന്ത്രിമാരുടെ തൊണ്ടയില്‍ കോലിട്ടിളക്കുന്നതുപോലെ. കമ്മ്യൂണിസമല്ലെ അതിന്റെ ചട്ടക്കൂട് ഇളക്കിയും പ്രതികരിക്കണമെന്ന ആവശ്യം ഉയരുമ്പോള്‍ ‘കമ്മ്യൂണിസം മണ്ണാങ്കട്ട’ എന്നുതന്നെയാണ് അതിന്റെ ന്യായം. എല്ലാം കുടുംബ കാര്യമെന്ന് റിയാസ് ഭംഗ്യന്തരേണ പറയുമ്പോള്‍ അതില്‍ കയറിപ്പിടിച്ചാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ കുടുംബമാണ് ആരോപണവിധേയമായി നില്‍ക്കുന്നത്. അവര്‍ക്കുവേണ്ടി മറ്റ് മന്ത്രിമാര്‍ രംഗത്തുവരണമെന്ന് പറയുന്നതിനെ വിമര്‍ശിക്കുന്ന സതീശന് സോണിയാകുടുംബത്തിനുവേണ്ടി വിയര്‍പ്പൊഴുക്കുന്നതെന്ന് മറന്നുപോവുകയാണ്. അമ്മയേയും മകനേയും ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ വേലി തകര്‍ത്തല്ലെ പ്രതിഷേധം കണ്ടത്. അമ്മയും മോളും പെണ്ണുതന്നെ എന്ന് പറയാറില്ലെ. അതുപോലെ. സിപിഎമ്മും കോണ്‍ഗ്രസും ഇന്ന് ഒരേ തൂവല്‍ പക്ഷികളാണ്. നാഷണല്‍ ഹറാള്‍ഡ് കേസ് കോടതിയില്‍ കിടക്കുകയല്ലെ. അതില്‍ പാര്‍ട്ടിയുടെ നിലപാടെന്താണ്. രണ്ടും കണക്കാണ് സര്. ആരോപണങ്ങളില്‍ മുഖ്യമന്ത്രി തീര്‍ത്തും മൗനത്തിലാണ്. അതിനിടയില്‍ മന്ത്രിമാര്‍ പ്രതികരിക്കണമെന്നാണ് മന്ത്രി റിയാസ് പറയുന്നത്. ആരുടെ നിലപാട് കൊള്ളണം, ആരുടെ വാക്ക് തള്ളണം എന്നതു തന്നെയല്ലെ കാതലായ വിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: