തിരുവനന്തപുരം: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സുവർണ ലിപികളിൽ ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. ഏറ്റവും ധന്യമായ ആ മുഹൂർത്തത്തിന് സാക്ഷികളായ നാം ഏവരും പുതുചരിത്രത്തിന്റെ ഭാഗമായി. ഈ സുദിനത്തിന് കളങ്കമായത് കോൺഗ്രസിന്റെയും അവർക്കൊപ്പം നിൽക്കുന്ന പ്രതിപക്ഷ പാർട്ടികളുടെയും നിലപാട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിന്റെ പവിത്രതയും ഉദ്ഘാടന ദിവസത്തിന്റെ പ്രാധാന്യവും കോൺഗ്രസ് നേതൃത്വത്തിന് മനസ്സിലാവേണ്ടതായിരുന്നു. രാഹുൽ ഗാന്ധിയെ പോലുള്ള രാഷ്ട്രീയ കുബുദ്ധികൾ നയിക്കുന്ന കോൺഗ്രസ് സമ്പൂർണ തകർച്ചയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാർലമെന്റിന്റെ ഉദ്ഘാടന വേളയിൽ കോൺഗ്രസിന്റെ ഒരു എം.പി പോലും പങ്കെടുത്തില്ല. ഇനി അറംപറ്റി പോകുമോയെന്നറിയില്ല. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പാർലമെന്റിനകത്ത് ഉണ്ടാകാനിടയില്ല. ഇപ്പോഴെങ്കിലും ആ മഹാ മന്ദിരം കാണാനുള്ള ഭാഗ്യം ഉണ്ടാകുമായിരുന്നു.
എന്താണ് കോൺഗ്രസിനെ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിയ്ക്കുന്ന ഘടകം? രാഷ്ട്രപതിയുടെ അസാന്നിധ്യമാണോ? – ഗോത്രവർഗക്കാരിയായ രാഷ്ട്രപതിയെ പരാജയപ്പെടുത്താനും അവഹേളിയ്ക്കാനും മാത്രം ശ്രമിച്ച കോൺഗ്രസ് പാർട്ടിയും പ്രതിപക്ഷവും പൊടുന്നനെ രാഷ്ട്രപതി സ്നേഹം കാണിക്കുന്നതിന് പിന്നിൽ രാഷ്ട്രീയം മാത്രമാണുള്ളത്. നെഹ്റു ഉപയോഗിച്ച് കോൺഗ്രസ് ഒളിപ്പിച്ചുവച്ച ചോളച്ചെങ്കോൽ പാർലമെന്റിൽ ഒളിപ്പിച്ചതാവണം കോൺഗ്രസിനെ ചൊടിപ്പിച്ച ഘടകം. ചോളച്ചെങ്കോൽ അധികാര കൈമാറ്റത്തിന്റെ ചിഹ്നം മാത്രമല്ല ഭാരതത്തിന് അഭിമാനമായിരുന്ന ചോള സാമ്രാജ്യത്തിന്റെ ജ്വലിക്കുന്ന ഓർമ കൂടിയാണ്.
രാജ്യത്തിന്റെ നല്ലതൊന്നും അവശേഷിയ്ക്കാൻ ആഗ്രഹിക്കാത്ത കോൺഗ്രസ് നീതിയുടെ ചിഹ്നമായ ചെങ്കോലിനെ അംഗീകരിക്കില്ലെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: