കൊല്ലം: സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ അപകടമരണ വാര്‍ത്തയുടെ ഞെട്ടലിലാണ് സുഹൃത്തുക്കളും ആരാധകരും. ജീവിത ദുരിതങ്ങള്‍ക്കിടയിലും കാല്‍നൂറ്റാണ്ടിലധികമായി കാണികളെ ചിരിപ്പിച്ച മുഖമാണ് സുധി.
തമാശകള്‍ പറഞ്ഞ് പൊട്ടച്ചിരിക്കുമ്പോഴും ഉള്ളുനീറുന്നതായിരുന്നു സുധിയുടെ കഥ. ആദ്യഭാര്യ വിട്ടുപോയ സംഭവമാണ് വ്യക്തി ജീവിതത്തില്‍ സുധിയെ ഏറെ തളര്‍ത്തിയത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ജീവിതത്തിലേക്ക് കൂട്ടിയ ഭാര്യ മകന് രാഹുലിന് ഒന്നരവയസ്സുള്ളപ്പോള് മറ്റൊരാള്‍ക്കൊപ്പം പോയി. ഒരുപാട് കഷ്ടപ്പെട്ടാണ് സുധിയും മകനും ജീവിതവുമായി മുന്നോട്ട് പോയത്. സ്റ്റേജ് ഷോകള്‍ക്കെല്ലാം കുഞ്ഞായ മകനെയും കൂടെ കൂട്ടിയാണ് സുധി പോയിരുന്നത്.
വര്‍ഷങ്ങള്‍ക്കു ശേഷമാണ് രേണു സുധിയുടെ ജീവിത സഖിയാകുന്നത്. ഇരുവര്‍ക്കും ഋതുല്‍ എന്ന മകനും ജനിച്ചു. സങ്കട കടല്‍ താണ്ടി ജീവിതം തിരിച്ചുപിടിച്ച സന്തോഷത്തിലായിരുന്നു സുധി. കൂടാതെ ചാനല്‍ പരിപാടികള്‍ക്ക് പുറമെ ഒട്ടേറെ സിനിമകളിലും അഭിനയിക്കാന്‍ സാധിച്ചതോടെ കൊല്ലം സുധി എന്ന പേര് പ്രേക്ഷകര്‍ക്ക് സുപരിചിതമായി.
എന്നാല്‍, ഈ സന്തോഷത്തിന് അധിയം ആയുസ്സുണ്ടായില്ല. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനപകടത്തില്‍ ഒരുപിടി നല്ല ഓര്മകാഴ്ചകള് സമ്മാനിച്ച് സുധിയുടെ ജീവിതത്തിന് തിരശീലവീണു.
അതുല്യപ്രതിഭയുടെ ആകസ്മിക വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചതെന്ന് ഷമ്മിതിലകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കഷ്ടപ്പാടുകളുടെയും പ്രതിസന്ധിയുടെയും നാളുകള്‍ അതിജീവിച്ചു ഒരു സന്തോഷ ജീവിതം തുടങ്ങുന്ന വേളയിലാണ് വേര്‍പാട് എന്നത് വേദനാജനകം തന്നെയെന്നും ഷമ്മി തിലകന് കൂട്ടിച്ചേര്‍ത്തു.
വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു നടന് ടിനിടോമിന്റെ പ്രതികരണം. ഇന്നലെ വേദിയില്‍ ഒരുമിച്ചായിരുന്നുവെന്നും പിരിയുന്നതിനു മുന്‍പ് ഒന്നിച്ച് ഫോട്ടോ എടുത്തിരുന്നുവെന്നും ഒടുവില്‍ എടുത്ത ചിത്രം പങ്കുവച്ച് ടിനിടോം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഞെട്ടിക്കുന്ന മരണ വാര്‍ത്ത കേട്ടാണ് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റതെന്ന് ഹാസ്യതാരം ഉല്ലാസ് പന്തളം പറഞ്ഞു. എത്ര വേദന ഉള്ളിലുണ്ടായാലും സുധിച്ചേട്ടന് ഞങ്ങളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളൂവെന്നും താങ്ങാനാവുന്നില്ലെന്നും അവതാരിക ലക്ഷ്മി നക്ഷത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: